കറക്കിവീഴ്ത്തി; ഇംഗ്ലണ്ടിനെ 246ന് എറിഞ്ഞിട്ട് ഇന്ത്യ
ഹൈദരാബാദ്: രവീന്ദ്ര ജഡേജയും ആർ. അശ്വിനും തോളോടുതോൾ ചേർന്ന് ഇന്ത്യൻ സ്പിൻ ആക്രമണം നയിച്ചപ്പോൾ ഇംഗ്ലണ്ടിന് മറുപടിയില്ലായിരുന്നു. ഇന്ത്യയുടെ സ്പിൻ ഭായ്മാരായ ജഡേജയ്ക്കും അശ്വിനും ഒപ്പം അക്സർ പട്ടേലും എത്തിയതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 246ൽ അവസാനിച്ചു. തുടർന്ന് ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യ ആദ്യദിനം അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമയുടെ (24) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഓപ്പണർ യശസ്വി ജയ്സ്വാളും (76) മൂന്നാം നന്പറായെത്തിയ ശുഭ്മാൻ ഗില്ലുമാണ് (14) ക്രീസിൽ. ഇംഗ്ലണ്ട് 55/0 ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലീഷ് ഓപ്പണർമാരായ സാക് ക്രൗളിയും (20) ബെൻ ഡക്കറ്റും (35) ചേർന്ന് 11.4 ഓവറിൽ 55 റണ്‍സ് നേടി. തുടർന്ന് ആക്രമണം ഏറ്റെടുത്ത അശ്വിനും ജഡേജയും ഇംഗ്ലണ്ടിനെ 60/3 എന്ന നിലയിലേക്ക് തള്ളിവിട്ടു. ഇന്ത്യൻ സ്പിന്നർമാർ വിക്കറ്റ് വീഴ്ത്താൻ തുടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ സ്കോർബോർഡ് നിശ്ചലമായി. 88 പന്തിൽ 70 റണ്‍സ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മാത്രമാണ് ഇംഗ്ലീഷ് ഇന്നിംഗ്സിൽ ചെറുത്തുനിന്നത്. ജഡേജ 88 റണ്‍സിനും അശ്വിൻ 68 റണ്‍സിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്സർ പട്ടേൽ 33 റണ്‍സിന് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
അശ്വിൻ-ജഡേജ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള ഇന്ത്യൻ സഖ്യം എന്ന റിക്കാർഡ് ആർ. അശ്വിനും രവീന്ദ്ര ജഡേജയും സ്വന്തമാക്കി. അനിൽ കുംബ്ലെ – ഹർഭജൻ സിംഗ് സഖ്യം 54 മത്സരങ്ങളിൽ 501 വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. അശ്വിനും ജഡേജയും ഇതുവരെ 506 വിക്കറ്റ് വീഴ്ത്തി. ഇരുവരും ചേർന്നുള്ള 50-ാം ടെസ്റ്റാണ്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ – സനത് ജയസൂര്യ (667), ഓസ്ട്രേലിയയുടെ ഷെയ്ൻ വോണ്‍ – മാർക്ക് വൊ (517) എന്നിവരാണ് സ്പിൻ സഖ്യത്തിൽ അശ്വിൻ-ജഡേജ കൂട്ടുകെട്ടിനു മുന്നിലുള്ളത്. 493 വിക്കറ്റുള്ള അശ്വിൻ, അനിൽ കുംബ്ലെയ്ക്കുശേഷം (619) 500 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ താരം എന്ന നേട്ടത്തിലേക്ക് അടുക്കുകയാണ്. സച്ചിനെ കടന്ന് റൂട്ട് 60 പന്തിൽ 29 റണ്‍സ് നേടിയ ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ട്, ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരന്പര ചരിത്രത്തിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന താരമെന്ന റിക്കാർഡ് സ്വന്തമാക്കി. 32 ടെസ്റ്റിൽ 51.73 ശരാശരിയിൽ 2535 റണ്‍സായിരുന്നു സച്ചിന്റെ സന്പാദ്യം. ഇന്ത്യക്കെതിരേ 26-ാം ടെസ്റ്റ് കളിക്കുന്ന റൂട്ട് സച്ചിനെ മറികടന്ന് മുന്നേറി. ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സ് ശേഷിക്കുന്നുമുണ്ട്.
Source link