ഗാസ: വെടിനിർത്തൽ ചർച്ചയിൽ പുരോഗതി
ദോഹ: ഗാസയിൽ രണ്ടാമതു വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചതായി അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. മധ്യസ്ഥചർച്ചകളിൽ പങ്കെടുക്കുന്ന ഖത്തറിലെ വൃത്തങ്ങളെ ഉദ്ധരിച്ചാണു റിപ്പോർട്ട്. വെടി നിർത്തുന്നതിൽ ഹമാസിനും അനുകൂല മനസാണ്. അതേസമയം, താത്കാലിക വെടിനിർത്തലിനു പകരം സ്ഥിരം വെടിനിർത്തൽ വേണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതിൽ ഹമാസിന് അതൃപ്തിയുണ്ട്. ഇപ്പോഴത്തെ വെടിനിർത്തൽ നിർദേശത്തോടുള്ള പ്രതികരണം വൈകാതെ ഉണ്ടാകുമെന്നു ഹമാസ് നേതൃത്വം അറിയിച്ചു. അമേരിക്ക, ഖത്തർ, ഈജിപ്ത്, ഇസ്രയേൽ, ഹമാസ് പ്രതിനിധികൾ ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ നടത്തിയ ചർച്ചകളാണു ഫലം കാണുന്നത്. മൂന്നു ഘട്ടങ്ങളായുള്ള വെടിനിർത്തൽ പദ്ധതിയാണു മുന്നോട്ടു വച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 40 ദിവസത്തേക്കു വെടി നിർത്തും. ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളിൽ വനിതകൾ, കുട്ടികൾ, വയോധികർ എന്നിവരെ മോചിപ്പിക്കും. ഇതിനു പകരം ഇസ്രയേൽ ഗാസയിലേക്കു വലിയ തോതിൽ മരുന്നും മറ്റ് സഹായങ്ങളും അനുവദിക്കും.
രണ്ടും മൂന്നും ഘട്ടത്തിൽ ഹമാസ് കസ്റ്റഡിയിലുള്ള ഇസ്രേലി സൈനികരെ മോചിപ്പിക്കുകയും മൃതദേഹങ്ങൾ കൈമാറുകയും ചെയ്യും. പകരമായി ഇസ്രേലി ജയിലിലുള്ള പലസ്തീൻ തടവുകാരെ വിട്ടയയ്ക്കുകയും ഗാസയിലേക്കു കൂടുതൽ സഹായം അനുവദിക്കുകയും ചെയ്യും. വെടിനിർത്തൽ നിർദേശങ്ങൾ പഠിക്കുകയാണെന്നും പ്രതികരണം വൈകാതെ ഉണ്ടാകുമെന്നും ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. അതേസമയം, ബന്ദികളെ മുഴുവൻ മോചിപ്പിക്കണമെങ്കിൽ ഇസ്രയേൽ ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രേലി ജയിലുകളിലുള്ള ആയിരക്കണക്കിനു പലസ്തീനികളെ മോചിപ്പിക്കണമെന്നും ഹംദാൻ കൂട്ടിച്ചേർത്തു. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ 250ഓളം ഇസ്രേലികളെയാണ് ഹമാസ് തട്ടിക്കൊണ്ടുപോയത്. നവംബറിലെ ഒരാഴ്ച നീണ്ട വെടിനിർത്തലിൽ നൂറോളം പേരെ മോചിപ്പിച്ചിരുന്നു.
Source link