ശ്രീനിയുടെ വീഴ്ച കണ്ട് എല്ലാവരും ചിരിച്ചു, കൂടെ ലാലും, പക്ഷേ ആ ചിരി ക്യാമറയിൽ വന്നില്ല: സത്യൻ അന്തിക്കാട്
മോഹൻലാലിനൊപ്പമുള്ള പ്രിയങ്കരമായ ഓർമകൾ പങ്കുവച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. മക്കളായ അനൂപും അഖിലും കുട്ടികളായിരിക്കുമ്പോൾ താൻ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകൻ ലാൽ അല്ല എന്ന് പറഞ്ഞാൽ അവർ പിണങ്ങാറുണ്ടായിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറയുന്നു. അഭിനയത്തിലും സ്വഭാവത്തിലും ഒരിക്കലും ഒരു മാറ്റവും വരാത്ത സുഹൃത്താണ് മോഹൻലാൽ. ‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു ഷോട്ടിനിടെ ശ്രീനിവാസൻ വീഴാൻ പോകുമ്പോൾ മോഹൻലാൽ പ്രകടിപ്പിച്ച മനസ്സാന്നിധ്യം ഒന്ന് മതി എത്ര മികച്ച അഭിനേതാവാണ് മോഹൻലാൽ എന്ന് മനസ്സിലാക്കാൻ. ദൈവം കനിഞ്ഞനുഗ്രഹിച്ച അഭിനയവാസനയാണ് മോഹൻലാലിന്റേതെന്നും മോഹൻലാലിനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷവും നന്ദിയുമുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. പ്രഫസര്‍ എം.കെ.സാനു രചിച്ച ‘മോഹൻലാൽ അഭിനയ കലയുടെ ഇതിഹാസം’ എന്ന പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘മോഹൻലാലിനെ പറ്റി എത്ര പറഞ്ഞാലും അധികമാവില്ല. കാരണം എല്ലാവർക്കും പ്രിയപ്പെട്ടവൻ ആണ് മോഹൻലാൽ. ഇന്ന് സംവിധാന രംഗത്തുള്ള എന്റെ മക്കൾ അനൂപ് സത്യനും അഖിൽ സത്യനും കുട്ടികളായിരുന്ന കാലത്ത് ഞാൻ ലാൽ ഇല്ലാത്ത ചില സിനിമകൾ ചെയ്യുമ്പോൾ എന്റെ അടുത്ത് വന്ന് ചോദിക്കും, അച്ഛന്റെ അടുത്ത സിനിമയിൽ നായകൻ മോഹൻലാൽ ആണോ? , ഞാൻ പറയും അല്ല ജയറാമാണ്, അല്ലെങ്കിൽ വേറെ ഏതെങ്കിലും ഒരു നടൻ ആയിരിക്കും. പിന്നെ കുറച്ചു ദിവസത്തേക്ക് അവർ എന്നോട് മിണ്ടാറില്ല. കാരണം അവർ അത്രയും അന്ധമായി അദ്ദേഹത്തെ ആരാധിക്കുന്നതാണ്.
കഴിഞ്ഞ ഒരു സിനിമയുടെ ഷൂട്ടിങ്ങിലൂടെ ഉണ്ടാകുന്ന ഒരു അനുഭവം പറയാം, തൃശൂരിലെ പ്രശസ്തയായ ഒരു ഗൈനക്കോളജിസ്റ്റ് ഡോക്ടർ ദീപ്തി കുടുംബസമേതം ഷൂട്ടിങ്ങ് കാണാൻ വന്നു. എന്റെ കുടുംബ സുഹൃത്താണ് അവർ. ലാലിന്റെ അടുത്തുനിന്ന് ഫോട്ടോയൊക്കെ എടുത്തിട്ട് മാറിനിന്ന് എന്നോട് സ്വകാര്യം പോലെ പറഞ്ഞു ഇത് എന്റെ ജീവിതത്തിലെ വലിയൊരു ധന്യ നിമിഷമാണ്. കാരണം അവർ പത്താം ക്ലാസിൽ പഠിക്കുമ്പോൾ റാങ്ക് സമ്പ്രദായം ഉള്ള സമയമാണ്, അന്ന് അവർക്ക് സെക്കൻഡ് റാങ്ക് കിട്ടിയിട്ട് അവർ അച്ഛനോട് ആവശ്യപ്പെട്ടത് എനിക്ക് മോഹൻലാലിനൊപ്പം ഒരു ഫോട്ടോ എടുക്കണം എന്നായിരുന്നു. അന്ന് മോഹൻലാലിന്റെ കൂടെ എടുത്ത ആ പത്താം ക്ലാസിലെ ഫോട്ടോ അവർ എന്നെ കാണിച്ചു.
പിന്നീട് അവരുടെ മകൾ പത്താം ക്ലാസിൽ പഠിക്കുമ്പോഴും മോഹൻലാൽ അങ്ങനെ തന്നെ ഇരിക്കുകയാണ്, മോഹൻലാലിന് മാറ്റങ്ങൾ ഒന്നുമില്ല. ഇപ്പോഴും മോഹൻലാൽ അങ്ങനെ തന്നെയാണ്. അത് ഇതിൽ മാത്രമല്ല അഭിനയത്തിലും പെരുമാറ്റത്തിലും സ്വഭാവത്തിലും എല്ലാം ഒരു മാറ്റവും ഇല്ലാത്ത സുഹൃത്താണ് അദ്ദേഹം. ഞാൻ പലപ്പോഴും പറയാറുണ്ട് പിണങ്ങാൻ സമ്മതിക്കാത്ത സുഹൃത്താണ് മോഹൻലാലെന്ന്. ഞാൻ പലപ്പോഴും പിണങ്ങാൻ ശ്രമിച്ചു നോക്കിയിട്ടുണ്ട്, നടന്നിട്ടില്ല കാരണം ലാലിന് അത് ഏൽക്കാറില്ല. ഇവിടെ ഇപ്പോൾ ഡോക്ടർ ആനന്ദ് പറഞ്ഞതുപോലെ ലാലുപോലും അറിയാതെ ലാലിനു കിട്ടിയിരിക്കുന്ന ദൈവാനുഗ്രഹമാണ് അഭിനയ വാസന.
ഒരിക്കൽ ഫാസിൽ എന്നോട് പറഞ്ഞു ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് ഒരു നീണ്ട ഡയലോഗ് ഉണ്ട്, ‘‘ഒന്നുകിൽ നകുലൻ അല്ലെങ്കിൽ ഗംഗ ആരെങ്കിലും ഒരാൾ നമുക്ക് നഷ്ടപ്പെട്ടേ പറ്റൂ’’, ഇതു കഴിഞ്ഞു വരുന്ന ഒരു ഷോട്ട് എടുത്തു കഴിഞ്ഞു ഫാസില്‍, ലാലിന്റെ അടുത്ത് വന്നു പറഞ്ഞു നമുക്കിത് ഒന്നുകൂടി എടുക്കാം. ലാൽ പറഞ്ഞു, പിന്നെന്താ എടുക്കാം. എന്നിട്ട് എന്താണ് കാരണം എന്ന് ചോദിച്ചു. അപ്പോൾ ഫാസിൽ പറഞ്ഞു ‘‘ലാൽ ഡയലോഗ് പറയുന്നതിന് ഇടയിൽ കുറച്ച് ലാഗ് ചെയ്തിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്’’.
ലാൽ പറഞ്ഞു ‘‘വേണമെങ്കിൽ എടുക്കാം പാച്ചിക്ക, എനിക്ക് അറിയില്ല അങ്ങനെ വന്നോ എന്ന്. പാച്ചിക്ക ആക്ഷൻ പറഞ്ഞതേ എനിക്ക് ഓർമയുള്ളൂ, പിന്നെ കട്ട് പറഞ്ഞപ്പോഴാണ് ഞാൻ മാറിയത്’’. ആ ഒരു വാചകത്തിൽ ഫാസിൽ പറഞ്ഞു, വേണ്ട ഇനി രണ്ടാമത് എടുക്കേണ്ട എന്ന്. കാരണം ലാൽ പറഞ്ഞത് ഇങ്ങനെയാണ് പാച്ചിക്ക ആക്ഷൻ പറഞ്ഞതേ ഞാൻ ഓർക്കുന്നുള്ളൂ പിന്നെ ഞാൻ അഭിനയിക്കുകയായിരുന്നു, എനിക്ക് ഓർമയില്ല തെറ്റു പറ്റിയിട്ടുണ്ടാകാം. അഭിനയം അവനവൻ അറിയാതെ ചെയ്യുന്ന ഒരു പ്രകടനമാണ്. എനിക്ക് ലാലിനെപ്പറ്റി നൂറു നൂറു കാര്യങ്ങൾ പറയാനുണ്ട്. ലാലിനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ് എന്നാണ് ഞാൻ കരുതുന്നത്.
എന്റെ സിനിമയിൽ മോഹൻലാലിനെ ക്യാമറയിൽ മുന്നിൽ നിർത്തി ആദ്യം കണ്ടത് ഞാനല്ലേ, അതിന്റെ സന്തോഷം എനിക്ക് എന്നും ഉണ്ടാകും ‘‘എന്താ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തത്’’ എന്നൊക്കെയുള്ള ഡയലോഗുകൾ ആദ്യം കേട്ടത് ഞാനാണ്. ഞങ്ങൾ ഉണ്ടാക്കിയ സിനിമ ആണെങ്കിൽ തന്നെയും. അതുപോലെതന്നെ ലാലിന്റെ മനസ്സാന്നിധ്യം വളരെ വലുതാണ്. ചില തെറ്റുകൾ പോലും നമുക്ക് തിരുത്തി തരും. മോഹൻലാലും ശ്രീനിവാസനും എന്റെ കൂടെ ഉള്ളതുകൊണ്ടാണ് എനിക്ക് ഇന്ന് ഇവിടെ നിൽക്കാൻ പറ്റുന്നത്.
‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന സിനിമയിൽ ശ്രീനിവാസൻ വാടക വീട് ഒഴിപ്പിക്കാൻ ചെല്ലുമ്പോൾ ഗോപാലകൃഷ്ണ പണിക്കർ എന്ന ലാലിന്റെ കഥാപാത്രം ശ്രീനിവാസനെ ജീപ്പിൽ കൊണ്ടുവരുന്ന ഒരു സീൻ ഉണ്ട്. ജീപ്പ് വന്നു നിന്ന് ജീപ്പിൽ നിന്നും ഇൻസ്പെക്ടർ രാജേന്ദ്രൻ ചാടി ഇറങ്ങുമ്പോൾ ഷൂ തെന്നിയിട്ട് വീഴാൻ പോകുന്നുണ്ട് ശ്രീനിവാസൻ. ഞാൻ ഷോട്ട് കട്ട് ചെയ്തില്ല അത് അതുപോലെതന്നെ അഭിനയിപ്പിച്ചു. മോഹൻലാലും അതിന്റെ ഒപ്പം അഭിനയിച്ചു. ഇന്നത്തെപ്പോലെ അന്ന് മോണിറ്റർ ഒന്നുമില്ല നമുക്ക് രണ്ടാമത് കാണാൻ പറ്റില്ല. ഒരു മാസമൊക്കെ കഴിഞ്ഞിട്ടാണ് പിന്നെ അത് കാണുന്നത്. നമ്മുടെ കണ്ണിന്റെ ജഡ്ജ്മെന്റ് ആണ്. ഷോട്ടിന്റെ സമയത്ത് ആ വീഴ്ച കണ്ട് എല്ലാവരും ചിരിച്ചു, മോഹൻലാലും ചിരിച്ചു.
ക്യാമറാമാൻ അടക്കം പറഞ്ഞു നമുക്ക് ഒന്നുകൂടി എടുക്കാം. ഞാൻ ലാലിനോട് ചോദിച്ചു ലാൽ ചിരിച്ചോ? മോഹൻലാൽ പറഞ്ഞു,‘‘ഞാൻ ചിരിച്ചു പക്ഷേ സത്യേട്ടൻ നോക്കിക്കോ ആ ചിരി ക്യാമറയിൽ കാണില്ല, കാരണം ഞാൻ കുടയും ബാഗും വെച്ച് ആ ചിരി മറച്ചു.’’ മോഹൻലാൽ ചിരിക്കുന്നത് ഞാൻ കണ്ടതാണ്. പക്ഷേ ഇപ്പോഴും ആ ഷോട്ട് നോക്കിയാൽ മോഹൻലാലിന്റെ ചിരി കാണില്ല. ‘‘വീട് ഒഴിയാൻ പറ, വീട് ഒഴിയാൻ പറ’’ എന്ന് പറയുന്ന ഡയലോഗ് ഉണ്ട്, അതിനിടയിൽ ലാൽ ചിരിക്കുന്നുണ്ട്, അത് പക്ഷേ നമ്മൾ കാണുന്നില്ല. ഇതിനെയാണ് മനസ്സാന്നിധ്യം എന്ന് പറയുന്നത്. പലപ്പോഴും ഇതൊക്കെ ദൈവാനുഗ്രഹം എന്നാണ് ഞാൻ പറയുന്നത്. ലാൽ അറിയാതെയാണ് ലാൽ നന്നായി അഭിനയിച്ചു പോകുന്നതാണ്.
വലിയ മുന്നൊരുക്കങ്ങൾ ഒന്നും ലാൽ നടത്തുന്നത് ഞാൻ കണ്ടിട്ടില്ല. അതുവരെ നമ്മളോട് തമാശ പറഞ്ഞ് ചിരിച്ച് സംസാരിച്ച് നിൽക്കുന്ന ആൾ ടേക്ക് എന്ന് കേൾക്കുമ്പോൾ തന്നെ മറ്റൊരാൾ ആയി മാറുകയാണ്. ലാലിന്റെ അഭിനയം കണ്ട് ക്യാമറയുടെ പിന്നിൽ നിന്ന് ഞാൻ ചിരിച്ചിട്ടുണ്ട്, എന്റെ കണ്ണു നിറഞ്ഞിട്ടുണ്ട്, ഞാൻ കരഞ്ഞിട്ടുണ്ട്. ഇതൊക്കെ ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ ഭാഗ്യമാണ്. അത്രയും വലിയ ഭാഗ്യം എന്റെ ജീവിതത്തിൽ കൊണ്ടുവന്ന മോഹൻലാലിനെക്കുറിച്ച് ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന എം.കെ. സാനു മാഷ് ഒരു പുസ്തകം എഴുതി എന്നുള്ളത് ഒരു സുഹൃത്ത് എന്ന നിലയിൽ എന്റെ ഏറ്റവും വലിയ അഭിമാനമാണ്, സന്തോഷമാണ്. മാഷിനും ശ്രീ മോഹൻലാലിനും എല്ലാവിധ ആശംസകളും നേരുന്നു.’’–സത്യൻ അന്തിക്കാട് പറഞ്ഞു.
Source link