ബ്രാഹ്മണസേവനം ശൂദ്രധർമമെന്ന് അസം മുഖ്യമന്ത്രി; മാപ്പുപറഞ്ഞ് പോസ്റ്റ് പിൻവലിച്ചു
ഗുവാഹത്തി ∙ ബ്രാഹ്മണരെയും ക്ഷത്രിയരെയും വൈശ്യരെയും സേവിക്കുകയാണ് ശൂദ്രരുടെ കടമ എന്ന അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ പരാമർശം വിവാദമായി. വ്യാപകമായ ആക്ഷേപം ഉയർന്നതിനെ തുടർന്ന് സമൂഹ മാധ്യമത്തിലെ പരാമർശം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പു പറഞ്ഞു. ഭഗവദ്ഗീതയിലെ ശ്ലോകത്തിന്റെ തെറ്റായ വിവർത്തനം പിൻവലിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ദിവസവും സമൂഹമാധ്യമത്തിൽ ഭഗവദ്ഗീതയുടെ ഒരു ശ്ലോകം വീതം മുഖ്യമന്ത്രി പോസ്റ്റ് ചെയ്തിരുന്നു. 26ന് നൽകിയ പോസ്റ്റ് 18–ാം അധ്യായത്തിലെ 44–ാം ശ്ലോകമായിരുന്നു. ഇതിനു നൽകിയ പരിഭാഷ ഇങ്ങനെയായിരുന്നു– കൃഷിയും കാലിവളർത്തലും കച്ചവടവുമാണ് വൈശ്യരുടെ കടമ. അതേസമയം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നീ 3 വർണങ്ങളിലുമുള്ളവരെ സേവിക്കലാണ് ശൂദ്രരുടെ സ്വാഭാവികമായ കടമ.
ഈ ശ്ലോകത്തിന്റെ ആനിമേഷൻ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ പങ്കുവച്ചുകൊണ്ട് ‘ശ്രീകൃഷ്ണ ഭഗവാൻ തന്നെ വൈശ്യരുടെയും ശൂദ്രരുടെയും കടമയെപ്പറ്റി പറഞ്ഞിട്ടുണ്ട്’ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇതോടെ രാഷ്ട്രീയ പാർട്ടികൾ അടക്കമുള്ളവർ രംഗത്തുവന്നു. ബിജെപിയുടെ മനുവാദ, പിന്തിരിപ്പൻ പ്രത്യയശാസ്ത്രമാണ് മുഖ്യമന്ത്രിയിലൂടെ പുറത്തുവന്നതെന്ന് അവർ ആക്ഷേപിച്ചു. തുടർന്ന് പോസ്റ്റ് പിൻവലിച്ച ശേഷം മുഖ്യമന്ത്രി മാപ്പു പറയുകയായിരുന്നു.
English Summary:
Assam chief minister Himanta Biswa Sarma apologises after his post on vaishyas shudras triggers row
Source link