സമനില വിടാതെ കേരളം
റായ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സമനിലയിൽനിന്നു കരകയറാതെ കേരളം. എലൈറ്റ് ഗ്രൂപ്പ് ബിയിലെ അഞ്ചാം മത്സരത്തിൽ കേരളം ഛത്തീസ്ഗഡിനോടു സമനില വഴങ്ങി. കേരളമുയർത്തിയ 290 റണ്‍സ് വിജയലക്ഷ്യത്തിലേക്കു രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഛത്തീസ്ഗഡ് ഒരു വിക്കറ്റിന് 79 എന്നനിലയിൽ നിൽക്കേ മത്സരം അവസാനിപ്പിക്കുകയായിരുന്നു. സ്കോർ: കേരളം 350, 251/5 ഡിക്ലയേർഡ്. ഛത്തീസ്ഗഡ് 312, 79/1. ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിയ കേരളത്തിനു കൂടുതൽ പോയിന്റ് ലഭിച്ചു. മത്സരം സമനിലയിൽ അവസാനിച്ചു. എലൈറ്റ് ഗ്രൂപ്പ് ബിയിൽ കേരളത്തിന് ഇതുവരെ ഒരു ജയംപോലും നേടാനായിട്ടില്ല. നാലു സമനിലയും ഒരു തോൽവിയുമാണ്. ഇനി അവശേഷിക്കുന്ന മത്സരങ്ങൾ ശക്തരായ ബംഗാളിനും ആന്ധ്രപ്രദേശിനും എതിരേയാണ്. രണ്ടാം ഇന്നിംഗ്സിൽ 14 റണ്‍സെടുത്ത ശശാങ്ക് ചന്ദ്രശേഖറിന്റെ വിക്കറ്റാണു ഛത്തീസ്ഗഡിന് നഷ്ടമായത്. ബേസിൽ തന്പിക്കായിരുന്നു വിക്കറ്റ്. എന്നാൽ ഋഷഭ് തിവാരി (39), അഷുതോഷ് സിംഗ് (25) എന്നിവർ ക്രീസിൽ ഉറച്ചുനിന്നു. ഇതോടെ സമനിലയിൽ പിരിയാൻ തീരുമാനിച്ചു. നേരത്തേ, രണ്ടാം ഇന്നിങ്സിൽ കേരളം 5ന് 251 എന്ന നിലയിൽ നിൽക്കേ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
94 റണ്‍സ് നേടിയ സച്ചിൻ ബേബിയാണു കേരളത്തിന്റെ ടോപ് സ്കോറർ. ആദ്യ ഇന്നിംഗ്സിൽ സച്ചിൻ 91 റണ്‍സെടുത്തിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ 50 റണ്‍സുമായി പുറത്താവാതെ നിന്നു. നാലാംദിനം 2ന് 69 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് വിഷ്ണു വിനോദ് (24), ക്യാപ്റ്റൻ സഞ്ജു സാംസണ് (24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്. പിന്നീട് സച്ചിൻ ബേബിയും അസ്ഹറുദിനും ചേർന്ന് 102 റണ്‍സ് കൂട്ടുകെട്ട് മികച്ച നിലയിലെത്തിച്ചു.
Source link