രാജ്യത്തെ വിഭജിക്കാൻ കോൺഗ്രസ് ശ്രമം: മോദി
ന്യൂഡൽഹി ∙ ദക്ഷിണേന്ത്യ, ഉത്തരേന്ത്യ എന്ന നിലയിൽ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം കോൺഗ്രസ് ഉപേക്ഷിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രം അവഗണന കാട്ടുന്നുവെന്നാരോപിച്ച് കർണാടക സർക്കാർ ഇന്നലെ ഡൽഹിയിൽ സംഘടിപ്പിച്ച സമരം സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമർശം.
ഉന്നമിട്ടത് കോൺഗ്രസിനെയും കർണാടക സർക്കാരിനെയുമാണെങ്കിലും സമാന വിഷയത്തിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിലെ സർക്കാർ ജന്തർ മന്തറിൽ നടത്തുന്ന സമരത്തിനുള്ള പരോക്ഷ മറുപടി കൂടിയാണു മോദി നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാന സമ്മേളനത്തിലെ പ്രസംഗത്തിൽ, അടുത്ത 5 വർഷം തന്റെ സർക്കാർ നടപ്പാക്കാനിരിക്കുന്ന പദ്ധതികൾ പ്രകടനപത്രികയിലെന്ന പോലെ അദ്ദേഹം അക്കമിട്ടു നിരത്തി; ഭക്ഷ്യ സുരക്ഷ, ആയുഷ്മാൻ ഭാരത് അടക്കമുള്ള പദ്ധതികൾ തുടരുമെന്നും വ്യക്തമാക്കി.
രാജ്യത്തെ വിഭജിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് അദ്ദേഹം വിമർശിച്ചു. മനുഷ്യ ശരീരം പോലെയാണ് ഈ രാജ്യം. ഏതെങ്കിലും ഭാഗം വേദനിച്ചാൽ അതു ശരീരം മുഴുവൻ അനുഭവപ്പെടും. ഏതെങ്കിലുമൊരു പ്രദേശം വികസിച്ചില്ലെങ്കിൽ, രാജ്യത്തിനു വളരാനാകില്ല – മോദി പറഞ്ഞു. ഇതിനു മറുപടിയായി, മണിപ്പുരിന്റെ വേദന രാജ്യത്തിന് അനുഭവപ്പെടുന്നില്ലേ എന്ന ചോദ്യം പ്രതിപക്ഷമുയർത്തി.
ബി.ആർ.അംബേദ്കർക്കു ഭാരതരത്നം നൽകുന്നതു ചിന്തിക്കുക പോലും ചെയ്യാത്ത പാർട്ടിയാണു കോൺഗ്രസ്. നിർധനർക്ക് അവകാശങ്ങൾ നിഷേധിക്കുകയും സ്വന്തം കുടുംബാംഗങ്ങൾക്കു മാത്രം ഭാരതരത്നം നൽകുകയും ചെയ്ത കോൺഗ്രസ് സാമൂഹികനീതിയെക്കുറിച്ച് ഇപ്പോൾ ഞങ്ങളെ പഠിപ്പിക്കുകയാണ്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ നിരന്തരം വീഴ്ത്തുകയും മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്ത പാർട്ടി ജനാധിപത്യം, ഫെഡറലിസം എന്നിവയെക്കുറിച്ചു പ്രഭാഷണം നടത്തുകയാണ്. കോൺഗ്രസിന്റെ 10 വർഷത്തെ ഭരണത്തിൽ സാമ്പത്തികമായി ലോകത്തിലെ ഏറ്റവും ദുർബലമായ 5 രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. ഞങ്ങളുടെ 10 വർഷത്തെ ഭരണത്തിൽ ആദ്യ 5 സാമ്പത്തിക ശക്തികളിലൊന്നായി രാജ്യം മാറി – മോദി പറഞ്ഞു.
സ്റ്റാർട്ട് ആകാതെ ‘യുവരാജാവ്’
യുവരാജാവ് എന്നു വിശേഷിപ്പിച്ച് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പരിഹസിച്ചു. യുവരാജാവിനു കോൺഗ്രസ് ഒരു സ്റ്റാർട്ടപ് തുടങ്ങിയിട്ടുണ്ട്. പക്ഷേ, അദ്ദേഹം ഒരിക്കലും സ്റ്റാർട്ട് ആവുകയോ ഉയരുകയോ ഇല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റ് കടക്കില്ലെന്ന വെല്ലുവിളി ബംഗാളിൽ നിന്നുണ്ടായി. ആ 40 സീറ്റെങ്കിലും അവർക്കു ലഭിക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു – മോദി പറഞ്ഞു.
English Summary:
Congress trying to divide country alleges Narendra Modi
Source link