CINEMA

പ്രഭു അഭ്യർഥിച്ചു, ടൊവിനോ ചിത്രത്തിന്റെ പേരുമാറ്റി ലാലും ജീനും; ‘നടികർ തിലകം’ ഇനി ‘നടികർ’


ഒരു ദിവസം നടനും നിര്‍മാതാവുമായ ലാലിന് ഒരു ഫോൺകോൾ. അപ്പുറത്ത് തമിഴ് നടനും സാക്ഷാൽ ശിവാജി ഗണേശന്റെ മകനുമായ പ്രഭു. കുശലാന്വേഷണങ്ങളൊക്കെ കഴിഞ്ഞതോെട, പ്രഭു മടിച്ച് മടിച്ച് ഒരു കാര്യം ചോദിച്ചു, ‘ലാൽ സർ, മലയാളത്തിൽ നടികർ തിലകം എന്നൊരു സിനിമ ഇറങ്ങുന്നു എന്നു കേട്ടു, ശരിയാണോ?’. ‘ഹഹഹ, ശരിയാണ് പ്രഭു സർ, എന്റെ മകൻ ജീൻ ആണ് അത് സംവിധാനം ചെയ്യുന്നത്. പിന്നെ കുറെ സമയത്തേക്ക് വിഷയത്തിൽ തൊടാതെ പ്രഭു പലതും പറഞ്ഞു. എന്നാൽ എന്തോ ഒരു പന്തികേട് ലാലിനു തോന്നി. ഒടുവിൽ ലാൽ‍ ചോദിച്ചപ്പോൾ പ്രഭു മനസ്സു തുറന്നു. ‘‘തമിഴർക്കും ഫാൻസിനുമെല്ലാം ‘നടികർ തിലകം’ എന്നാൽ ശിവാജി ഗണേശനാണ്. അവർക്ക് മറ്റൊരാളെ ആ പേരിൽ സങ്കൽപ്പിക്കാൻ സാധിക്കില്ല. അതുകൊണ്ട് ആ സിനിമയുടെ പേര് ചെറുതായി ഒന്നു മാറ്റാമോ എന്ന് അഭ്യർഥിക്കാൻ എന്നോട് പറഞ്ഞിരിക്കുകയാണ്. ഇത് ഒരിക്കലും ഒരു ആവശ്യമല്ല, ഒരു അഭ്യർഥനയാണ്. നിങ്ങൾക്ക് സാധ്യമാകുമെങ്കിൽ‍ ഒന്നു പരിഗണിച്ചാൽ നന്നായിരുന്നു’’. 
അവിടെ നിന്ന് കൊച്ചിയില്‍ ഒരു പ്രമുഖ ഹോട്ടലിൽ ഒരുക്കിയിട്ടുള്ള വേദിയിൽ വച്ച് ആ കഥയുടെ ബാക്കി ലാലിന്റെ ശബ്ദത്തിൽ കേൾക്കാം. ‘‘പ്രഭു സർ‍ അത് പറയുമ്പോൾ ജീനും കൂട്ടരും കശ്മീരിൽ സിനിമയുടെ ചിത്രീകരണകരണത്തിലാണ്. ഒരാഴ്ചയ്ക്കുള്ളിൽ പൊസിറ്റീവായ ഒരു മറുപടി ഞാന്‍ അറിയിക്കാം എന്ന് പ്രഭു സാറിനോട് പറഞ്ഞു. എന്നാൽ ഒരാഴ്ച എടുക്കുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നി. ഞാൻ പിറ്റേന്ന് തന്നെ കശ്മീരിലെത്തി ജീനിനെ കണ്ട് കാര്യം പറഞ്ഞു. ഇത്തരമൊരു ആവശ്യം നമ്മുടെ അടുക്കൽ ഉന്നയിച്ചതിന് ക്ഷമാപണമൊക്കെ നടത്തിക്കൊണ്ട് ഒരു വോയിസ് മെസ്സേജും പ്രഭു സാർ അയച്ചിരുന്നു. ജീനെ ഞാൻ അത് കേള്‍പ്പിച്ചു കൊടുത്തു. അതു കേട്ടതോടെ എന്റെ മകൻ പറഞ്ഞത്, നമുക്ക് ഇതിന്റെ പേരു മാറ്റാം. പ്രഭു സാറിനെപ്പോലെ വലിയൊരാൾ ഇത്തരമൊരു കാര്യം അഭ്യർഥിക്കുമ്പോൾ അത് ചെയ്യാതിരിക്കുന്നത് ശരിയല്ല. പിതാവിനെപ്പോലെ ഞാൻ ബഹുമാനിക്കുന്ന ആളാണ്. നമുക്ക് വേറെ എന്തെങ്കിലും പേരിടാം എന്നാണ്. പിറ്റേന്ന് തന്നെ ഞാൻ ഇക്കാര്യം പ്രഭു സാറിനെ അറിയിച്ചു. അപ്പോൾ എനിക്ക് തോന്നി, എന്തുകൊണ്ട് ഒരു കാര്യം തിരിച്ചും ചോദിച്ചുകൂടാ? അങ്ങനെ എങ്കിൽ ഈ സിനിമയുടെ പേര് മാറ്റുന്ന കാര്യം പ്രഖ്യാപിക്കാൻ പ്രഭു സാർ തന്നെ കേരളത്തിലേക്ക് വരാമോ എന്നു ചോദിച്ചു. അദ്ദേഹം അത് സന്തോഷത്തോടെ സമ്മതിച്ചു’’, ലാൽ പറഞ്ഞു നിർത്തി.  

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന സിനിമയുടെ പേര് നടികർ എന്ന് പുനർനാമകരണം ചെയ്യുന്ന ചടങ്ങിൽ പ്രഭു, ലാൽ, ടോവിനോ തോമസ്, സുരേഷ് കൃഷ്ണ എന്നിവർ (ചിത്രം ∙ ആറ്റ്ലി ഫെർണാണ്ടസ് ∙ മനോരമ)

അങ്ങനെ ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് ചിത്രം ‘നടികർ തിലക’ത്തിന്റെ പേര് ‘നടികർ’ എന്ന് പ്രഭു ഇന്ന് പുനർനാമകരണം ചെയ്തു. ഒരു വിധത്തിലും സമ്മർദ്ദമോ ആവശ്യമോ ആയി തങ്ങൾ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും അഭ്യർഥന മാനിച്ച് പേരു മാറ്റാൻ തയാറായതിന് ലാലിനും കുടുംബത്തിനും പ്രഭു നന്ദിയും പറഞ്ഞു. നേരത്തെ ‘അമ്മ’ സംഘടനക്ക് അയച്ച കത്തിൽ ‘നടികർ തിലകം ശിവാജി സമൂഗ നള പേരവൈ’ എന്ന സംഘടന ചിത്രത്തിന്റെ പേര് മാറ്റുവാൻ അപേക്ഷിച്ചിരുന്നു. ഇന്ന് ചിത്രത്തിന്റെ പേരുമാറ്റത്തിനൊപ്പം ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ടൊവിനോ നായകനാകുന്ന ചിത്രത്തിൽ ഭാവനയാണ് നായികയാകുന്നത്. സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികറിനുണ്ട്. ചിത്രത്തിന്റെ പേര് മാറ്റം പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രഭുവിനും ലാലിനും പുറമെ ടോവിനോ, സൗബിൻ, സുരേഷ് കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു. ചിത്രം ഈ വർഷം മേയ് 3ന് റിലീസ് ചെയ്യും.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ.രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നു. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്,  ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ചിത്രത്തിന്റെ തിരക്കഥ സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബി ക്യാമറയും യക്സന്‍ ഗാരി പെരേര, നേഹ എസ്.നായര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിക്കുന്നു. രതീഷ് രാജാണ് എഡിറ്റര്‍. പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈൻ നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ – മനോജ് കാരന്തൂർ, ഓഡിയോഗ്രഫി –  ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍.ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ – അരുൺ വർമ്മ MPSE, കൊറിയോഗ്രാഫി – ഭൂപതി, ആക്ഷൻ – കാലൈ കിങ്സൺ, വിഷ്വൽ എഫ് എക്സ് – മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ – രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി – വിവി ചാർളി, പ്രോമോ ഡിസൈൻ –  സിജെ അച്ചു, പബ്ലിസിറ്റി ഡിസൈൻ – ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ – അനൂപ് സുന്ദരൻ, പിആർഓ – ശബരി.


Source link

Related Articles

Back to top button