പരിക്ക് : ജഡേജയും രാഹുലും പുറത്ത്
വിശാഖപ്പട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യക്ക് വൻ തിരിച്ചടി. പരിക്കിനെത്തുടർന്ന് ബാറ്റർ കെ.എൽ. രാഹുലും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും വിശാഖപട്ടണം ടെസ്റ്റിൽ കളിക്കില്ല. ഇരുവരും പരിക്കിനെ തുടർന്ന് പിന്മാറി. ഒന്നാം ടെസ്റ്റിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഇരുവരുടെയും അഭാവം സമ്മാനിക്കുക. ഇരുവർക്കും പകരം സർഫറാസ് ഖാൻ, വാഷിംഗ്ണ് സുന്ദർ, സൗരഭ് കുമാർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ഫെബ്രുവരി രണ്ടിന് രണ്ടാം ടെസ്റ്റ് ആരംഭിക്കും. തുടഞരന്പിനേറ്റ പരിക്കാണ് ജഡേജ വിട്ടുനിൽക്കാൻ കാരണം. വലതു തുടയിലെ പേശിവേദനയാണ് രാഹുലിന് തിരിച്ചടിയായത്. ഇരുവരുടെയും മെഡിക്കൽ പരിശോധനയ്ക്കുശേഷം ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിൽ ഇന്ത്യ തോൽവി വഴങ്ങിയെങ്കിലും ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ജഡേജ ഒന്നാം ഇന്നിംഗ്സിൽ 87 റൺസും മൂന്നു വിക്കറ്റും വീഴ്ത്തി. രണ്ടം ഇന്നിംഗ്സിൽ രണ്ടു വിക്കറ്റ് വീഴ്ത്തി. രാഹുൽ ഒന്നാം ഇന്നിംഗ്സിൽ 86 റൺസും രണ്ടാം ഇന്നിംഗ്സിൽ 22റണ്ണും നേടി. വർഷങ്ങൾക്കുശേഷമാണ് സർഫറാസ് ഖാന് ദേശീയ ടീമിലേക്ക് കന്നിമത്സരത്തിനുള്ള വിളിയെത്തുന്നത്. ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാത്ത ഇന്ത്യൻ ടീമിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 190 റണ്ണിന്റെ കൂറ്റൻ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ 28 റൺസിന്റെ അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങിയത്. രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ഒലി പോപ്പിന്റെയും ഏഴ് വിക്കറ്റ് വീഴ്ത്തിയ ഹാർട്ലിയുടെയും മികവിലായിരുന്നു ഇംഗ്ലീഷ് ജയം.
Source link