മരുഭൂമിയിലെ കൊടു ചൂടിലും തണുപ്പിലും വാർത്തെടുത്ത ‘വാലിബൻ’; മേക്കിങ് വിഡിയോ
‘മലൈക്കോട്ടൈ വാലിബൻ’ സിനിമയുടെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ സിനിമയുടെ ഓരോ ഷോട്ടുകളുമെടുക്കുവാൻ അണിയറ പ്രവർത്തകർ എത്രത്തോളം പരിശ്രമിച്ചുവെന്നത് വ്യക്തമാക്കുന്നു. മരുഭൂമിയിലെ കൊടും ചൂടും തണുപ്പും സഹിച്ചാണ് ഇവർ ഈ സിനിമ പൂർത്തീകരിച്ചത്.
രാജസ്ഥാന്‍ മരുഭൂമിയില്‍ ആയിരുന്നു പ്രധാന ലൊക്കേഷൻ. 130 ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് സിനിമയ്ക്കു വേണ്ടിവന്നത്. ആക്‌ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്‍റെ അനായാസത പ്രേക്ഷകർക്ക് അറിയാവുന്ന കാര്യമാണ്. അത്തരത്തിലുള്ള ചില രംഗങ്ങള്‍ എങ്ങനെ ചിത്രീകരിച്ചിരിക്കുന്നുവെന്ന് മേക്കിങ് വിഡിയോയിൽ കാണാം.
കൃത്യമായ പദ്ധതിയോടെയാണ് ഈ സിനിമ ലിജോ ആസൂത്രണം ചെയ്തതെന്ന് അദ്ദേഹത്തിന്റെ ചലനങ്ങളിൽ നിന്നു വ്യക്തമാണ്. മധു നീലകണ്ഠന്റെ ക്യാമറാ ചലനങ്ങളാണ് മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകത.
മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
English Summary:
Malaikottai Vaaliban Making Video
Source link