CINEMA

അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ നിന്നു വാരിയത് 200 കോടി; 2023 ബോക്സ്ഓഫിസ് റിപ്പോർട്ട്

മലയാള സിനിമ ബോക്സ്ഓഫിസുകളിൽ കാലിടറിയപ്പോള്‍ കളം മുറുക്കിയത് അന്യാഭാഷ ചിത്രങ്ങള്‍. 2023ല്‍ തിയറ്റര്‍ മേഖലയെ താങ്ങി നിര്‍ത്തുന്നതില്‍ അന്യഭാഷ ചിത്രങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. ബ്രഹ്‌മാണ്ഡചിത്രങ്ങളായി ആഘോഷിച്ചെത്തിയ ഇവയില്‍ മിക്ക സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളും മലയാളി കാത്തിരുന്നു കണ്ടു. ഇതോടെ മറ്റു ഭാഷാചിത്രങ്ങളുടെ കടന്നു കയറ്റം മലയാള സിനിമയ്ക്കു ഗുണകരമോ എന്ന വിഷയം കൂടുതല്‍ കരുത്താര്‍ജിച്ചു. എന്തായാലും പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തി തിയറ്ററില്‍ വലിയ ഓളം നിറയ്ക്കാന്‍ ഇതില്‍ പല ചിത്രങ്ങള്‍ക്കും കഴിഞ്ഞു. മലയാള സിനിമകള്‍ മത്സരിച്ച് റിലീസിനെത്തിയപ്പോഴും ഇത്തരം ചിത്രങ്ങള്‍ തിയറ്ററുകളെ പൂരപ്പറമ്പാക്കി. അതുകൊണ്ടുതന്നെ തിയറ്റര്‍ മേഖലയില്‍ നിന്നുള്ളവരും ഇത്തരം ചിത്രങ്ങളെ പ്രോത്സാഹിപ്പിച്ചു. ജയിലർ, ലിയോ, ജവാൻ എന്നീ കാശു വാരി ചിത്രങ്ങളുടെ വിതരണം ഏറെടുത്ത ഗോകുലം മൂവിസിന്റെ പ്രതാപകാലം കൂടിയായി ഈ വർഷം.
2023ന്റെ വലിയ ആവേശമായിരുന്നു രജനികാന്തിന്റെ ജയിലര്‍. സാധാരണ രജനി ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന പിന്തുണയ്ക്കും അപ്പുറം ഒരു ഹൈപ്പുണ്ടാക്കാന്‍ ജയിലറിനായി. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ സാന്നിധ്യം ചിത്രത്തിലുണ്ടെന്ന വാര്‍ത്ത പ്രേക്ഷകരുടെ കാത്തിരിപ്പിന് ബലം കൂട്ടി. ചിത്രം പ്രതീക്ഷകള്‍ക്കും അപ്പുറം എത്തിയതോടെ തിയറ്ററുകളെ ഇളക്കി മറിച്ചു. നെല്‍സണും അനിരുദ്ധും കന്നഡതാരം പുനിത്  ശിവകുമാറുമൊക്കെ കൂടുതല്‍ ആരാധകരെ കേരളത്തില്‍ നേടി. 57 കോടിയോളം കേരളത്തില്‍ നിന്നു മാത്രം കലക്ട് ചെയ്ത ചിത്രം ഒടിടിയിലും വലിയ ചലനങ്ങളാണുണ്ടാക്കിയത്.

ഷാറുഖ് ഖാന്‍ മലയാളക്കരയില്‍ വീണ്ടും നിറഞ്ഞാടിയ വര്‍ഷം കൂടിയായിരുന്നു 2023. പഠാനും ജവാനും ഇരുകയ്യും നീട്ടി നമ്മുടെ പ്രേക്ഷകരും സ്വീകരിച്ചു. വിമര്‍ശനങ്ങളും വിവാദങ്ങളും ലവലേശം ഏല്‍ക്കാതെ പഠാന്‍ ഇന്ത്യന്‍ മണ്ണില്‍ നടത്തിയ വിജയ തേരോട്ടത്തിനൊപ്പം കേരളവും സഞ്ചരിച്ചു. 13.16 കോടി രൂപയോളമാണ് പഠാന്‍ കേരളത്തില്‍ നിന്നും നേടിയത്. ചിത്രത്തിന്റെ വിജയാഘോഷങ്ങളുടെ ആവേശം അണയും മുന്‍പ് അറ്റ്‌ലി ചിത്രം ജവാനും തിയറ്ററുകളിലെത്തി. അറ്റ്‌ലിയ്‌ക്കൊപ്പം കിങ്ഖാന്‍ എന്നതു തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. വിജയ് സേതുപതി വില്ലനായും എത്തിയതോടെ ആവേശം ഇരട്ടിയാക്കി. അങ്ങനെ കേരളക്കരയില്‍നിന്ന് ജവാന്‍ വാരിയത് 13.40 കോടി രൂപ.

പതിവുപോലെ കേരളത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചാണ് വിജയ് ചിത്രങ്ങളായ വാരിസും ലിയോയും കടന്നു പോയത്. ആരാധകരെ മാത്രം സംതൃപ്ത്തിപ്പെടുത്തി കടന്നു പോയ ചിത്രങ്ങളായിരുന്നു ഇവ രണ്ടും. വാരിസ് 13.02 കോടിയിലധികം രൂപയാണ് കലക്ട് ചെയ്തത്. പിന്നാലെ എത്തിയ ലോകേഷ് കനകരാജ് ചിത്രം ലിയോ വലിയ പ്രതീക്ഷകളാണ് ഉയര്‍ത്തിയത്. ലോകേഷ് കനകരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രേക്ഷകര്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അപ്പോഴും തിയറ്ററിലേക്ക് പ്രേക്ഷകര്‍ ഒഴുകി. അതുകൊണ്ടുതന്നെ ലിയോ കേരളത്തില്‍ നിന്നും അറുപത് കോടിയിലധികം രൂപയാണ് വാരിയെടുത്തത്.

വിജയ്

ആറ്റം ബോംബ് കണ്ടെത്തിയ ഓപ്പണ്‍ ഹെയ്മറുടെ ജീവിതകഥയുടെ സംഘര്‍ഷങ്ങളുമായി എത്തിയ ഇംഗ്‌ളിഷ് ചിത്രം ഓപ്പണ്‍ ഹെയ്മറും കേരളത്തില്‍ സ്വീകാര്യത നേടി. ആദ്യ ആഴ്ചകളില്‍ റിലീസ് ചെയ്ത മിക്ക തിയറ്ററുകളിലും ചിത്രം ഹൗസ് ഫുള്ളായിരുന്നു. 9.65 കോടിയോളം രൂപയാണ് ചിത്രം കേരളത്തില്‍ നിന്നു മാത്രം കളക്ട് ചെയ്തത്.
ടോം ക്രൂയിസ് ചിത്രം മിഷന്‍ ഇംപോസിബിള്‍: ഡെഡ് റെക്കനിങും കേരളത്തിലെ തിയറ്ററുകളിലെ കാര്യമായ ചലനം സൃഷ്ടിച്ചു. 5.28 കോടി രൂപയാണ് ചിത്രം കേരളത്തില്‍ നിന്നും സ്വന്തമാക്കിയത്.

വിശാലും എസ്. ജെ സൂര്യയും ഒന്നിച്ച മാര്‍ക്ക് ആന്റണി, ശരത്കുമാറും അശോക് സെല്‍വനും ഒന്നിച്ച പോര്‍തൊഴില്‍, മണിരത്‌നം ചിത്രം പൊന്നിയന്‍ ശെല്‍വന്‍ 2,  കാർത്തിക്ക് സുബ്ബരാജിന്റെ ജിഗർദണ്ഡ ഡബിൾ എക്സ്, ഉദയനിധി സ്റ്റാലിന്‍-ഫഹദ് ഫാസില്‍ ചിത്രം മാമന്നന്‍, സിദ്ധാർഥും നിമിഷ സജയനും ഒന്നിച്ച ചിറ്റ, രൺബീർ കപൂറിന്റെ അനിമൽ എന്നീ ചിത്രങ്ങളും തിയറ്ററുകളിലേക്ക് മലയാളി പ്രേക്ഷകരെ അടുപ്പിച്ചു. 2023ന്റെ അവസാനം  

പോസ്റ്റർ

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ്-പൃഥ്വിരാജ് ചിത്രമാണ് സലാര്‍. ആദ്യ ദിവസം കേരളത്തിൽ നിന്നു മാത്രം ചിത്രം നേടിയത് 4 കോടിക്കു മുകളിൽ കലക്‌ഷനാണ്. ഇതുവരെ 14 കോടി നേടി കഴിഞ്ഞു. എന്തായാലും കേരളത്തില്‍ അന്യഭാഷ ചിത്രങ്ങള്‍ക്ക് നല്ലനാളുകള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2023 എന്നു പറയുന്നതില്‍ തര്‍ക്കമില്ല.

English Summary:
Highest Grossing Tamil Films In Kerala 2023


Source link

Related Articles

Back to top button