മരം വെട്ടുകാരനിൽനിന്ന് ക്രിക്കറ്റിലേക്ക്
പ്രതികൂല സാഹചര്യത്തോട് പൊരുതി ബോളും ബാറ്റും കൈയിലേന്തിയവൻ. 350 പേർ മാത്രം വസിക്കുന്ന ഒരു ചെറുദ്വീപിൽ ജനിച്ചുവളർന്ന് ക്രിക്കറ്റിനെ പ്രണയിച്ചവൻ. വെസ്റ്റ് ഇൻഡീസിന്റെ ദേശീയ ടീമിലേക്കു വിളിയെത്തുന്പോൾ ഷമാർ ജോസഫ് ഒരു സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. 2018 വരെ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാതിരുന്ന ദ്വീപിൽ വളർന്ന ഷമാറിന്റെ ജോലി മരം മുറിക്കലായിരുന്നു. ദിവസവും 12 മണിക്കൂർ വരെ ജോലി. ഞായറാഴ്ച മാത്രം ക്രിക്കറ്റ് പ്രാക്ടീസ് ചെയ്യാനുള്ള അവസരം. ബാറ്റും ബോളും അവന്റെ ദ്വീപിൽ അന്യമായിരുന്നു. ബോട്ട് മാർഗം ഗയാനയിൽ നിന്നു രണ്ടു മണിക്കൂർ സഞ്ചരിച്ചാൽ അവന്റെ ചെറു ഗ്രാമത്തിലെത്താം. ഷമാർ ജോസഫ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ട് ഒരുവർഷം പോലും ആയില്ല. എന്നാൽ വിൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ കണ്ടുമുട്ടിയത് വഴിത്തിരിവായി. ഷെപ്പേർഡിൽനിന്നു ബാലപാഠങ്ങൾ പഠിച്ച് കഴിഞ്ഞ വർഷം ഫസ്റ്റ് ക്ലാസ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു. സെലക്ടർമാരുടെ ശ്രദ്ധ പതിഞ്ഞതോടെ എ ടീമിലേക്കു ക്ഷണം. അവിടുന്ന് ദേശീയ ടീമിലേക്കും.
ഓസീസിനെതിരായ ഈ പരന്പര ഷമാർ ജോസഫിന്റെ ജീവിതം മാറ്റിമറിച്ചു. അഡ്ലെയ്ഡിൽ പരന്പരയിലെ ആദ്യ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ആരും ശ്രദ്ധിക്കാതിരുന്ന താരം. ഷമാറിന്റെ കൃത്യതയാർന്ന പന്തുകൾക്കുമുന്നിൽ കൊഴിഞ്ഞത് പരിചയസന്പന്നരായ ഓസീസിന്റെ അഞ്ചു വിക്കറ്റുകൾ. ഗാബയിൽ രണ്ടാം ടെസ്റ്റിൽ ഷമാർ തന്റെ ഒരു സ്പെല്ലിൽ വീഴ്ത്തിയത് ഏഴ് വിക്കറ്റ് (68-7). ബാറ്റിംഗിനിടെ മിച്ചൽ സ്റ്റാർക്കിന്റെ യോർക്കറിൽ കാലിനു പരിക്കേറ്റ ഷമാർ അതുവകവയ്ക്കാതെ ബൗൾ ചെയ്യാനെത്തിയത് ഓസീസിനെ തുരത്തുകയെന്ന നിയോഗത്തോടെയായിരുന്നു. ചരിത്രമാകുന്ന മത്സരത്തിന്റെ വിജയ ശില്പിയായി ഷമാർ മാറി. ഓസീസിനെതിരേ 2003ന് ശേഷമുള്ള ആദ്യ ജയവുമായിരുന്നു ഇത്. ഓസീസിന്റെ പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തിലുള്ള തുടർച്ചയായ 11 വിജയത്തിനുകൂടിയാണ് ഷമാർ അറുതി വരുത്തിയത്.
Source link