ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടമായി, ജയിലിൽ മരിക്കുകയാണ് നല്ലത്: കൂപ്പുകൈകളോടെ നരേഷ് ഗോയൽ
മുംബൈ∙ ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുവെന്നും, ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ജയിലിൽക്കിടന്ന് മരിക്കുകയാണെന്നും കൂപ്പുകൈകളോടെ മുംബൈയിലെ പ്രത്യേക കോടതിയിൽ കണ്ണുനിറഞ്ഞ് ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ. കള്ളപ്പണ ഇടപാടു കേസിൽ സെപ്റ്റംബറിൽ അറസ്റ്റിലായ നരേഷ് ഗോയൽ (74) ഇപ്പോൾ മുംബൈയിലെ ആർതർ റോഡ് ജയിലിലാണ്. വായ്പ തിരിച്ചടയ്ക്കാതെ വന്നതിനെ തുടർന്ന് കനറാ ബാങ്ക് നൽകിയ പരാതിയിലാണ് സിബിഐ കേസെടുത്തത്.
പ്രത്യേക കോടതി ജഡ്ജി എം.ജി. ദേശ്പാണ്ഡെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നരേഷ് ഗോയൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ശനിയാഴ്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തന്നെ വ്യക്തിപരമായി കേൾക്കണമെന്ന് ഗോയൽ കോടതിയോട് അഭ്യർഥിക്കുകയായിരുന്നു. ജഡ്ജി ഗോയലിന്റെ അഭ്യർഥന അംഗീകരിച്ചതിനെത്തുടർന്നാണാണ് തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അർബുദരോഗം ബാധിച്ച ഭാര്യ അനിതയുടെ അവസ്ഥ മോശമാണെന്നും ജഡ്ജിയോട് പറഞ്ഞത്. ഭാര്യ കിടപ്പിലാണെന്നും ഏകമകളും അസുഖബാധിതയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ സഹായിക്കാൻ ജയിൽ ഉദ്യോഗസ്ഥർക്കും പരിമിതിയുണ്ട്. മുട്ടുകൾക്ക് നീരും വേദനയും ഉണ്ട്. കാലു മടക്കാൻ കഴിയുന്നില്ല. മൂത്രമൊഴിക്കുമ്പോൾ കടുത്ത വേദനയാണെന്നും പലപ്പോഴും രക്തവും പോകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. സഹായം പോലും തേടാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ആരോഗ്യം വളരെ മോശമായി. ജെ.ജെ. ആശുപത്രിയിലേക്ക് റഫർ ചെയ്തതുകൊണ്ടു കാര്യമില്ല. ആർതർ റോഡ് ജയിലിൽനിന്ന് മറ്റു തടവുകാർക്കും ഉദ്യോഗസ്ഥർക്കുമൊപ്പം ആശുപത്രിയിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. പലപ്പോഴും വളരെ നീണ്ട ക്യൂവിൽ നിന്നാണ് ഡോക്ടറുടെ അടുത്തേക്ക് എത്തുക. തുടർപരിശോധനകളും സാധ്യമാകുന്നില്ല. ഇതു ആരോഗ്യത്തെ ബാധിക്കുന്നു. അനിത അതീവഗുരുതരനിലയിലാണ്. പരിചരിക്കേണ്ട മകളും മോശം ആരോഗ്യനിലയിലാണ്. ജെ.ജെ. ആശുപത്രിയിലേക്കു വിടേണ്ട. ജയിലിൽക്കിടന്ന് മരിക്കാൻ അനുവദിക്കണം. 75 വയസ്സാകുകയാണ്. ഇനി ജീവിതത്തെക്കുറിച്ചു പ്രതീക്ഷയില്ല. ജയിലിൽക്കിടന്ന് മരിക്കുകയാണെങ്കിൽ വിധിയെങ്കിലും രക്ഷപ്പെടുത്തും. കോടതിയിൽ ഹാജരാകാൻപോലും ആരോഗ്യം അനുവദിക്കുന്നില്ല. പക്ഷേ, ഇത്തവണ ഹാജരായത് എല്ലാ വിവരങ്ങളും കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനാണ്. ഇനി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെടില്ല’’ – അദ്ദേഹം ജഡ്ജിയോടു പറഞ്ഞു.
‘‘ക്ഷമയോടെ ഞാൻ അദ്ദേഹത്തെ കേട്ടു. സംസാരിക്കുമ്പോൾ ശരീരമാകെ വിറയ്ക്കുകയാണ്. നിൽക്കുന്നതിനുപോലും നരേഷിന് സഹായം വേണം. അദ്ദേഹത്തിന്റെ മാനസിക, ശാരീരിക ആരോഗ്യത്തിനു വേണ്ട എല്ലാ ശ്രദ്ധയും നൽകും’’ – ഗോയലിനെ കേട്ടശേഷം ജഡ്ജി പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ട എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഗോയലിന്റെ അഭിഭാഷകരോട് കോടതി നിർദേശിച്ചു.
ജെറ്റ് എയർവേയ്സിന് വിവിധ ബാങ്കുകൾ നൽകിയ 848.86 കോടി രൂപയുടെ വായ്പയിൽ 538.6 കോടി രൂപയാണ് കുടിശിക വന്നത്. പണം അനുബന്ധ സ്ഥാപനങ്ങളിലേക്കു വകമാറ്റിയെന്നു തെളിഞ്ഞതിനെ തുടർന്നാണ് സിബിഐ കേസെടുത്തത്. കടക്കെണിയിലായതിനെ തുടർന്ന് 2019 ഏപ്രിലിൽ ജെറ്റ് എയർവേയ്സ് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
English Summary:
Losing hope in life, better to die in jail: Naresh Goyal with folded hands
Source link