മറാഠ സംവരണ തീരുമാനം: ഭരണപക്ഷത്ത് മുറുമുറുപ്പ്; തുറന്ന പോരിന് എൻസിപി മന്ത്രി
മുംബൈ∙ മറാഠകൾക്ക് ഒബിസി സംവരണം നൽകാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തെ ചൊല്ലി ഭരണപക്ഷത്ത് അസ്വസ്ഥത പുകയുന്നു. മറാഠ നേതാവ് മനോജ് ജരാങ്കെ പാട്ടീലിന്റെ നിരാഹാര സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായാണ് മുന്നാക്കക്കാരായ മറാഠകളെ ഒബിസി വിഭാഗമായി കണക്കാക്കി സംവരണം നൽകാൻ തീരുമാനിച്ചത്.
തീരുമാനത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച എൻസിപി അജിത് പവാർ വിഭാഗത്തിലെ ഒബിസി നേതാവും ഭക്ഷ്യമന്ത്രിയുമായ ഛഗൻ ഭുജ്ബൽ അടുത്ത മാസം ഒന്നിന് ഭരണപക്ഷത്തെ എംഎൽഎമാർ, എംപിമാർ, തഹസിൽദാർമാർ എന്നിവരുടെ വസതികൾക്ക് പുറത്ത് പ്രതിഷേധപ്രകടനം നടത്തുമെന്ന് അറിയിച്ചു. തന്റെ വസതിയിൽ ചേർന്ന ഒബിസി നേതാക്കളുടെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. ഒബിസികളെ വിഡ്ഢികളാക്കാനുള്ള നടപടികൾക്കെതിരെയാണ് പ്രതിഷേധമെന്നും കൂട്ടിച്ചേർത്തു.
മറാഠകളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനെതിരെയുള്ള സമരത്തിൽ തങ്ങൾക്കൊപ്പം ചേരാൻ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരോട് ഭുജ്ബൽ ആഹ്വാനം ചെയ്തു. മറാഠകൾക്ക് ഒബിസി സംവരണം ഉറപ്പാക്കുന്നതിനായി സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനം റദ്ദാക്കണമെന്ന് ഭുജ്ബൽ ആവശ്യപ്പെട്ടു. മറാഠകൾക്ക് കുൺബി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള രേഖകൾ പരിശോധിക്കാൻ നിയോഗിച്ച റിട്ട. ജസ്റ്റിസ് സന്ദീപ് ഷിൻഡെ അധ്യക്ഷനായ കമ്മിറ്റി പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടു.
വിമർശനവുമായി റാണെയുംമുതിർന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നാരായൺ റാണെയും സർക്കാർ തീരുമാനത്തെ വിമർശിച്ചു. ഒബിസി വിഭാഗങ്ങളുടെ സംവരണം കവർന്നെടുക്കുന്നത് അസ്വസ്ഥത സൃഷ്ടിക്കുമെന്നും നാരായൺ റാണെ പറഞ്ഞു. ചരിത്ര പാരമ്പര്യമുള്ള മറാഠാ സമുദായത്തെ ഇകഴ്ത്തുന്നതാണ് നീക്കമെന്നും കൂട്ടിച്ചേർത്തു.
മനോജ് ജരാങ്കെ പാട്ടീൽ, നവിമുംബൈയിലെ വാശിയിൽ റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായാണ് വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചത്. മറാഠകൾക്ക് പ്രത്യേക സംവരണം ലഭിക്കുന്നതുവരെ ഒബിസികൾ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവർക്ക് നൽകുമെന്ന് സമരവേദിയിൽ എത്തിയ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. കർഷക വിഭാഗമായ കുൺബി ജാതി രേഖകൾ കണ്ടെത്തിയ മറാഠ സമുദായാംഗങ്ങളുടെ രക്തബന്ധത്തിലുള്ള എല്ലാവരെയും കുൺബികളായി പരിഗണിക്കുന്നതിനുള്ള കരട് വിജ്ഞാപനവും ഇറക്കി.
സർക്കാരിന്റേത് നിർവികാര സമീപനം: സുപ്രിയ സുളെമറാഠകളുടെ ആവശ്യങ്ങളോടുള്ള സർക്കാരിന്റെ നിർവികാര സമീപനമാണ് സംവരണം അനുവദിക്കുന്നതിനുള്ള വിജ്ഞാപനം ഇത്രയും വൈകാൻ കാരണമെന്ന് എൻസിപി ശരദ് പവാർ വിഭാഗം നേതാവ് സുപ്രിയ സുളെ ആരോപിച്ചു. സർക്കാരിനെ തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നതിന് പാട്ടീലിന് മുംബൈ വരെ യാത്ര ചെയ്യേണ്ടി വന്നു എന്നത് ഇതിന്റെ തെളിവാണെന്ന് സുപ്രിയ പറഞ്ഞു.
English Summary:
NCP’s Chhagan Bhujbal, OBC leaders declare protest rallies against Maratha Quota
Source link