ഇറാൻ-പാക് വിദേശ മന്ത്രിമാർ ഫോണിൽ ചർച്ച നടത്തി
ഇസ്ലാമാബാദ്: പരസ്പരമുള്ള ആക്രമണങ്ങൾക്കു പിന്നാലെ ബന്ധം മെച്ചപ്പെടുത്താനും സംഘർഷം തണുപ്പിക്കാനുമുള്ള ശ്രമത്തിൽ ഇറാനും പാക്കിസ്ഥാനും. ഇറേനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും പാക് കാവൽ സർക്കാരിലെ വിദേശകാര്യമന്ത്രി ജലീൽ അബ്ബാസ് ജിലാനിയും ഇന്നലെ ഫോണിൽ ചർച്ച നടത്തി. പരസ്പര വിശ്വാസത്തിലധിഷ്ഠിതമായി ഏതു വിഷയത്തിലും ഇറാനുമായി സഹകരിക്കാനുള്ള സന്നദ്ധത പാക്കിസ്ഥാൻ അറിയിച്ചതായി അവരുടെ വിദേശകാര്യമന്ത്രാലയം പറഞ്ഞു. സുരക്ഷാ വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പാക് മന്ത്രി ചൂണ്ടിക്കാട്ടി. പാക് മന്ത്രി ജിലാനി ഇന്നലെ തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിഡാനുമായും ഫോണിൽ ചർച്ച നടത്തി. ഇറാനുമായി സംഘർഷം വർധിപ്പിക്കുന്നതിന് പാക്കിസ്ഥാനു താത്പര്യമില്ലെ ന്ന് അദ്ദേഹം തുർക്കി മന്ത്രിയെ അറിയിച്ചു. ബുധനാഴ്ച പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. മറുപടിയായി പാക് സേന വ്യാഴാഴ്ച ഇറാനിലെ സീസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ ഒന്പതു പേരാണു കൊല്ലപ്പെട്ടത്. തീവ്രവാദ സംഘടനകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്ന് ഇറാനും പാക്കിസ്ഥാനും അവകാശപ്പെട്ടു.
അവിചാരിതമായുണ്ടായ സംഘർഷം തണുക്കുന്നു എന്ന സൂചനകളാണ് ഇറാനിലെയും പാക്കിസ്ഥാനിലെയും വൃത്തങ്ങൾ ഇന്നലെ നല്കിയത്. പാക്കിസ്ഥാനും ഇറാനും തമ്മിൽ സഹോദരതുല്യ ബന്ധമാണുള്ളതെന്നു സൂചിപ്പിക്കുന്ന സന്ദേശങ്ങൾ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയം ജീവനക്കാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പാക്കിസ്ഥാനിൽ ഇന്നലെ കാവൽ പ്രധാനമന്ത്രി അൻവറുൾ ഹഖ് കാകാറിന്റെ നേതൃത്വത്തിൽ ദേശീയ സുരക്ഷാ സമിതി അടിയന്തര യോഗം ചേർന്നു.
Source link