CINEMA

അടുത്ത ചിത്രം മോഹൻലാലിനൊപ്പം, നിർമാണം ആന്റണി: സത്യൻ അന്തിക്കാട്

പുതിയ ചിത്രം മോഹൻലാലുമൊന്നിച്ചെന്ന് വെളിപ്പെടുത്തി സംവിധായകൻ സത്യൻ അന്തിക്കാട്. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സത്യൻ അന്തിക്കാട് പുതിയൊരു സിനിമയെക്കുറിച്ചുള്ള സൂചനകൾ നൽകുന്നത്. ജന്മദിനത്തിലായിരുന്നു സത്യൻ അന്തിക്കാടിന്റെ വെളിപ്പെടുത്തൽ. 
പുതിയ ചിത്രത്തെക്കുറിച്ച് സത്യൻ അന്തിക്കാട് മനോരമ ഓൺലൈനോട് പ്രതികരിച്ചത് ഇങ്ങനെ: ‘‘മോഹൻലാലുമായിട്ടാകും അടുത്ത ചിത്രം എന്ന കാര്യം സത്യമാണ്. അതിന്റെ തിരക്കഥയിലേക്ക് കടന്നിട്ടേയുള്ളൂ. കൂടുതലൊന്നും പറയാറായിട്ടില്ല. അടുത്ത സിനിമ എന്തായാലും മോഹൻലാലിനൊപ്പമാണ്. ആ സിനിമയുടെ ജോലികൾ ആരംഭിച്ചു. ആന്റണി പെരുമ്പാവൂർ ആയിരിക്കും നിർമാണം. സിനിമയുടെ മറ്റു വിശദാംശങ്ങൾ വൈകാതെ അറിയിക്കാം.’’

ജയറാമും മീര ജാസ്മിനും ഒന്നിച്ച മകൾ എന്ന സിനിമയാണ് സത്യൻ അന്തിക്കാട് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത സിനിമ. 2022ൽ ഇറങ്ങിയ ചിത്രത്തിൽ ഇന്നസന്റ്, നസ്‌ലിൻ, ദേവിക എന്നിവര‍ും പ്രധാന വേഷങ്ങളിലെത്തി.

2015ൽ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഏറ്റവും ഒടുവിൽ സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിച്ചത്. ചിത്രം സൂപ്പർഹിറ്റായിരുന്നു. 1984 മുതലാണ് സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിച്ചുള്ള സിനിമകൾ സംഭവിച്ചു തുടങ്ങിയത്. ആ വർഷം പുറത്തിറങ്ങിയ അപ്പുണ്ണി, കളിയിൽ അൽപം കാര്യം, അടുത്തടുത്ത് എന്നീ സത്യൻ അന്തിക്കാട് ചിത്രങ്ങളിലെല്ലാം മോഹൻലാലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 

ടി.പി ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്മനസുള്ളവർക്കു സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, എന്നും എപ്പോഴും തുടങ്ങി മോഹൻലാൽ–സത്യൻ അന്തിക്കാട് കോംബിനേഷനിൽ ഇറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകർ ഏറെ ആഘോഷിച്ചവയാണ്. 
താരപരിവേഷമില്ലാത്ത സാധാരണക്കാരായിരുന്നു സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ മോഹൻലാൽ. ജീവിതഗന്ധിയായ വേഷം തന്നെയായിരിക്കും പുതിയ ചിത്രത്തിലേതും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷയും. 

English Summary:
Sathyan Anthikad confirms his next with Mohanlal


Source link

Related Articles

Back to top button