നവോദയ അപ്പച്ചൻ എന്ന ‘ബുദ്ധിയും ശക്തിയും’
വിടപറഞ്ഞ പ്രമുഖ നിർമാതാവും നവോദയ പിക്ചേഴ്സ് സാരഥിയുമായിരുന്ന നവോദയ അപ്പച്ചനെ അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ വേളയിൽ മകൻ ജോസ് പുന്നൂസ് അനുസ്മരിക്കുന്നു
എല്ലാ പ്രതിസന്ധികളും തരണം ചെയ്യാനുള്ള തന്റേടം. അതാണു ഞങ്ങളുടെ പപ്പയുടെ കരുത്ത്. കുട്ടനാട് പുളിങ്കുന്നിലെ മാളിയപ്പുരയ്ക്കൽ തറവാട്ടിൽ നിന്ന് പപ്പയെ (നവോദയ അപ്പച്ചൻ) ഞങ്ങളുടെ വൈദികനായ അങ്കിളും മറ്റും ചേർന്ന് മാന്നാനത്ത് സെമിനാരിയിൽ ചേർക്കാൻ കൊണ്ടുപോകുന്നത് അദ്ദേഹത്തിന്റെ ഏഴാം വയസ്സിലാണ്. കുട്ടനാട്ടിലൊക്കെ ജീവിച്ച് ബോറടിച്ചില്ലേ ഒരു യാത്ര പോകാം എന്നു പറഞ്ഞ് കൊണ്ടുപോയതാണ്. ലോകം കാണാമല്ലോ എന്നു കരുതി പപ്പയും സന്തോഷത്തോടെ പോയി. അവിടെ ചെന്നപ്പോഴാണറിഞ്ഞത് സെമിനാരിയിൽ ചേർക്കാനാണെന്ന്. അദ്ദേഹം അവിടെ 17 വയസ്സുവരെ പഠിച്ചു. വൈദികനാകാൻ എം.സി.പുന്നൂസിന് പറ്റില്ല, ആളൽപ്പം കുസൃതിയുള്ള കൂട്ടത്തിലാണെന്നായിരുന്നു വൈദികരുടെ നിഗമനം. ഇക്കാര്യം വീട്ടിലും അറിയിച്ചു. നാട്ടിൽ നിന്ന് അച്ചനാകാൻ പോന്നിട്ട് അവിടെ നിന്ന് പുറത്താക്കിയെന്ന് അറിയുന്നത് നാണക്കേടാണെന്നു പപ്പയ്ക്കും തോന്നി.
അങ്ങനെ വീട്ടുകാർ വന്നു നിർബന്ധിച്ചു വീണ്ടും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പപ്പയുടെ മൂത്ത ജ്യേഷ്ഠനാണ് നിർമാതാവ് ഉദയാസ്റ്റുഡിയോ ഉടമ കുഞ്ചാക്കോ. രണ്ടു പേരും തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്. കുഞ്ചാക്കോ സിനിമയിൽ വലിയ പ്രതിസന്ധി നേരിട്ട കാലത്താണ് പപ്പയെത്തുന്നത്. ഞാനുണ്ടാക്കിയ വീടും സാമ്രാജ്യവുമൊന്നും ജപ്തിയാകുന്നതു കാണാനുള്ള ശേഷിയില്ല നീയിത് നോക്കിച്ചെയ്യണമെന്ന് പറഞ്ഞ് കുഞ്ചാക്കോ അനിയനെ കാര്യങ്ങളേൽപ്പിച്ച് മലബാറിലെ തോട്ടത്തിലേക്കു പോയി.
പപ്പ അന്നു തീരെ ചെറുപ്പമാണ്. എന്നാലും കേസ് നടത്തി പ്രതിസന്ധികളെല്ലാം പരിഹരിച്ചു. രണ്ടാം വരവിൽ ഉദയയുടെ ശക്തി കുഞ്ചാക്കോയും ബുദ്ധി അപ്പച്ചനുമാണെന്ന് എല്ലാവരും പറയുമായിരുന്നു. പിന്നീട് നവോദയ ആരംഭിച്ചപ്പോൾ നവോദയയുടെ ശക്തി അപ്പച്ചനും ബുദ്ധി ജിജോയുമാണെന്ന് ഞങ്ങളും പറഞ്ഞു. ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അസാമാന്യമായ വിരുതുള്ളയാളായിരുന്നു പപ്പ. ഏതൊരു വ്യക്തിക്കും നൻമയുണ്ടെന്ന ബോധ്യത്തോടെ സമീപിക്കണമെന്നാണ് അദ്ദേഹം ഞങ്ങൾക്കു നൽകിയ ഉപദേശം.
ജിജോ പുന്നൂസും ജോസ് പുന്നൂസും
സിനിമയിൽ മാറ്റങ്ങളുടെ പാതയിൽ സഞ്ചരിക്കാൻ ഞങ്ങൾക്ക് കരുത്തു നൽകിയത് പപ്പയാണ്. പപ്പയിലുള്ള വിശ്വാസമാണ് പരീക്ഷണങ്ങൾ ഏറ്റെടുക്കാൻ തിയറ്ററുകാരെയും പ്രേരിപ്പിച്ചത്. ആദ്യ സിനിമാസ്കോപ്പ് വന്നപ്പോൾ ലെൻസുമായി ഞങ്ങൾ തന്നെയാണ് തിയറ്ററുകളിലെത്തിയത്. ആദ്യ ത്രീഡി ചിത്രം മൈഡിയർ കുട്ടിച്ചാത്തൻ കേരളത്തിൽ 12 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തത്. അന്ന് എല്ലാ തിയറ്ററുകളിലും നേരിട്ടു പോയി വേണ്ട ഒരുക്കങ്ങൾ ചെയ്തതും ഞങ്ങൾ ടീമായിട്ടായിരുന്നു. പപ്പയിലുള്ള വിശ്വാസം കൊണ്ടാണ് തിയറ്ററുകാർ അന്ന് ഒപ്പം നിന്നത്. പുതിയ പരീക്ഷണങ്ങൾ പലതും അദ്ദേഹം നടപ്പാക്കി.
‘കടത്തനാട്ട് മാക്കം’ സിനിമയുടെ ചിത്രീകരണത്തിനിടെ നവോദയ അപ്പച്ചൻ മറ്റ് അണിയറ പ്രവർത്തകർക്കൊപ്പം
കുഞ്ചാക്കോയുടെ മരണത്തിനു ശേഷമാണു നവോദയ സ്ഥാപിച്ചത്. നവോദയ എന്ന പേര് പ്രേക്ഷകരിൽ നിന്നു മത്സരം നടത്തി തിരഞ്ഞെടുത്തതാണ്. പ്രേംനസീറിനെ വച്ച് എല്ലാവരും ചിത്രം നിർമിച്ചുകൊണ്ടിരുന്നപ്പോൾ പപ്പ മോഹൻലാൽ ഉൾപ്പെടെയുള്ള പുതുമുഖങ്ങളെ വച്ച് മഞ്ഞിൽവിരിഞ്ഞ പൂക്കൾ ചെയ്തു. അന്നു പലരും മുഖം ചുളിച്ചു. ആ സിനിമയുടെ പാട്ടുകൾ ടിഡികെയുടെ കസെറ്റുകളിലാക്കി കേരളത്തിലെമ്പാടും മൈക്ക് ഓപ്പറേറ്റർമാർക്ക് എത്തിക്കുകയാണ് ആദ്യം ചെയ്തത്. സിനിമ പതിയെ ഹിറ്റായപ്പോൾ പാട്ടുകൾ പെട്ടെന്നു ജനപ്രീതി നേടാൻ അതു സഹായിച്ചു. അങ്ങനെ പുതുമയുടെ തോളത്തുപിടിച്ചുള്ള യാത്രയായിരുന്നു പപ്പയുടെ ജീവിതം.
English Summary:
Celebrating the 100th anniversary of the birth of Navodya Appachan
Source link