നരേന്ദ്രമോദി ഇനിയും ജയിച്ചാൽ രാജ്യത്ത് ഏകാധിപത്യം, ഇന്ത്യ പുട്ടിന്റെ റഷ്യയാകും: മല്ലികാർജുൻ ഖർഗെ
ഭുവനേശ്വർ ∙ ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾക്ക് മുന്നിലുള്ള അവസാനത്തെ അവസരമാണ് 2024 ലോക്സഭാ തിരഞ്ഞെടുപ്പെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. ഈ തിരഞ്ഞെടുപ്പിലും ബിജെപി വിജയിക്കുകയാണെങ്കിൽ നരേന്ദ്രമോദിയുടെ ഏകാധിപത്യത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
‘‘ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾക്ക് മുന്നിലുള്ള അവസാനത്തെ അവസരമാണ് ഇത്. ഇനിയൊരു തിരഞ്ഞെടുപ്പിൽ കൂടി നരേന്ദ്രമോദി വിജയിക്കുകയാണെങ്കിൽ രാജ്യത്ത് ഏകാധിപത്യം ഉണ്ടാകും. പുട്ടിൻ റഷ്യയെ ഭരിക്കുന്നത് പോലെ ബിജെപി ഇന്ത്യയെ ഭരിക്കും.’’ ഒഡിഷയിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഖർഗെ.
പ്രതിപക്ഷ നേതാക്കളെയും സംസ്ഥാനങ്ങളെയും ഭയപ്പെടുത്തിയാണ് മോദി സർക്കാർ ഭരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘‘നേതാക്കന്മാർക്ക് നോട്ടീസ് നൽകുന്നു. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ ഇഡിയെയും ഇൻകം ടാക്സിനെയും ആയുധമാക്കുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരായിരിക്കണം. ബിജെപിയുടെയോ ആർഎസ്എസിന്റെയോ ആശയങ്ങളെ എതിർത്താൽ സൗഹൃദവും സഖ്യവും പാർട്ടിയും ഉപേക്ഷിക്കുമെന്ന് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണ്.’’
ബിജെപിയെയും ആർഎസ്എസിനെയും വിമർശിക്കുന്നതിന്റെ പേരിൽ രാഹുൽ ഗാന്ധി തുടർച്ചയായി ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘‘അവരുടെ സമ്മർദ്ദങ്ങളിൽ രാഹുൽ വീഴില്ല. നമ്മുടെ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ഇത്തരം ശക്തികൾക്കെതിരേ അദ്ദേഹം പോരാട്ടം തുടരും.’’ നിതീഷ് കുമാറിന്റെ എൻഡിഎയിലേക്കുള്ള മടങ്ങിപ്പോക്കിനെ കുറിച്ച് സൂചിപ്പിച്ച ഖർഗെ ആ തിരിഞ്ഞുനടത്തം തിരഞ്ഞെടുപ്പിനെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും അഭിപ്രായപ്പെട്ടു.
മണിപ്പുർ കലാപത്തിൽ ബിജെപിയും മോദിയും തുടരുന്ന മൗനത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. ‘‘ഇന്നും മണിപ്പൂരിൽ ജനങ്ങൾ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്ന, നൂറുകണക്കിന് വീടുകളും കാറുകളും തീയിടുന്നു. എവിടെയാണ് ബിജെപി? എവിടെയാണ് മോദിജി? മണിപ്പുരിലും നാഗലൻഡിലും പോയി അവിടെയുള്ള ജനങ്ങളെ കാണണം. സമാധാനം നിലനിർത്തുക എത്രത്തോളം ബുദ്ധിമുട്ട് നിറഞ്ഞതാെണന്ന് അപ്പോൾ മനസ്സിലാകും. രാജ്യത്ത് െഎക്യം നിലനിർത്താൻ നാം ചില ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ട്. നിങ്ങൾക്ക് അതിനുള്ള ധൈര്യമില്ല. തന്റെ ജീവന് ഭീഷണിയുള്ളതായി അറിയാമായിരുന്നിട്ടും ഇന്ദിരാഗാന്ധി ഭയപ്പെട്ടിരുന്നില്ല. ഒഡിഷയിൽ നടത്തിയ അവസാന പ്രസംഗത്തിൽ തന്റെ ജീവന് ഭീഷണിയുള്ളതായി ഇന്ദിര സൂചിപ്പിച്ചിരുന്നു. അവർ രാജ്യത്തെ െഎക്യം നിലനിർത്താൻ വേണ്ടിയാണ് ശ്രമിച്ചത്. പക്ഷേ, ചിലർ അവരെ കൊലപ്പെടുത്തി. അമ്മയുടെ അതേ പാത പിന്തുടർന്ന രാജീവ് ഗാന്ധിയും തന്റെ ജീവൻ ത്യജിച്ചു. ഒരു മനുഷ്യ ബോംബാണ് അദ്ദേഹത്തെ കൊന്നത്. സ്വന്തം രാജ്യത്തിന് വേണ്ടിയാണ് അദ്ദേഹം മരണപ്പെട്ടത്.’’ ഖർഗെ പറഞ്ഞു.
ജനങ്ങളുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപയും എല്ലാവർഷവും രണ്ടുകോടി തൊഴിലവസരവും നൽകാമെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മോദി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതും ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയായതും കോൺഗ്രസ് ജനാധിപത്യത്തെയും ഭരണഘടനയെയും ഉയർത്തിപ്പിടിച്ചതുകൊണ്ടാണെന്നും അതേ ഭരണഘടനയെയും ജനാധിപത്യത്തെയും മോദി ഇപ്പോൾ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഖാർഗെ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്നത് യഥാർഥത്തിൽ നടപ്പാക്കിക്കൊണ്ട് സ്ത്രീകൾക്കും ദളിതിനും ഗോത്രവിഭാഗക്കാർക്കും മറ്റു പിന്നാക്കക്കാർക്കും കോൺഗ്രസ് അവകാശങ്ങൾ ഉറപ്പുവരുത്തിയിരുന്നു. ഒഡിഷയിലെ ഭരണകക്ഷിയായ ബിജെഡിയും, ബിജെപിയും ധനികർക്കൊപ്പം നിൽക്കുമ്പോൾ കോൺഗ്രസ് എന്നും പാവപ്പെട്ടരുടെ കൂടെയാണ് നിന്നിട്ടുള്ളതെന്നും അദ്ദേഹം ഒാർമപ്പെടുത്തി. റൂർക്കല സ്റ്റീൽ പ്ലാന്റ് ഉൾപ്പടെ കോൺഗ്രസ് സംസ്ഥാനത്തിന് നൽകിയ നേട്ടങ്ങളെ ഖർഗെ എണ്ണിയെണ്ണി പറഞ്ഞു.
ജവഹർലാൽ നെഹ്റുവും ഒഡിഷ മുൻമുഖ്യമന്ത്രി ബിജു പട്നായികും തമ്മിലുണ്ടായിരുന്ന ബന്ധത്തെയും ഖാർഗെ അനുസ്മരിച്ചു. നെഹ്റുവിന്റെ ആശയത്തിൽ വിശ്വസിച്ചിരുന്ന നേതാവായിരുന്നു ബിജു എന്നാൽ അദ്ദേഹത്തിന്റെ മകൻ നവീൻ പട്നായ്ക്ക് വിശ്വസിക്കുന്നത് ബിജെപിയുടെ ആശയങ്ങളെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഡിഷയിൽ തൊഴിലവസരങ്ങൾ ഉണ്ടെങ്കിലും പട്നായിക്ക് സർക്കാർ ജനങ്ങൾക്ക് തൊഴിൽ നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഖർഗെയുടെ ആരോപണങ്ങളെ ബിജെപിയും ബിജെഡിയും ഒരു പോലെ തള്ളി. ഒഡിഷയിലെ ജനങ്ങളിൽ അദ്ദേഹത്തിന്റെ വാക്കുകൾ യാതൊരു പ്രഭാവവും ചെലുത്താൻ പോകുന്നില്ല. ജനങ്ങൾക്ക് നവീൻ പട്നായ്ക്കിൽ അത്രയധികം വിശ്വാസമുണ്ട്. ആരാണ് ഒഡിഷയിൽ വികസനം കൊണ്ടുവരുന്നതെന്ന് അവർക്ക് വ്യക്തമായി അറിയാം.’’ ബിജെഡി നേതാവും മന്ത്രിയുമായ അതനു എസ്.നായക് പറഞ്ഞു
English Summary:
Last chance to save democracy, if BJP wins there will be a dictatordhip, India will become Putin’s Russia-Kharge
Source link