അനുപ്രിയയ്ക്ക് ദേശീയ റിക്കാര്‍ഡ്
കാസര്‍ഗോഡ്: ദേശീയ സ്കൂള്‍ ഗെയിംസില്‍ റിക്കാര്‍ഡിട്ട് ഒരു മാസം തികയുന്നതിനുമുമ്പ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും റിക്കാര്‍ഡോടെ സ്വര്‍ണം നേടി കാസര്‍ഗോഡ് സ്വദേശിനി വി.എസ്. അനുപ്രിയ. ചെന്നൈ ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 17.22 മീറ്റര്‍ ദൂരം എറിഞ്ഞാണ് ഈ പതിനേഴുകാരി പുതിയ റിക്കാര്‍ഡിട്ടത്. പഞ്ചാബിന്റെ ഗുര്‍ലീന്‍ കൗറിനാണ് (16.38 മീറ്റര്‍) വെള്ളി. കഴിഞ്ഞ വര്‍ഷം ഭോപ്പാലില്‍ നടന്ന ഗെയിംസില്‍ ഉത്തര്‍പ്രദേശ് താരം വിധിയുടെ 17.07 മീറ്റര്‍ റിക്കാര്‍ഡാണ് അനുപ്രിയ പഴങ്കഥയാക്കിയത്. അന്ന് വെള്ളി മെഡല്‍ ജേതാവായിരുന്ന അനുപ്രിയ 15.01 മീറ്റര്‍ ദൂരമായിരുന്നു ഷോട്ട്പുട്ട് പായിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രാപുരില്‍ നടന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ 17.40 മീറ്റര്‍ കണ്ടെത്തിയിരുന്നു.
തൃക്കരിപ്പൂര്‍ തങ്കയത്തെ കെ. ശശിയുടെയും രജനിയുടെയും മകളായ അനുപ്രിയ ഇളമ്പച്ചി ജിസിഎസ് ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്. ചെറുവത്തൂര്‍ മയ്യിച്ചയിലെ കെ.സി. ഗിരീഷ് ആണ് പരിശീലകന്. ഗിരീഷിന്റെ മകന് കെ.സി. സെര്വാന് ഡിസ്കസ് ത്രോയില്‍ 55.76 മീറ്റര്‍ എറിഞ്ഞ് വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു.
Source link