ധോണിയുടെ മാനനഷ്ട കേസ്: മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ ശിക്ഷയ്ക്ക് സ്റ്റേ
ചെന്നൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്.ധോണി നൽകിയ കോടതിയലക്ഷ്യ കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സമ്പത്ത് കുമാറിന് മദ്രാസ് ഹൈക്കോടതി വിധിച്ച 15 ദിവസത്തെ തടവുശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. കോടതിക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് 2022ലാണ് ധോണി ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയത്.
2013ലെ ഐപിഎൽ മത്സരങ്ങളിലെ ഒത്തുകളി, വാതുവയ്പ് കേസുകൾ അന്വേഷിച്ച സമ്പത്ത് കുമാർ, ധോണിക്കു വാതുവയ്പിൽ പങ്കുണ്ടെന്ന പരാമർശങ്ങൾ നടത്തിയിരുന്നു. തുടർന്നു ധോണി 100 കോടി രൂപ നഷ്ടപരിഹാരം തേടി മാനനഷ്ടക്കേസ് നൽകി. കേസ് പരിഗണിച്ച കോടതി ധോണിക്കെതിരെയുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ, സമ്പത്ത് നൽകിയ മറുപടി സത്യവാങ്മൂലത്തിൽ കോടതികളെ വിമർശിച്ചതിനെതിരെ ധോണി കോടതിയെ സമീപിക്കുകയായിരുന്നു.
English Summary:
Relief for IPS officer Sampath Kumar in 100 crore compensation case given by Mahendra Singh Dhoni
Source link