INDIALATEST NEWS

‘കീഴടങ്ങാൻ കൂടുതൽ സമയം വേണം’: വീട്ടിലെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി ബിൽക്കീസ് ബാനോ കേസ് പ്രതി കോടതിയിൽ

ന്യൂഡൽഹി∙ കീഴടങ്ങാൻ നാലാഴ്ചത്തെ സമയം തേടി ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗ കേസിലെ‍ 11 പ്രതികളിൽ ഒരാളായ ഗോവിന്ദ്ഭായ്  സുപ്രീം കോടതിയെ സമീപിച്ചു. തന്റെ ആരോഗ്യ പ്രശ്നങ്ങളും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും ചൂണ്ടിക്കാട്ടിയാണ് കീഴടങ്ങാൻ നാലാഴ്ചത്തെ സമയം തേടിയത്. കേസിലെ 11 പ്രതികളും രണ്ടാഴ്ചയ്ക്കകം ജയിലിൽ തിരികെ എത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമയം തേടി ഗോവിന്ദ്ഭായ് കോടതിയെ സമീപിച്ചത്. 
ബാർബറായി ജോലി ചെയ്യുന്ന ഗോവിന്ദ്ഭായ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കാലാവധി നീട്ടിച്ചോദിക്കാൻ നിരവധി കാരണങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

‘‘കിടപ്പിലായ 88 വയസ്സുള്ള അച്ഛന്റെയും 75 വയസ്സുള്ള അമ്മയുടെയും ഏക പരിചാരകൻ താനാണ്. രണ്ട് കുട്ടികളുടെ സാമ്പത്തിക ആവശ്യങ്ങളുടെ ഉത്തരവാദിത്തം തനിക്കാണ്. 55 കാരനായ താൻ ആസ്ത്മ ബാധിതനാണ്. അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ജയിൽ മോചിതനായ ശേഷം ഒരു നിയമവും ലംഘിച്ചിട്ടില്ല. ജയിൽ മോചന ഉത്തരവിലെ എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ട്.’’– ഹർജിയിൽ പറയുന്നു. 

ജനുവരി 8നാണ് ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനോ ഉൾപ്പെടെ 8 സ്ത്രീകളെ കൂട്ട പീഡനത്തിന് ഇരയാക്കിയതിനും കുഞ്ഞുങ്ങളുൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയതിനും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കിയത്. 11 പ്രതികളും രണ്ടാഴ്ചയ്ക്കകം ജയിലിൽ തിരികെ എത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.

ജസ്വന്ത് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധ്യേശ്യാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർ ഭായ് വൊഹാനിയ, പ്രദീപ് മോർദിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് കേസിലെ പ്രതികൾ.

English Summary:
Bilkis Bano Case Convict Wants More Time To Surrender, Cites Health, Family


Source link

Related Articles

Back to top button