പലസ്തീന് ഐക്യദാർഢ്യം: പുതുവർഷ ആഘോഷങ്ങൾ നിരോധിച്ച് പാകിസ്താൻ
ഇസ്‌ലാമാബാദ്: ഇസ്രയേൽ ഹമാസ് യുദ്ധസാഹചര്യത്തിൽ പുതുവർഷത്തിലെ എല്ലാ ആഘോഷങ്ങളും നിരോധിച്ച് പാകിസ്താൻ. പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി എല്ലാത്തരം പുതവത്സരാഘോഷങ്ങളും നിരോധിക്കുന്നതായി പാകിസ്താന്റെ കാവൽ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ പറഞ്ഞു. പലസ്തീനിലെ ഗൗരവതരമായ സാഹചര്യത്തിൽ പലസ്തീൻ സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി പുതുവർഷാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിന് സർക്കാരിന്റെ കർശനമായ വിലക്ക് ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.2023 ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 21,000 പലസ്തീൻ സ്വദേശികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. നിരപരാധികളായ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നതിലും നിരായുധരായ പലസ്തീനികളെ വംശഹത്യ ചെയ്യുന്നതിലും പാകിസ്താനും മുഴുവൻ മുസ്ലീം ലോകവും വേദനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link