കള്ളപ്പണക്കേസ്: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി. ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉണ്ടായേക്കുമെന്നു സൂചന
റാഞ്ചി∙ കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. റാഞ്ചിയിലെ സോറന്റെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യൽ. ഉച്ചയ്ക്ക് ഒന്നിന് ചോദ്യം ചെയ്യുമെന്ന് ഇ.ഡി.അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ സോറന് പിന്തുണ പ്രഖ്യാപിച്ച് ജെഎഎം എംഎൽഎമാർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ പ്രതിഷേധവുമായി എത്തി. ചോദ്യം ചെയ്യലിനൊടുവിൽ സോറന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. മറ്റു പ്രതിഷേധങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് സെക്‌ഷൻ 144 പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർ സോറന്റെ വീടിനു മുന്നിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Read more: രാഹുൽ ഗാന്ധിയുടെ കാറിനുനേരെ ആക്രമണം; പിൻഭാഗത്തെ ചില്ല് തകർന്നു- വിഡിയോ
കേസുമായി ബന്ധപ്പെട്ട് ജനുവരി 20ന് സോറനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ആദ്യ 8 സമൻസും അവഗണിച്ച ശേഷമാണ് സോറൻ 20നു ഹാജരായത്. രണ്ടാമത്തെ ചോദ്യം ചെയ്യലിനായി സോറനെ തിരഞ്ഞ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് 48 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിലൊടുവിൽ സോറൻ റാഞ്ചിയിൽ പറന്നിറങ്ങുകയായിരുന്നു.
കേസ് ഇങ്ങനെ
2020– 22 ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുമുള്ള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം 3 കള്ളപ്പണക്കേസുകളാണ് ഇ.ഡി. റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡൽഹിയിലെ വീട്ടിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തിരുന്നു. 27നു ഡൽഹിയിലെത്തിയിരുന്ന സോറനെ തിരഞ്ഞ് ഇ.ഡി അധികൃതർ ഇറങ്ങിയെങ്കിലും ഫലം കണ്ടില്ല. ഉദ്യോഗസ്ഥർ റാഞ്ചിയിലുമെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ, മുഖ്യമന്ത്രിയെ കാണാനില്ലെന്ന് ബിജെപി പോസ്റ്റർ ഇറക്കി. ഇന്നലെ രാവിലെ സോറൻ റാഞ്ചിയിലെത്തി.
English Summary:
Probe Agency Officials At Hemant Soren’s Ranchi Home
Source link