CINEMA

സമാനമായ അനുഭവങ്ങളുള്ള സ്ത്രീകളുണ്ട്: പറയേണ്ട കഥ തന്നെ: വിവേകാന്ദനെക്കുറിച്ച് മാലാ പാർവതി

‘വിവേകാന്ദൻ വൈറലാണ്’ എന്ന സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയത്തിലൂടെ പല സ്ത്രീകളും കടന്നുപോകുന്നുണ്ടെന്ന് നടി മാലാ പാർവതി. ‘‘വിവേകാന്ദൻ വൈറലാണ് എന്ന ചിത്രം കണ്ട്, ചില സ്ത്രീകളുടെ മെസ്സേജുകൾ വന്നു. സമാനമായ അനുഭവങ്ങൾ ഉള്ള സുഹൃത്തുക്കൾ അവർക്കുണ്ട് എന്നാണ് മെസ്സേജിന്റെ ഉള്ളടക്കം. പറയേണ്ട കഥ തന്നെയായിരുന്നു എന്ന്. വിളിച്ചവർക്കും, മെസേജ് അയച്ചവർക്കും നന്ദി.’’–മാലാ പാർവതി കുറിച്ചു.
ഷൈൻ ടോം–കമൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ടൈറ്റിൽ കഥാപാത്രമായാണ് ഷൈൻ എത്തുന്നത്. ഷൈൻ ചെയ്യുന്ന വിവേകാനന്ദൻ എന്ന കഥാപാത്രത്തിന്റെ  അമ്മയുടെ വേഷം ചെയ്യുന്നത് മാലാ പാർവതിയാണ്.

മൃഗീയമായ സ്വഭാവമുള്ള വിവേകാനന്ദൻ എന്ന ഒരു വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിലൂടെ തുറന്ന് കാട്ടുന്നത്. അയാളുടെ സ്വഭാവദൂഷ്യം കാരണം വലയുന്ന സ്ത്രീകളുടെ ഒരു പോരാട്ടമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. വിവേകാനന്ദനായി ഷൈൻ ടോം ചാക്കോ നിറഞ്ഞാടുമ്പോൾ സ്വാസിക, ഗ്രേസ് ആന്റണി, മറീന മൈക്കിൾ എന്നിവരും മികച്ച അഭിനയ മുഹൂർത്തങ്ങൾ പങ്കുവച്ച് കൈയ്യടി നേടുന്നു. 

സമൂഹത്തിന് മികച്ചൊരു സന്ദേശം കൈമാറുന്ന ചിത്രം രസകരവും അതേ സമയം ഏറെ ചിന്തിപ്പിക്കുന്ന രീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്. കാലമിത്ര വളർന്നിട്ടും ഇന്നും സ്ത്രീയെ അടിമകളാക്കി ലൈംഗിക ഉപകരണങ്ങളാക്കി അടിച്ചമർത്തി ജീവിക്കുന്നവർക്ക് കൈ നിവർത്തി ചെകിടത്ത് കൊടുത്ത അടി തന്നെയാണ് ഈ ചിത്രം. പത്ത് വർഷങ്ങൾക്ക് മുൻപ് 22 ഫീമെയിൽ കോട്ടയത്തിലൂടെ ആഷിക് അബു മുന്നോട്ട് വച്ച വിഷയം മറ്റൊരു പരിചരണ രീതിയിലൂടെ സമൂഹത്തിൽ വീണ്ടും ചർച്ചാവിഷയമാക്കുകയാണ് കമൽ ചെയ്യുന്നത്. 

ഓരോ പെൺകുട്ടിയും കണ്ടിരിക്കേണ്ട ചിത്രം കുടുംബത്തോടൊപ്പം തിയറ്ററിൽ പോയി കാണാൻ വിഷയത്തിന്റെ പ്രസക്തിയും ചിത്രത്തിന്റെ ദൃശ്യഭംഗിയും ആവശ്യപ്പെട്ടുന്നുണ്ട്. സമൂഹ മാധ്യമങ്ങൾ ഇന്നു ഏറെ പ്രസക്തമായി ചർച്ച ചെയ്യപ്പെടുന്ന വിഷയം പ്രാധാന്യത്തോടെ തന്റെ സിനിമയിൽ ചർച്ച ചെയ്യാൻ കമൽ കാണിച്ച ധൈര്യം എടുത്തു പറയേണ്ടതാണ്.  സമൂഹത്തിൽ ഒരുപാട് ചർച്ചകൾക്ക് വഴിതുറന്നേക്കാവുന്ന നല്ല സിനിമയാണ് വിവേകാനന്ദൻ വൈറലാണ്.

English Summary:
Maala Parvathy About Vivekandan Viraalanu Movie


Source link

Related Articles

Back to top button