രാജ്യാന്തര കായിക ഉച്ചകോടിക്ക് ഇന്നു തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായികവിഭവ ശേഷി അന്താരാഷ്ട്രതലത്തിൽ ഉയർത്താൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് ഇന്ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കമാകും. വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. കായികമന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാർ, നിയമസഭാ പാർലമെന്റ് അംഗങ്ങൾ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, വിവിധ വകുപ്പ് മേധാവികൾക്കൊപ്പം മുൻ ഇന്ത്യൻ അത്ലറ്റ് അശ്വിനി നച്ചപ്പ, ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണ്, മിന്നുമണി എന്നിവർ പങ്കെടുക്കും. നാലു ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയുടെ ഭാഗമായി 13 വിഷയങ്ങളിൽ 105 കോണ്‍ഫറൻസുകളും സെമിനാറുകളും സ്പോർട്സ് എക്സ്പോ, ചലച്ചിത്രോത്സവം എന്നിവയും നടക്കും.
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളായ ഐ. എം. വിജയൻ, ബൈച്ചുങ് ബുടിയ, സി.കെ. വിനീത്, ബാസ്കറ്റ്ബാൾ താരം ഗീതു അന്ന ജോസ്, ഗഗൻ നാരംഗ്, രഞ്ജിത്് മഹേശ്വരി, ദേശീയ അത്ലറ്റിക്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ്, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാണ്‍ ചൗബേ, മുൻ സെക്രട്ടറി ഷാജി പ്രഭാകരൻ, ഇന്ത്യൻ അത്ലറ്റിക് ടീം കോച്ച് രാധാകൃഷ്ണൻ നായർ, മുൻ ക്രിക്കറ്റ് അന്പയർ കെ.എൻ. രാഘവൻ, നിവിയ സ്പോർട്സ് സിഇഒ രാജേഷ് കാർബന്ധെ, റിയൽ മാഡ്രിഡ് സെന്റർ പരിശീലകൻ ബഹാദൂർ ഷാഹിദി ഹാങ്ങ്ഹി, എസി മിലാൻ ടെക്നിക്കൽ ഡയറക്ടർ ആൽബർട്ടോ ലി ക്യാണ്ടേല, റിയൽ മാഡ്രിഡ് മുൻ താരം മിഗ്വേൽ കോണ്‍സൽ ലാർസണ് തുടങ്ങിയവർ ഉച്ചകോടിയിലെത്തും.
Source link