ജനാല പറന്നു; വിമാനം തിരിച്ചിറക്കി
ലോസ് ആഞ്ചലസ്: ജനാലയുൾപ്പെടുന്ന ഭാഗം ഇളകിപ്പറന്നുപോയതിനെത്തുടർന്ന് യാത്രാവിമാനം അടിയന്തരമായി നിലത്തിറക്കി. അമേരിക്കയിലെ ഓറേഗോൺ സംസ്ഥാനത്തെ പോർട്ട്ലാൻഡ് നഗരത്തിലായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 177 പേരും സുരക്ഷിതരാണ്. അലാസ്ക എയർലൈൻസിന്റെ വിമാനം പോർട്ട്ലാൻഡിൽനിന്ന് കലിഫോർണിയയിലേക്കു പുറപ്പെട്ട് 35 മിനിട്ടിനകം തിരിച്ചിറങ്ങുകയായിരുന്നു. ബോയിംഗ് കന്പനിയുടെ 737 മാക്സ് ഒന്പത് മോഡൽ വിമാനം 4876 മീറ്റർ ഉയരത്തിലായിരിക്കേ ബോഡിയുടെ ഒരു ഭാഗം അടർന്നുപോകുകയായിരുന്നു. ഇതിനോടു ചേർന്ന സീറ്റിൽ ആളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അടുത്ത സീറ്റിലുണ്ടായിരുന്ന ഒരു കുഞ്ഞ് പുറത്തേക്കു തെറിക്കാതിരിക്കാൻ അമ്മയ്ക്കു പിടിച്ചുവയ്ക്കേണ്ടിവന്നു.
മാക്സ് 737 മോഡലുമായി ബന്ധപ്പെട്ട് ബോയിംഗ് കന്പനിക്കുണ്ടാകുന്ന അടുത്ത തലവേദനയാണ് ഈ സംഭവം. 2019ൽ ഈ മോഡലിൽപ്പെട്ട രണ്ടു വിമാനങ്ങൾ തകർന്ന് 346 പേർ മരിച്ചിരുന്നു. തുടർന്ന് ലോകമൊട്ടാകെ ഈ മോഡൽ ഒന്നര വർഷം പറന്നില്ല. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അലാസ്ക എയർലൈനിന്റെ പക്കലുള്ള 65 മാക്സ് 737 മോഡൽ വിമാനങ്ങൾ നിലത്തിറക്കി വിശദമായി പരിശോധന നടത്താൻ തീരുമാനിച്ചു. ഈ മോഡലിൽപ്പെട്ട 1300 വിമാനങ്ങളാണ് ലോകമൊട്ടാകെ ഉപയോഗത്തിലുള്ളത്.
Source link