വിജയകാന്തിന്റെ ശവകുടീരത്തിൽ പൊട്ടിക്കരഞ്ഞ് നടൻ സൂര്യ; വിഡിയോ
വിജയകാന്തിന്‍റെ ശവകുടീരം സന്ദർശിച്ച് തമിഴ് സൂപ്പർതാരം സൂര്യ. സൂര്യ വികാരാധീനനാവുന്നതും കരയുന്നതും വിഡിയോയില്‍ കാണാം. വിജയകാന്തിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സൂര്യ സന്ദര്‍ശിച്ചു. കാര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. വിദേശത്ത് ചിത്രീകരണത്തിന്റെ തിരക്കുകളായതിനാൽ വിജയകാന്തിന്റെ അന്ത്യനിമിഷത്തിൽ എത്തിച്ചേരാൻ നടന് സാധിച്ചിരുന്നില്ല. അതിൽ വിഷമം അറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഡിയോയും സൂര്യ പങ്കുവയ്ക്കുകയുണ്ടായി.
വിജയ്‌യുടേതുപോലെ നടൻ സൂര്യയുടെ കരിയറിന്റെ ഉയർച്ചയ്ക്കും സുപ്രധാന പങ്കുവഹിച്ച താരമാണ് വിജയകാന്ത്. സൂര്യയുടെ തുടക്കകാലത്തെ ചിത്രമായ പെരിയണ്ണയിൽ വിജയകാന്ത് അതിഥി വേഷത്തിലെത്തിയത് ഇരുവരും തമ്മിലുള്ള സ്നേഹബന്ധം കൊണ്ടു മാത്രമാണ്.
ജ്യേഷ്ഠ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നും അത് താങ്ങാനാകുന്നതല്ലെന്നും സൂര്യ പ്രതികരിച്ചു. തന്റെ കരിയറിന്റെ തുടക്കകാലത്ത് വിജയകാന്ത് നൽകിയ പിന്തുണയെ കുറിച്ചും സൂര്യ അനുസ്മരിച്ചു. നാലോ അഞ്ചോ സിനിമകൾ ചെയ്തിട്ടും വലിയ പിന്തുണയോ അഭിനന്ദനമോ തനിക്ക് ലഭിച്ചിരുന്നില്ല. ഈ സമയത്താണ് വിജയകാന്തിനൊപ്പം ‘പെരിയ അണ്ണ’ എന്ന ചിത്രം ചെയ്യുന്നത്. ആ ചിത്രത്തിനായി എട്ടോ പത്തോ ദിവസങ്ങൾ മാത്രമാണ് താൻ ജോലി ചെയ്തത്. ഓരോ ദിവസവും അദ്ദേഹത്തിന്റെ സഹോദര സ്നേഹം അനുഭവിക്കാൻ തനിക്കായി.
ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തനിക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ അദ്ദേഹം ക്ഷണിച്ചു. എന്നാൽ, അച്ഛനു വേണ്ടി വ്രതം അനുഷ്ടിച്ചിരുന്ന സമയമായതിനാൽ മാംസാഹാരം കഴിക്കുമായിരുന്നില്ല. വിജയകാന്ത് തന്റെ പ്ലേറ്റിലെ ഭക്ഷണം പങ്കുവച്ചുവെന്നും സൂര്യ അനുസ്മരിച്ചു.
ഒരു കണ്ണില്‍ ധൈര്യവും മറ്റൊരു കണ്ണില്‍ അനുകമ്പയുമായി ജീവിച്ച അപൂര്‍വ കലാകാരനായിരുന്നു വിജയകാന്തെന്ന് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍ സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
English Summary:
Suriya breaks down in tears at Vijayakanth’s grave: Video
Source link