തുർക്കിക്ക് എഫ്-16 വിമാനങ്ങൾ
വാഷിംഗ്ടൺ ഡിസി: തുർക്കിക്ക് 40 പുതിയ എഫ്-16 യുദ്ധവിമാനങ്ങൾ നല്കാൻ അമേരിക്ക സമ്മതിച്ചു. സ്വീഡന്റെ നാറ്റോ പ്രവേശനം തുർക്കി അംഗീകരിച്ചതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ നടപടികളുണ്ടായത്. 2021ലാണ് തുർക്കി അമേരിക്കയോട് പുതിയ യുദ്ധവിമാനങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ കുർദ് തീവ്രവാദികൾക്ക് അഭയം നല്കുന്നതിന്റെ പേരിൽ സ്വീഡന്റെ നാറ്റോ പ്രവേശനം തുർക്കി നീട്ടിക്കൊണ്ടുപോയതോടെ യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ നീക്കുപോക്കില്ലാതായി. കഴിഞ്ഞയാഴ്ച തുർക്കി പാർലമെന്റ് സ്വീഡനെ നാറ്റോയിൽ ചേർക്കുന്നതിന് അനുമതി നല്കുകയും പ്രസിഡന്റ് എർദോഗൻ അതിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ അതിവേഗം നടപടിയെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ബൈഡൻ നിർദേശിക്കുകയായിരുന്നു.
നിലവിൽ തുർക്കിയുടെ പക്കലുള്ള 79 എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുന്നതിനുള്ള ഉപകരണങ്ങളും അമേരിക്ക കൈമാറും. മൊത്തം 2300 കോടി ഡോളറിന്റേതാണ് ഇടപാട്. ഗ്രീസിന് 40 പുതിയ എഫ്-35 യുദ്ധവിമാനങ്ങൾ നല്കുന്നതും അംഗീകരിച്ചിട്ടുണ്ട്. സ്വീഡന്റെ നാറ്റോ പ്രവേശനത്തിന് ഹംഗറികൂടി അനുമതി നല്കാനുണ്ട്.
Source link