INDIALATEST NEWS

പാർലമെന്റിലെ പുകയാക്രമണം: പ്രതിപക്ഷ ബന്ധം സമ്മതിക്കാൻ പൊലീസ് സമ്മർദം എന്ന് പ്രതികൾ

ന്യൂഡൽഹി ∙ പാർലമെന്റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നും പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുണ്ടെന്നു സമ്മതിക്കാൻ ആവശ്യപ്പെട്ടുവെന്നും പ്രതികൾ ആരോപിച്ചു. കേസിൽ അറസ്റ്റിലായ 6 പേരിൽ 5 പേരാണു ‍ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. 
ജുഡീഷ്യൽ കാലാവധി തീർന്ന ഘട്ടത്തിൽ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അഡീഷനൽ സെഷൻസ് ജ‍ഡ്ജി ഹർദീപ് കൗറിനു മുന്നിൽ ഡി. മനോരഞ്ജൻ, സാഗർ ശർമ, ലളിത് ഝാ, അമോൽ ഷിൻഡോ, മഹേഷ് കുമാവത്ത് എന്നിവരുടെ വെളിപ്പെടുത്തൽ. ഇലക്ട്രിക് ഷോക്ക് നൽകി പീഡിപ്പിച്ചുവെന്നും ഒന്നുമെഴുതാത്ത 70 വെള്ളക്കടലാസിൽ ഒപ്പിടാൻ ആവശ്യപ്പെട്ടുവെന്നും ഇവർ കോടതിയിലെ രേഖാമൂലം അറിയിച്ചു. 

‘ദേശീയ പാർട്ടിയുമായുള്ള ബന്ധം സമ്മതിക്കാൻ നിർബന്ധിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. പ്രതിപക്ഷ രാഷ്ട്രീയ നേതാവുമായി ബന്ധമുണ്ടെന്നു കാട്ടി കടലാസിൽ എഴുതി നൽകാൻ 2 പേരോട് ആവശ്യപ്പെട്ടു’ – പ്രതികൾ പറയുന്നു. ഡൽഹി പൊലീസിൽ നിന്നു മറുപടി തേടിയ കോടതി കേസ് 17നു പരിഗണിക്കും. കേസിലെ ആറാം പ്രതി നീലം ആസാദും ഒഴിഞ്ഞ കടലാസുകളിൽ ഒപ്പിടാൻ പൊലീസ് നിർബന്ധിച്ചുവെന്ന് ആരോപിച്ചിരുന്നു. നുണപരിശോധന, ബ്രെയിൻ മാപ്പിങ് ഘട്ടത്തിൽ പ്രതിപക്ഷ പാർട്ടിയുടെ നേതാവിന്റെ പേര് പറയിക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

English Summary:
Parliament Security Breach: Accused say police pressured them to admit opposition links


Source link

Related Articles

Back to top button