CINEMA

ബദൽ സിനിമകളുടെ വെള്ളിത്തിരയ്ക്ക് എട്ടാം പിറന്നാൾ

സമാന്തര സിനിമകൾക്കായി തുടക്കമിട്ട ബദൽ വെള്ളിത്തിര  എട്ടാം പിറന്നാൾ ആഘോഷിക്കുന്നത് വ്യത്യസ്തമായ രീതിയിൽ. നഗരമധ്യത്തിൽ നളന്ദ ഓഡിറ്റോറിയം റോഡിലെ മാനാഞ്ചിറ ടവേഴ്സിനു മുകളിൽ പ്രവർത്തിക്കുന്ന ‘ഓപ്പൺ സ്ക്രീൻ’ എന്ന കൂട്ടായ്മയാണ് കേൾവി ശക്തിയില്ലാത്തവർക്കും സംസാരശേഷിയില്ലാത്തവർക്കും ആസ്വദിക്കാവുന്ന സിനിമകൾ കോർത്തിണക്കി ചലച്ചിത്രമേളയൊരുക്കുന്നത്. ഓപ്പൺ സ്ക്രീനിന്റെ എട്ടാംപിറന്നാൾ ദിനമായ 26നാണ് ചലച്ചിത്രമേള തുടങ്ങുന്നത്. 
മലയാളത്തിലെ കച്ചവട സിനിമകൾക്ക് തീയറ്ററുകളിൽ റിലീസിന് അവസരം ലഭിക്കുന്നുണ്ട്. എന്നാൽ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ  ലഭിച്ച മികച്ച കലാമൂല്യമുള്ള സിനിമകൾ ഒരു തവണ പോലും വലിയ സ്ക്രീനിൽ പ്രേക്ഷകർക്കുമുന്നിൽ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കാറില്ല. കൃത്യമായ രാഷ്ട്രീയബോധവും മാനുഷികബോധവുമുള്ള സമാന്തര സിനിമകൾ ആളുകൾ കാണാതെ പെട്ടിയിലിരിക്കേണ്ട അവസ്ഥയാണുള്ളത്. ഇത്തരം സിനിമകൾ കാണാനാഗ്രഹിക്കുന്ന ഒരു വിഭാഗം പ്രേക്ഷകർക്ക് അതിനുള്ള അവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓപ്പൺ സ്ക്രീൻ എന്ന ബദൽ വെള്ളിത്തിരയ്ക്ക് തുടക്കമായത്. 

ഏഴുപേരാണ് ഈ കൂട്ടായ്മയ്ക്കു തുടക്കമിട്ടത്. 2016 ജനുവരി 26നാണ് ഭൂമയ എന്ന ഷോർട്ഫിലിം പ്രദർശിപ്പിച്ച് ഓപ്പൺ സ്ക്രീൻ പ്രവർത്തനം തുടങ്ങിയത്. വിവിധ ചലച്ചിത്ര പുരസ്കാരങ്ങൾ‍ നേടിയ റഹ്മാൻ ബ്രദേഴ്സിന്റെ ‘ചവിട്ട്’, ‘കളിപ്പാട്ടക്കാരൻ’, വിനു കോളിച്ചാൽ സംവിധാനം ചെയ്ത ‘ബിലാത്തിക്കുഴൽ’,  ഡോൺ പാലത്രയുടെ ‘ശവം’, ‘വിത്ത്’, പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ‘കുറ്റിപ്പുറം പാലം’, ‘അവൾക്കൊപ്പം’ തുടങ്ങി അനേകം സമാന്തരസിനിമകൾ ഓപ്പൺസ്ക്രീനിലാണ് പ്രദർശിപ്പിച്ചത്. സംവിധായകർ കാണികളുമായി നേരിട്ട് സംവദിക്കുകയും ചെയ്തിരുന്നു. 

ചുരുങ്ങിയ ചെലവിൽ ഇത്തരം സിനിമകൾ കാണാനുള്ള അവസരമാണ് ഓപ്പൺസ്ക്രീൻ ഒരുക്കിയത്. പലപ്പോഴും മുറിവാടകയടക്കമുള്ളതിനു  പ്രവർത്തകർ ബാക്കി സമയം മറ്റു ജോലികൾ ചെയ്താണ് പണം കണ്ടെത്തിയിരുന്നത്. കോവിഡ് കാലത്ത് കടുത്ത പ്രതിസന്ധിയിലായെങ്കിലും അതും അതിജീവിച്ചു. നിലവിൽ മലബാർ മേഖലയിലെ സിനിമാവിദ്യാർഥികളും ഗവേഷകരും നിരൂപകരുമടക്കമുള്ള അനേകം പേർ ഇത്തരം സിനിമകൾ കാണാൻ ആശ്രയിക്കുന്നത് ഓപ്പൺ സ്ക്രീനിനെയാണ്. എല്ലാ വ്യാഴവും വൈകിട്ട് രാജ്യാന്തര നിലവാരമുള്ള സിനിമകളും ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിച്ചുവരുന്നുമുണ്ട്. 

ഒരു വനിതയാണ്  ഓപ്പൺ സ്ക്രീനിന് നേതൃത്വം നൽകുന്നത് എന്നതും സമാന്തര ചലച്ചിത്രമേഖലയിൽ ഇതാദ്യമാണ്.ഓപ്പൺ സ്ക്രീനിന്റെ എട്ടാം പിറന്നാളിനോടനുബന്ധിച്ച് വ്യത്യസ്തമായ ചലച്ചിത്രമേളയാണ് ഒരുക്കുന്നതെന്ന് ഓപ്പൺസ്ക്രീനിന്റെ അമരക്കാരിയായ രേവതി സാവി പറഞ്ഞു. ‘റസണൻസ്–ദ് ഫെസ്റ്റിവൽ ഓഫ് സൈലൻസ്’ എന്നാണ് ചലച്ചിത്രമേളയ്ക്കു പേരിട്ടിരിക്കുന്നത്.
കേൾവിയില്ലാത്തവർക്കും സംസാരശേഷിയില്ലാത്തവർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള ഏഴോളം ഹ്രസ്വ സിനിമകളും ഫീച്ചർ സിനിമകളുമാണ് ഈ ചലച്ചിത്രമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചലച്ചിത്രമേളയുടെ വോളന്റിയർമാരും കേൾവി–സംസാര പരിമിതരാണ്. പരിമിതികളെ മറികടന്ന് സിനിമയിൽ സജീവമാകാൻ ഇവരെ പിന്തുണയ്ക്കുക എന്നതാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. ഇത്തവണത്തെ ഫെസ്റ്റിവലിലൂടെ എങ്ങനെ ഒരു ചലച്ചിത്രമേള നടത്താമെന്ന പരിശീലനം ഇവർക്കുലഭിക്കും. തുടർന്ന് അടുത്തവർഷം ഈ കൂട്ടായ്മ സ്വന്തമായി ചലച്ചിത്രമേള ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:
Parallel cinema space with a different film festival


Source link

Related Articles

Back to top button