യുദ്ധം കഴിഞ്ഞാൽ പലസ്തീനികൾക്ക് പരിമിത അധികാരം: ഇസ്രയേൽ
ടെൽ അവീവ്: യുദ്ധാനന്തരം ഗാസയിൽ പലസ്തീനികൾക്കു പരിമിത അധികാരങ്ങളേ അനുവദിക്കൂവെന്ന് ഇസ്രേലി പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് വ്യക്തമാക്കി. ഗാസാ ഭരണത്തിൽ ഹമാസ് ഉണ്ടാവില്ലെന്നും ഗാസയുടെ സന്പൂർണ സുരക്ഷാ ചുമതല ഇസ്രയേലിനായിരിക്കുമെന്നും യുദ്ധാനന്തര പദ്ധതി വിശദീകരിച്ച് അദ്ദേഹം പറഞ്ഞു. ഇസ്രേലി ബോംബിംഗിൽ തകർന്ന ഗാസയുടെ പുനരുദ്ധാരണച്ചുമതല അന്താരാഷ്ട്ര സേനയ്ക്കായിരിക്കും. പദ്ധതിയിൽ ഈജിപ്തിനു പലിയ പങ്കുവഹിക്കാനുണ്ടാവും. ഇസ്രയേലിനെതിരേ ശത്രുത ഉണ്ടാവില്ലെന്ന ഉറപ്പിൽ പലസ്തീൻ സമിതികൾക്ക് അധികാരം കൈമാറും. പക്ഷേ, സുരക്ഷാ ചുമതല ഇസ്രയേലിനായിരിക്കുമെന്നും മന്ത്രി ഗാലന്റ് വിശദീകരിച്ചു.
അതേസമയം, പലസ്തീൻ നേതാക്കളോ ഇസ്രേലി സർക്കാരിലെ തീവ്രവിഭാഗക്കാരോ ഗാലന്റിന്റെ പദ്ധതിയെ അനുകൂലിക്കാൻ സാധ്യതയില്ല. പൂർണ അധികാരം വേണമെന്നു പലസ്തീനികൾ നിർബന്ധം പിടിക്കാം. ഗാസയിൽനിന്ന് ഓടിപ്പോകാൻ പലസ്തീനികളെ പ്രോത്സാഹിപ്പിക്കണമെന്ന് ഇസ്രയേലിലെ തീവ്രവിഭാഗവും ആവശ്യപ്പെടാം. യുദ്ധത്തിൽ ഇസ്രേലി സേനയുടെ തുടർസമീപനവും ഗാലന്റ് വ്യക്തമാക്കി. വടക്കൻ ഗാസയിൽ വ്യോമ, കരയാക്രമണം തുടരും. ഭീകരർക്കായി റെയ്ഡ് നടത്തും. ടണലുകൾ കണ്ടെത്തി നശിപ്പിക്കും. തെക്കൻ ഗാസയിൽ ഹമാസ് നേതാക്കളെ കണ്ടെത്താനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമം തുടരും.
Source link