ഹമാസ്-ഇസ്രയേൽ ധാരണ
ദോഹ: ഗാസയിൽ കൂടുതൽ സഹായം എത്തിക്കുന്നതിനു ഹമാസും ഇസ്രയേലും ധാരണയിലെത്തി. ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികൾക്ക് മരുന്ന് എത്തിക്കാനും പകരമായി ഗാസയിലേക്കു കൂടുതൽ സഹായവസ്തുക്കൾ അനുവദിക്കാനുമാണ് ധാരണ. ഖത്തറിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥശ്രമങ്ങളാണ് ഇതു സാധ്യമാക്കിയത്. കഴിഞ്ഞവർഷത്തെ ഒരാഴ്ച നീണ്ട വെടിനിർത്തലിനുശേഷം ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കുന്ന ആദ്യ ധാരണയാണിത്. 132 ബന്ദികളാണു ഹമാസിന്റെ കസ്റ്റഡിയിൽ അവശേഷിക്കുന്നത്. പലർക്കും പതിവു മരുന്നുകൾ ആവശ്യമാണെന്ന് ഇസ്രയേലിലെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഗാസയ്ക്കുള്ള സഹായവസ്തുക്കൾ ഖത്തറിൽനിന്നാണ് അയച്ചത്. ഈജിപ്തിലെത്തിച്ച് ഗാസയിലേക്കു കടത്തും. ബന്ദികൾക്കുള്ള മരുന്ന് ഈജിപ്തുവഴി റെഡ്ക്രോസിനും അവർ ഹമാസിനും കൈമാറും.
ഇതോടൊപ്പം ഖത്തറിന്റെ നേതൃത്വത്തിൽ കൂടുതൽ ബന്ധികളുടെ മോചനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി യുഎസ് അറിയിച്ചു. അമേരിക്കൻ പ്രതിനിധികൾ ഖത്തറിലുള്ളതായി വൈറ്റ്ഹൗസ് ദേശീയ സുരക്ഷാസമിതി വക്താവ് ജോൺ കിർബി അറിയിച്ചു. ഗൗരവതരമായ ചർച്ചകൾ വൈകാതെ ഫലം കാണുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേസമയം, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ഇസ്രേലി സേന ബോംബാക്രമണം തുടരുകയാണ്. യുദ്ധം തുടങ്ങിയശേഷം ഏറ്റവും തീവ്രതയേറിയ ആക്രമണമാണ് കഴിഞ്ഞദിവസം രാത്രി ഉണ്ടായതെന്ന് ഖാൻ യൂനിസ് നിവാസികൾ പറഞ്ഞു. നഗരത്തിൽ ജോർദാൻ സേന നടത്തുന്ന ഫീൽഡ് ആശുപത്രിക്കു കനത്ത നാശനഷ്ടമുണ്ടായി.
Source link