ഒന്നാം നന്പറായ ഷ്യാങ്ടെക്കിനെ അട്ടിമറിച്ച് നോസ്കോവ പ്രീക്വാർട്ടറിൽ
മെൽബണ്‍: എയ്സുകളുടെ രാജകുമാരിയായി ചെക് കൗമാര താരം ലിൻഡ നോസ്കോവ. ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ സിംഗിൾസ് മൂന്നാം റൗണ്ടിൽ ലോക ഒന്നാം നന്പർ താരമായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിനെ അട്ടിമറിച്ച് പത്തൊന്‍പതുകാരിയായ നോസ്കോവ പ്രീക്വാർട്ടറിൽ. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 10 എയ്സുകളാണ് നോസ്കോവ ലോക ഒന്നാം നന്പറിനെതിരേ പായിച്ചത്. 50-ാം റാങ്കുകാരിയായ ചെക് താരത്തിനെതിരേ ഷ്യാങ്ടെക്കിന് നാല് എയ്സ് മാത്രമേ പായിക്കാൻ സാധിച്ചുള്ളൂ. 3-6, 6-3, 6-4നാണ് പത്തൊന്‍പതുകാരിയായ നോസ്കോവയുടെ ജയം. ഷ്യാങ്ടെക് തുടർച്ചയായ 18 ജയങ്ങൾക്കുശേഷമാണ് തോൽവി അറിയുന്നത്. ആദ്യസെറ്റ് പോളിഷ് താരം നേടിയതോടെ പ്രീക്വാർട്ടർ ഉറപ്പിച്ചുവെന്നു തോന്നി. എന്നാൽ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തിയ ലോക 50-ാം റാങ്ക് താരം മത്സരം ഒന്നാം റാങ്കുകാരിയിൽനിന്നു പിടിച്ചെടുത്തു. ഓസ്ട്രേലിയൻ ഓപ്പണിലെ ആദ്യ ആഴ്ച പൂർത്തിയായതോടെ വനിതകളിൽ ആദ്യ പത്ത് സീഡിലുള്ള മൂന്നുപേർ മാത്രമാണ് നിലനിൽക്കുന്നത്. അസരെങ്ക, സ്വിറ്റോലിന 11 സീഡ് യെലേന ഒസ്റ്റാപെങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് (6-1, 7-5) തോൽപ്പിച്ച് 18-ാം സീഡ് വിക്ടോറിയ അസരെങ്ക പ്രീക്വാർട്ടറിൽ. ചൈനയുടെ ക്വിൻവെൻ ഷെംഗ് 6-4, 2-6, 7-6(10-8)ന് വാങ് യിഹാനെയും എലിന സ്വിറ്റോലിന 6-2, 6-3ന് വിക്ടോറിയ ഗോലുബിക്കിനെയും പരാജയപ്പെടുത്തി പ്രീക്വാർട്ടറിലെത്തി. സൊളേൻ സ്റ്റീഫൻസ്, എമ്മ നവാരോ, അന്ന ബ്ലിങ്കോവ എന്നിവർ പുറത്തായി.
അൽകരസ്, മെദ്വദേവ് പുരുഷന്മാരുടെ സിംഗിൾസിൽ ലോക രണ്ടാം റാങ്ക് സ്പെയിനിന്റെ കാർലോസ് അൽകരസ് വാക്കോവറുമായി പ്രീക്വാർട്ടറിൽ. മൂന്നാം റൗണ്ട് മത്സരത്തിൽ 6-1, 6-1, 1-0ന് അൽകരസ് മുന്നിട്ടുനിൽക്കേ ചൈനയുടെ ഷാങ് ജൻചെങ് പരിക്കേറ്റ് പിന്മാറിയതോടെയാണ് അൽകരസിന് വാക്കോവർ ലഭിച്ചത്. ലോക മൂന്നാം റാങ്ക് ഡാനിൽ മെദ്വദേവ് 6-3, 6-4, 6-3ന് ഫെലിക്സ് അഗ്വർ അലിയാസിമിനെ തോൽപ്പിച്ചു. ലോക ആറാം നന്പർ അലക്സാണ്ടർ സ്വരേവ് 6-2, 7-6(7-4), 6-2ന് അലക്സ് മൈക്കിൾസണിനെ പരാജയപ്പെടുത്തി. 69-ാം റാങ്കുകാരൻ പോർച്ചുഗലിന്റെ നൂനോ ബോർഗസ് 13-ാം റാങ്കുകാരൻ ഗ്രിഗർ ദിമിത്രോവിനെ അട്ടിമറിച്ചു. 6-7(3-7), 6-4, 6-2, 7-6(8-6)നാണ് പോർച്ചുഗീസ് താരത്തിന്റെ ജയം. ഒന്‍പതാം റാങ്ക് ഹ്യുബർട്ട് ഹർകാസ് 3-6, 6-1, 7-6(7-4),6-3ന് യുഗോ ഹംബർട്ടിനെ തോൽപ്പിച്ചു പ്രീക്വാർട്ടറിൽ. 11-ാം റാങ്കിലെ കാസ്പർ റൂഡ്, 14-ാം റാങ്ക് ടോമി പോൾ എന്നിവരും പുറത്തായി. നോസ്കോവ 2023 നവംബർ 17നാണ് ലിൻഡ നോസ്കോവയ്ക്ക് 19 വയസ് പൂർത്തിയായത്. 2022 ഓഗസ്റ്റിൽ വനിതാ സിംഗിൾസ് ലോകറാങ്കിംഗിൽ ആദ്യ 100ൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നോസ്കോവ. 2023 ഫെബ്രുവരിയിൽ ആദ്യ 50ൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും കുറിച്ചു.
Source link