വെടിനിർത്തൽ ചർച്ചയ്ക്ക് ബ്ലിങ്കൻ പശ്ചിമേഷ്യയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വീണ്ടും പശ്ചിമേഷ്യയിൽ. ഹമാസ്-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബ്ലിങ്കൻ നടത്തുന്ന അഞ്ചാമത്തെ പശ്ചിമേഷ്യ സന്ദർശനമാണിത്. ഇന്നലെ അദ്ദേഹം സൗദി തലസ്ഥാനമായ റിയാദിൽ വിമാനമിറങ്ങി. അഞ്ചു ദിവസത്തിനിടെ സൗദി, ഈജിപ്ത്, ഖത്തർ, ഇസ്രയേൽ, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലെ നേതാക്കളെ അദ്ദേഹം കാണും. ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു ബ്ലിങ്കൻ പശ്ചിമേഷ്യയിലേക്കു പോകുന്നതെന്നു യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ വിശദീകരിച്ചു. ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനു പകരം ഗാസയിലെ യുദ്ധം നിർത്തിവയ്ക്കാനുള്ള ധാരണയാണു പരിഗണനയിലുള്ളത്. അമേരിക്ക ഇക്കാര്യത്തിൽ നിരന്തരം സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഹമാസാണ് തീരുമാനം എടുക്കേണ്ടതെന്നു സള്ളിവൻ കൂട്ടിച്ചേർത്തു. ഗാസയിലെ മനുഷ്യപ്രതിസന്ധി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ബ്ലിങ്കനും യാത്ര പുറപ്പെടുംമുന്പായി പറഞ്ഞു.
ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27,000ത്തിനു മുകളിലായി. തകർന്നു തരിപ്പണമായ ഗാസയിൽ ജനം നേരിടുന്ന ദുരിതത്തിനു കണക്കില്ല. ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങൾക്ക് അമേരിക്ക ശക്തമായ തിരിച്ചടി നല്കുന്ന പശ്ചാത്തലത്തിലും ബ്ലിങ്കന്റെ സന്ദർശനം ശ്രദ്ധേയമാണ്. യെമൻ, സിറിയ, ഇറാക്ക് എന്നിവിടങ്ങളിലെ യുഎസ് ആക്രമണങ്ങൾ സംഘർഷം വർധിപ്പിക്കുമെന്ന ഭീതി മേഖലയിലെ ഭരണകൂടങ്ങൾക്കുണ്ട്. യുദ്ധാനന്തര ഗാസയുടെ ഭാവി സംബന്ധിച്ച് ഇസ്രയേലിനുള്ള അഭിപ്രായവ്യത്യാസവും ബ്ലിങ്കന്റെ സന്ദർശനത്തിൽ ചർച്ചയാകുമെന്നാണു സൂചന. പലസ്തീൻ രാഷ്ട്രം രൂപീകരിക്കണമെന്ന അമേരിക്കൻ ആവശ്യത്തോട് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന് എതിർപ്പാണ്.
Source link