സിറിയയിൽ ഇസ്രേലി വ്യോമാക്രമണം; ഇറേനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇറേനിയൻ വിപ്ലവഗാർഡ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രേലി സേന വ്യോമാക്രമണം നടത്തി. അഞ്ചു പേർ കൊല്ലപ്പെട്ടതായി സിറിയൻ ഒബർവേറ്ററി സംഘടന അറിയിച്ചു. ഇതിൽ നാലു പേർ വിപ്ലവ ഗാർഡിലെ സൈനിക ഉപദേഷ്ടാക്കളാണെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഡമാസ്കസിൽ സൈനിക വിമാനത്താവളവും നയതന്ത്ര കാര്യാലയങ്ങളും സ്ഥിതിചെയ്യുന്ന മാസേ മേഖലയിലെ നാലു നില കെട്ടിടത്തിലാണ് ആക്രമണമുണ്ടായത്. ഇസ്രേലി യുദ്ധവിമാനങ്ങൾ നാലു മിസൈലുകളാണ് തൊടുത്തത്. കെട്ടിടം പൂർണമായി തകർന്നു. ഇറേനിയൻ വിപ്ലവഗാർഡിലെ ഇന്റലിജൻസ് യൂണിറ്റിനെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്ന് അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. വിപ്ലവഗാർഡിലെ മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ സിറിയയിലെ സഹായികളും യോഗം ചേരുന്നതിനിടെയാണ് മിസൈൽ ആക്രമണമുണ്ടായത്.
ഏതാനും സിറിയൻ സേനാംഗങ്ങളും വിപ്ലവഗാർഡിലെ നാല് സൈനിക ഉപദേഷ്ടാക്കളും കൊല്ലപ്പെട്ടുവെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ പേരോ പദവിയോ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞമാസം ഇസ്രേലി സേന ഡമാസ്കസ് പ്രാന്തത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറേനിയൻ ജനറൽ സയ്യദ് റാസി മൂസാവി കൊല്ലപ്പെട്ടിരുന്നു. ഇറാൻ തിങ്കളാഴ്ച ഇസ്രേലി ചാരസംഘടനയായ മൊസാദിന്റെ രഹസ്യകേന്ദ്രം ലക്ഷ്യമിട്ട് ഇറാക്കിലെ ഇർബിൽ നഗരത്തിൽ നടത്തിയ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ സിറിയയിൽനിന്ന് വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം ഉണ്ടായിരുന്നു.
Source link