CINEMA

അധിക്ഷേപിക്കാനോ, വിഷമിപ്പിക്കാനോ പറഞ്ഞതല്ല: വ്ലോഗറോടും കുടുംബത്തോടും ക്ഷമ ചോദിച്ച് അനീഷ് അൻവർ


‘രാസ്ത’ എന്ന സിനിമയുടെ നെഗറ്റിവ് റിവ്യുവുമായി ബന്ധപ്പെട്ട് യൂട്യൂബ് വ്ലോഗർ ഉണ്ണി വ്ലോഗ്സിനെതിരെ വധ ഭീഷണിയും ജാതി അധിക്ഷേപം നടത്തിയ സംഭവത്തിൽ മാപ്പ് ചോദിച്ച് സംവിധായകൻ അനീഷ് അൻവർ. മനഃപൂർവം അധിക്ഷേപിക്കാനോ, വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ലെന്നും ആ സമയത്തെ തന്റെ ഇമോഷൻസിന്റെ പുറത്തു സംഭവിച്ചു പോയ പിഴവുകളാണിതെന്നും അനീഷ് അൻവർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
അനീഷ് അൻവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ്: ‘‘പ്രിയപ്പെട്ടവരെ, ഞാൻ അനീഷ് അൻവർ, എന്റെ പുതിയ സിനിമ ‘രാസ്ത’ ഇറങ്ങിയപ്പോൾ ഉണ്ണി വ്ലോഗ്‌സിൽ അതിന്റെ റിവ്യൂ വിഡിയോയുമായി ബന്ധപ്പെട്ടു അദ്ദേഹവുമായി ഫോൺ സംഭാഷണം ഉണ്ടാവുകയും, അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ അദ്ദേഹത്തെ വിഷമിപ്പിക്കുന്ന രീതിയിൽ എനിക്ക് സംസാരിക്കേണ്ടി വരികയും ചെയ്തിരുന്നു.

കഴിഞ്ഞ 3 ആഴ്ചയായി അതുമായി ബന്ധപ്പെട്ട് വല്ലാതെ വിഷമിച്ചുപോയ ദിവസങ്ങളായിരുന്നു, മാനസികമായി ഒരുപാടു തളർന്നു പോയിരുന്നു, അദ്ദേഹത്തിന്റെ അവസ്ഥയും അങ്ങനെതന്നെ ആയിരിക്കുമെന്ന് കരുതുന്നു. തീർച്ചയായും അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു പോയതിൽ അദ്ദേഹത്തോടും, അദ്ദേഹത്തിന്റെ അമ്മയോട് (പ്രത്യേകിച്ച് ) ആത്മാർഥമായി ക്ഷമ ചോദിക്കുകയാണ് .

സത്യത്തിൽ അമ്മയെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാനും ആഗ്രഹമുണ്ട്.കുറച്ചു സമയത്തേക്ക് ഞാൻ ഞാനല്ലാതെയായിപ്പോയി. എന്റെ മറ്റു സംഭാഷങ്ങൾ ഉണ്ണിക്കു “ജാതി” അധിക്ഷേപമായി തോന്നുകയും ചെയ്തു എന്ന് എനിക്ക് പിന്നീട് മനസ്സിലായി .ഒരിക്കലുമതു മനഃപൂർവം ചെയ്തതല്ല. 

മനഃപൂർവം അധിക്ഷേപിക്കാനോ, വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ല ഒന്നും, ആ സമയത്തെ എന്റെ വികാരത്തിന്റെ പുറത്തു സംഭവിച്ചു പോയ പിഴവുകളാണ്. അദ്ദേഹം അത് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാനൊരിക്കലും അത്തരത്തിലൊരാളല്ല, എന്റെ പരാമർശങ്ങൾ ഉണ്ണിയെ വേദനിപ്പിച്ചതിൽ “ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ” 
എന്റെ പ്രവൃത്തി കൊണ്ട് വിഷമിച്ച “ഓരോരുത്തരോടും ഈ അവസരത്തിൽ എന്റെ ഖേദം അറിയിക്കുകയാണ്.

ഉണ്ണിക്കോ അദ്ദേഹവുമായി ബന്ധപ്പെട്ട ആർക്കുമോ ഇതിന്റെ പേരിൽ ഒരുപദ്രവവും എന്നിൽ നിന്നോ, എന്റെ ബന്ധുമിത്രാദികളിൽ നിന്നോ ഉണ്ടാവില്ലെന്ന് ഞാൻ ഉറപ്പു തരുന്നു. 
നിറഞ്ഞ ആത്മാർത്ഥതയോടെയാണ്  ഞാൻ ഈ എഴുത്തു ഇവിടെ പോസ്റ്റ് ചെയ്യുന്നത്. വിശ്വസ്തതയോടെ, അനീഷ് അൻവർ.’’

ജനുവരി അഞ്ചിന് റിലീസ് ചെയ്ത ‘രാസ്ത’ എന്ന സിനിമയുടെ വിഡിയോ റിവ്യൂ തന്റെ യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്തതിന് പിന്നാലെ സംവിധായകൻ ഫോണിൽ വിളിച്ച് അസഭ്യപ്രയോ​ഗം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നാണ് ഉണ്ണി വ്ലോ​ഗ്സിന്റെ പരാതി. പരാതിയിൽ ആലുവ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു


Source link

Related Articles

Back to top button