ഗുജറാത്തിൽ ബോട്ട് മറിഞ്ഞ് അപകടം: 14 വിദ്യാർഥികൾക്കും 2 അധ്യാപകര്‍ക്കും ദാരുണാന്ത്യം; നിരവധിപേരെ കാണാതായി – വിഡിയോ
വഡോദര ∙ ഗുജറാത്തിലെ വഡോദരയിൽ ഹർണി തടാകത്തിൽ ബോട്ട് മറിഞ്ഞ് 14 വിദ്യാർഥികൾക്കും രണ്ട് അധ്യാപകര്‍ക്കും ദാരുണാന്ത്യം. സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കെത്തിയ 27 അംഗസംഘം യാത്രചെയ്ത ബോട്ടാണ് അപകടത്തിൽ പെട്ടത്. തടാകത്തിൽ തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷപെടുത്തിയ ഏതാനുംപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ കയറിയ വിദ്യാർഥികൾ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം. 23 പേർ ബോട്ടിൽനിന്ന് തടാകത്തിലേക്ക് വീണതായാണ് വിവരം. കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. എൻഡിആർഎഫിനൊപ്പം അഗ്നിരക്ഷാ സേനയും തിരച്ചിലിനുണ്ട്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 2 ലക്ഷം രൂപ വീതം നൽകും. ചികിൽസയിൽ കഴിയുന്നവർക്ക് 50,000 രൂപ വീതവും ലഭ്യമാക്കും.
Distressed by the loss of lives due to a boat capsizing at the Harni lake in Vadodara. My thoughts are with the bereaved families in this hour of grief. May the injured recover soon. The local administration is providing all possible assistance to those affected. An ex-gratia…— PMO India (@PMOIndia) January 18, 2024
അപകടത്തില്‍പ്പെട്ട ഏഴ് കുട്ടികളെ രക്ഷപെടുത്തിയതായി ഫയർഫോഴ്സ് അറിയിച്ചു. അപകടത്തിനു പിന്നാലെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിലുള്ളവർക്ക് എല്ലാവിധ ചികിൽസാ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷംരൂപ വീതവും ചികിൽസയിലുള്ളവർക്ക് 50,000 രൂപ വീതവും സംസ്ഥാന സർക്കാര്‍ നൽകും.
English Summary:
School Students Die As Boat Overturns In Lake Near Vadodara, Gujarat
Source link