റയലിനു ജയം; ബാഴ്സയ്ക്കു തോൽവി
ലാസ് പാൽമസ് (സ്പെയിൻ): സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡ് പിന്നിൽ നിന്നശേഷം ജയിച്ചപ്പോൾ ബാഴ്സലോണ മുന്നിൽ നിന്നശേഷം തോറ്റു. എവേ പോരാട്ടത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരേ രണ്ടു ഗോളിനാണു ലാസ് പാൽമസിനെ തകർത്തത്. 53-ാം മിനിറ്റിൽ ഹാവി മുനോസ് പാൽമസിനെ മുന്നിലെത്തിച്ചു. 65-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയർ റയലിനു സമനില നൽകി. 84-ാം മിനിറ്റിൽ ഔറേലിയൻ ചൗമെനി റയലിന്റെ ജയം ഉറപ്പിച്ച് വലകുലുക്കി. 21 കളിയിൽ 54 പോയിന്റുമായി റയൽ പോയിന്റ് നിലയിൽ ഒന്നാമതാണ്. സ്വന്തം കളത്തിലിറങ്ങിയ ബാഴ്സലോണയെ വിയ്യാറയൽ മൂന്നിനെതിരേ അഞ്ചു ഗോളിനു കീഴടക്കി. ഇഞ്ചുറി ടൈമിൽ വീണ രണ്ടു ഗോളുകളാണ് ബാഴ്സലോണയെ പരാജപ്പെടുത്തിയത്. ഒരു ഹോം ലാ ലിഗ മത്സരത്തിൽ 1963നുശേഷം ആദ്യമായാണ് ബാഴ്സ അഞ്ചു ഗോൾ വഴങ്ങുന്നത്. അന്ന് 5-1ന് റയൽ മാഡ്രിഡാണ് തോൽപ്പിച്ചത്. 1951നുശേഷം ആദ്യമായാണ് ബാഴ്സ തുടർച്ചയായ മത്സരങ്ങളിൽ നാലോ അതിൽ കൂടുതലോ ഗോൾ വഴങ്ങുന്നത്.
ബുധനാഴ്ച നടന്ന കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ അത്ലറ്റിക് ക്ലബ്ബിനോട് 4-2നാണു തോറ്റത്. ജെറാർഡ് മൊറേനോ (41’), ഇലിയാസ് അഖോമച്ച് (54’) എന്നിവരിലൂടെ വിയ്യാറയൽ മുന്നിലെത്തി. 60-ാം മിനിറ്റിൽ ഇൽകി ഗുണ്ടോഗനും 68-ാം മിനിറ്റിൽ പെദ്രിയും ബാഴ്സയ്ക്കായി വലകുലുക്കിയതോടെ സമനിലയായി. 71-ാം മിനിറ്റിൽ എറിക് ബെയ്ലിയുടെ സെൽഫ് ഗോൾ ബാഴ്സയ്ക്കു ലീഡ് നൽകി. എന്നാൽ ഗോണ്സാലോ ഗ്യൂഡസിന്റെ ഗോളിൽ വിയ്യാറയൽ സമനില നേടി. സമനിലയെന്നു കരുതിയിരിക്കേ മത്സരം ഇഞ്ചുറി ടൈമിൽ പ്രവേശിച്ചു. കൂടുതൽ സമയം നീട്ടിക്കിട്ടിയ ഈ സമയത്ത് 90+9-ാം മിനിറ്റിൽ അലക്സാണ്ടർ സൊർലോത്ത് സന്ദർശകരെ മുന്നിലെത്തിച്ചു. മൂന്നുമിനിറ്റ് കഴിഞ്ഞ് ഒരിക്കൽക്കൂടി വിയ്യാറയൽ വലകുലുക്കി. ഹൊസെ ലൂയിസ് മൊറാലസാണു ഗോൾ നേടിയത്.
Source link