യുവരാജ് സിംഗിന്റെ റിക്കാർഡ് തകർത്ത് കർണാടകയുടെ അണ്ടർ 19 ബാറ്റർ പ്രഖർ ചതുർവേദി
ഷിമോഗ: അണ്ടർ 19 കൂച്ച് ബെഹർ ട്രോഫി ഫൈനലിൽ ചരിത്രം കുറിച്ച് കർണാടക ഓപ്പണർ പ്രഖർ ചതുർവേദി. മുംബൈക്ക് എതിരായ ഫൈനൽ പോരാട്ടത്തിൽ 404 റണ്‍സുമായി ചതുർവേദി പുറത്താകാതെനിന്നു. 638 പന്ത് നേരിട്ട് മൂന്ന് സിക്സും 46 ഫോറും ഉൾപ്പെടെയാണ് ചതുർവേദിയുടെ 404 നോട്ടൗട്ട്. കൂച്ച് ബെഹർ ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റിക്കാർഡും ഇതോടെ പ്രഖർ ചതുർവേദി സ്വന്തമാക്കി. ഇന്ത്യൻ മുൻ താരം യുവരാജ് സിംഗിന്റെ പേരിലുള്ള റിക്കാർഡാണ് തകർന്നത്. 1999 ഡിസംബറിൽ എം.എസ്. ധോണി ഇറങ്ങിയ ബിഹാറിനെതിരേ പഞ്ചാബിനായി യുവരാജ് സിംഗ് 358 റണ്‍സ് നേടിയതായിരുന്നു കൂച്ച് ബെഹർ ട്രോഫി ഫൈനലിലെ ഇതുവരെയുള്ള റിക്കാർഡ്. 2011-12 സീസണിൽ മഹാരാഷ്ട്രയുടെ വിജയ് സോൾ നേടിയ 451 നോട്ടൗട്ട് ആണ് കൂച്ച് ബെഹർ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.
പ്രഖർ ചതുർവേദിയുടെ റിക്കാർഡ് ഇന്നിംഗ്സിനൊപ്പം ഹർഷിൽ ധർമാണിയുടെ (169) സെഞ്ചുറികൂടി ചേർന്നതോടെ കർണാടക ഒന്നാം ഇന്നിംഗ്സിൽ 890 റണ്‍സ് നേടി. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് 380 റണ്‍സിൽ അവസാനിച്ചിരുന്നു. ഇതോടെ ചതുർദിന കൂച്ച് ബെഹർ ട്രോഫി കിരീടം കർണാടക സ്വന്തമാക്കി. മത്സരം സമനിലയിലാണ് കലാശിച്ചതെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിലാണ് കർണാടകയുടെ കിരീടധാരണം.
Source link