CINEMA

വാർപ്പുമാതൃകകളെ പൊളിച്ചടുക്കിയ 2023: തിരക്കഥ സൂപ്പർ താരം


സവിശേഷമായ ഒരു ഗതിമാറ്റത്തിന്റെ വര്‍ഷമാണ് 2023. ആര് അഭിനയിക്കുന്നു എന്നതോ ഏത് ജോണറിലുളളതെന്നോ പരിഗണിക്കാതെ കാമ്പുള്ള കഥകളുള്ള സിനിമകളെ പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ തിരക്കഥ സൂപ്പര്‍താരമായി.
സിനിമ ഓരോ കാലഘട്ടത്തിലും ഓരോ ട്രെന്‍ഡിനു പിന്നാലെയാണെന്ന് ഗതകാലചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. കണ്ണീര്‍പ്പടങ്ങളും കുടുംബചിത്രങ്ങളും ഹാസ്യസിനിമകളും ആക്‌ഷന്‍ ചിത്രങ്ങളും പ്രകൃതിപ്പടങ്ങളും മുതല്‍ രതിചിത്രങ്ങള്‍ വരെ ചലച്ചിത്രവിപണി അടക്കിഭരിച്ചിരുന്ന കാലമുണ്ടായിരുന്നു. ഒരു പ്രത്യേക ജനുസിലുളള ചിത്രങ്ങള്‍ വിജയിച്ചാല്‍ പിന്നെ വരിവരിയായി അത്തരം സിനിമകളുടെ ഘോഷയാത്ര തന്നെ സംഭവിക്കുകയും അതാണ് ട്രെന്‍ഡ് എന്ന പൊതുബോധം സൃഷ്ടിക്കുകയും ഇതാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതെന്ന് ചലച്ചിത്രസ്രഷ്ടാക്കള്‍ സ്ഥാപിക്കുകയും വീണ്ടും വീണ്ടും അതിനെ അനുകരിച്ച് വിജയം ആവര്‍ത്തിക്കുകയും ചെയ്യുന്നതായിരുന്നു അന്നത്തെ രീതി. പെട്ടി-കുട്ടി സിനിമകള്‍ തുടര്‍ച്ചയായി സംഭവിച്ചതും ഷക്കീല തരംഗത്തിന് പിന്‍തുടര്‍ച്ചക്കാര്‍ ഏറെയുണ്ടായതും മീശ പിരിക്കുന്ന കഥാപാത്രങ്ങള്‍ ഏറെക്കാലം വെളളിത്തിര അടക്കിവാണതും മറ്റും ഈ പ്രവണതയുടെ സാക്ഷ്യപത്രമാണ്.
എന്നാല്‍ അക്കാലത്തും ഒറ്റപ്പെട്ട ചില വഴിമാറി നടത്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല. വാണിജ്യസിനിമകള്‍ പൂണ്ടുവിളയാടിയിരുന്ന കാലത്തും അരവിന്ദന്റെ ചിദംബരവും അടൂരിന്റെ കൊടിയേറ്റവും പ്രദര്‍ശന വിജയം നേടിയിട്ടുണ്ട്. രണ്ട് വിഭിന്ന ജനുസുകളില്‍ പെട്ട തനിയാവര്‍ത്തനവും ന്യൂഡല്‍ഹിയും ഒരേ വര്‍ഷം ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചു.

അപ്പോള്‍ സിനിമകളുടെ വിജയത്തിന് പൊതു മാനദണ്ഡങ്ങളോ സൂത്രവാക്യങ്ങളോ ഇല്ലെന്ന് നിശബ്ദം പ്രഖ്യാപിച്ചിരുന്നത് പ്രേക്ഷകരായിരുന്നു; കാലവും. ചലച്ചിത്രകാരന്‍മാരുടെ എല്ലാ മുന്‍ധാരണകളും കടപുഴക്കിയെറിഞ്ഞുകൊണ്ട് വൈവിധ്യങ്ങളെ ഉള്‍ക്കൊളളാന്‍ മലയാളിയുടെ സംവേദനശീലങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിവൃത്തത്തിലും ആഖ്യാനസമീപനങ്ങളിലും ഒന്നിനൊന്ന് വ്യത്യസ്തമായ, ഒരു തരത്തിലും സമാനതകളില്ലാത്ത ഒരുപറ്റം സിനിമകള്‍ വിജയം വരിക്കുന്ന പ്രവണത 2023 ന്റെ ഒരു പ്രത്യേകതയായി കാണാം.

വാണിജ്യവിജയം കണക്കിലെടുക്കുമ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്ന 2018, രോമാഞ്ചം, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകള്‍ എല്ലാ അർഥത്തിലും പരസ്പരം വേറിട്ട് നില്‍ക്കുന്ന ചലച്ചിത്രശ്രമങ്ങളാണ്. ഒരു പക്കാ മാസ് എന്റര്‍ടെയ്നറായ കണ്ണൂര്‍ സ്‌ക്വാഡ് സൂപ്പര്‍താര ആരാധകരെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വീരപരിവേഷ സ്വഭാവത്തോടെ അണിയിച്ചൊരുക്കിയ ചിത്രമായിരുന്നില്ല. വാര്‍പ്പ് മാതൃക വാണിജ്യസിനിമകളില്‍നിന്നു വിഭിന്നമായി ഒരു സംഭവകഥയെ ആധാരമാക്കുകയും സാമൂഹികപ്രതിബദ്ധതയുളള പ്രമേയത്തിന്റെ അടിത്തറയില്‍ പണിതുയര്‍ത്തുകയും ചെയ്തതാണ് അതിന്റെ തിരക്കഥ. ഹാസ്യത്തിനും ഭയാനതയ്ക്കും സമ്മിശ്രപ്രാധാന്യം നല്‍കിയ രോമാഞ്ചവും ആഘോഷസ്വഭാവമുളള ആര്‍ഡിഎക്‌സും സ്വവര്‍ഗരതിക്കാരനായ നായകന്റെ കഥ പറഞ്ഞ കാതലും നാല് വ്യത്യസ്ത ജനുസുകളില്‍ പെട്ട സിനിമകള്‍ തന്നെയാണ്.
ഓസ്‌കറോളം വളര്‍ന്ന് 2018
ഓസ്‌കര്‍എന്ന അപൂര്‍വ ബഹുമതിയിലേക്ക് വളര്‍ന്ന ‘2018’ എന്ന ചലച്ചിത്രം മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചത് ബഹുവിധ കാരണങ്ങളാലാണ്. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ പ്രളയത്തിന്റെ കെടുതികള്‍ പ്രമേയമാക്കി എന്നത് മാത്രമല്ല ആ സിനിമയുടെ വിജയം. ഡോക്യുമെന്ററി തലത്തിലേക്ക് വഴിമാറിപ്പോകാവുന്ന ഒരു വിഷയത്തെ ഉളളുലയ്ക്കുന്ന ചലച്ചിത്രാനുഭവമാക്കി പരിവര്‍ത്തിപ്പിക്കാന്‍ സംവിധായകന്‍ ജൂഡ് ആന്റണിക്ക് കഴിഞ്ഞു. സാങ്കേതികത്തികവിലും തിരക്കഥയുടെ കരുത്തിലും സമാനതകളില്ലാത്ത അനുഭവം സമ്മാനിച്ചു ഈ സിനിമ. കലാസംവിധാനം, ഛായാഗ്രഹണം, താരങ്ങളുടെ പ്രകടനം, ചിത്രസംയോജനം, ശബ്ദക്രമീകരണം എന്നിങ്ങനെ സമസ്ത ഘടകങ്ങളെയും കൃത്യമായ അനുപാതത്തില്‍ ഏകോപിപ്പിച്ച് ആകെത്തുകയെ പൂര്‍ണതയോട് അടുപ്പിച്ചു എന്നതാണ് 2018നെ അനന്യമായ ചലച്ചിത്രം എന്ന ബഹുമതിയിലേക്ക് ഉയര്‍ത്തിയത്. ഇത്തരമൊരു പ്രമേയം സാധാരണഗതിയില്‍ ഡിമാന്‍ഡ് ചെയ്യുന്നതിന്റെ പത്തിലൊന്ന് ബജറ്റില്‍ ഗുണമേന്മയുളള ഒരു സിനിമ ഒരുക്കാന്‍ കഴിഞ്ഞു എന്നതും കേവലം ബോക്‌സ്ഓഫിസ് വിജയം എന്നതിനപ്പുറം കലാപരമായി ഔന്നത്യം പുലര്‍ത്താന്‍ കഴിഞ്ഞു എന്നതും 2018 എന്ന ചലച്ചിത്രത്തിന്റെ നേട്ടമാണ്.

ജിയോ വിപ്ലവത്തിന്റെ കാതല്‍
സ്വവർഗ രതി മലയാള സിനിമയ്ക്ക് പുതുമയല്ല. പത്മരാജന്റെ ‘ദേശാടനക്കിളി കരയാറില്ല’, മോഹന്റെ ‘രണ്ട് പെണ്‍കുട്ടികള്‍’, റോഷന്‍ ആന്‍ഡ്രൂസിന്റെ ‘മുംബൈ പൊലീസ്’ എന്നിങ്ങനെ നിരവധി സിനിമകളില്‍  പരാമര്‍ശിക്കപ്പെട്ട പ്രമേയമാണിത്. എന്നാല്‍ അതിന്റെ രാഷ്ട്രീയ-സാമൂഹിക മാനങ്ങളും അത് കുടുംബ സംവിധാനത്തില്‍ സൃഷ്ടിക്കുന്ന വ്യതിയാനങ്ങളും മാറിയ കാലത്തിന് ആ ജനുസില്‍പെട്ട മനുഷ്യരോടുളള സമീപനങ്ങളും മറ്റും ഒരു കഥാഖ്യാനത്തിന്റെ രസനീയതയെ ഹനിക്കാതെ തികഞ്ഞ കയ്യടക്കത്തോടെ വിശകലനം ചെയ്യപ്പെട്ട സിനിമയാണ് കാതല്‍.

മമ്മൂട്ടിയെ പോലൊരു നടനെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി അത്തരമൊരു ധീരപരീക്ഷണത്തിനു മുതിര്‍ന്നു എന്നതാണ് ജിയോ ബേബിയെയും കാതലിനെയും ശ്രദ്ധേയമാക്കുന്നത് എന്ന തലത്തില്‍ സിനിമയെ പരിമിതപ്പെടുത്താന്‍ പലരും ശ്രമിച്ചു കണ്ടു. എന്നാല്‍ വാസ്തവം അതല്ല. സിനിമ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാനും വിപണനവിജയം നേടാനും മമ്മൂട്ടി ഒരു കാരണമായിരിക്കാം. എന്നാല്‍ അതിനപ്പുറത്ത് കയ്യൊതുക്കവും മാധ്യമബോധവുമുള്ള ഒരു ചലച്ചിത്രകാരന്റെ സ്പന്ദനങ്ങളാല്‍ സമ്പന്നമാണ് കാതല്‍.

കാതൽ സിനിമയിൽ നിന്നും

വളരെ സെന്‍സിറ്റീവായ ഒരു വിഷയത്തെ പരമാവധി മിതത്വം പാലിച്ചുകൊണ്ട് ആവിഷ്‌കരിക്കുകയും അതേ സമയം പ്രേക്ഷകന്റെ ഉളളില്‍ തട്ടുന്ന അനുഭവമാക്കി മാറ്റുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യം വളരെ ഫലപ്രദമായി നിര്‍വഹിച്ചിരിക്കുന്നു ജിയോ ബേബി. ധ്വന്യാത്മകതയുടെ സാധ്യതകള്‍ ചലച്ചിത്രമാധ്യമത്തില്‍ ഏറെ അവധാനതയോടെ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ എക്കാലത്തെയും മാതൃകകളില്‍ ഒന്നാണ് കാതല്‍. സിനിമയില്‍ ഒരിടത്തും സ്വവര്‍ഗ പങ്കാളികളായ രണ്ടുപേരുടെ ശാരീരിക അടുപ്പം വ്യക്തമാക്കുന്ന രംഗങ്ങളില്ലെന്ന് മാത്രമല്ല, അവര്‍ തമ്മില്‍ സംസാരിക്കുന്നത് പോലുമില്ല. അര്‍ത്ഥവത്തായ നോട്ടങ്ങളിലൂടെ, ഭാവചലനങ്ങളിലുടെ അവരുടെ അവസ്ഥ ആനുഷംഗികമായി അഭിവ്യഞ്ജിപ്പിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുളളത്. 
അതുപോലെ, ഒരു കാലത്ത് പ്രകൃതിവിരുദ്ധമെന്ന് പൊതുബോധം എഴുതിത്തളളിയിരുന്ന ഈ അവസ്ഥയെ സ്വാഭാവികമായ ഒന്നായി തിരിച്ചറിയാന്‍ കഴിയുന്നു എന്നതും പൊതുപ്രവര്‍ത്തകനായി തിരഞ്ഞെടുക്കപ്പെടാന്‍ പോലും അങ്ങനെയൊരാള്‍ യോഗ്യനാണെന്നും സിനിമ സമർഥിക്കുന്നു. ഒരാള്‍ സ്വവര്‍ഗാനുരാഗിയായി ജനിക്കുന്നത് അയാളുടെ തെറ്റുകൊണ്ടല്ല എന്ന തിരിച്ചറിവിലേക്ക് കാണികളെ നയിക്കാന്‍ സിനിമയ്ക്ക് കഴിയുന്നു. ഇതെല്ലാം തന്നെ പ്രചാരണസ്വഭാവം തീര്‍ത്തും ഒഴിച്ചു നിര്‍ത്തി സ്വാഭാവികമായി അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതും കാതല്‍ എന്ന സിനിമയുടെ പ്രത്യേകതയാണ്. ലൈംഗികതയുടെ കാര്യത്തില്‍ ഹിപ്പോക്രാറ്റിക് മനോഭാവം സൂക്ഷിക്കുന്നവരെന്ന് പരക്കെ വിമര്‍ശിക്കപ്പെടുന്ന ഒരു ദേശത്ത് ഈ സിനിമ മികച്ച വിജയം നേടുന്നു എന്നതും ചരിത്രത്തിന്റെ വഴിമാറി നടത്തമാവാം. 
ഒരു ആര്‍ഡിഎക്‌സ് വിജയഗാഥ
ആക്‌ഷന്‍ സിനിമകളുടെ ശ്രേണിയില്‍ പെടുത്താവുന്ന ഒരു തട്ടുപൊളിപ്പന്‍ സിനിമയാണ് അടിസ്ഥാനപരമായി ആര്‍ഡിഎക്‌സ്. എന്നാല്‍ പരമ്പരാഗത ആഖ്യാന സമീപനങ്ങളെ പൊളിച്ചടുക്കി, മാറിയ കാലത്തിന്റെ സ്പന്ദനങ്ങളും സവിശേഷതകളും ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ ആര്‍ഡിഎക്‌സ് പ്രദര്‍ശന ശാലകളില്‍ അപ്രതീക്ഷിത മുന്നേറ്റം സൃഷ്ടിച്ചു.

ഫെസ്റ്റിവല്‍ മൂഡുളള സിനിമകളുടെ കാലം കഴിഞ്ഞുവെന്ന് ചില സൂപ്പര്‍താരചിത്രങ്ങളുടെ ദയനീയ വീഴ്ചയുടെ പശ്ചാത്തലത്തില്‍ സിനിമാ നിരുപകര്‍ വിധിയെഴുതിയെങ്കിലും സത്യം അതായിരുന്നില്ല. ചര്‍വിതചര്‍വണം ചെയ്യപ്പെട്ട ഉളളടക്കവും ആഖ്യാനരീതിയുമാണ് അത്തരം സിനിമകള്‍ക്ക് വിനയായത്. എന്നാല്‍ ഡാന്‍സ്, ആക്‌ഷന്‍ സീക്വന്‍സുകള്‍, പാട്ട്, ഫൈറ്റ്, പ്രണയം, കോമഡി, വയലന്‍സ് എന്നിങ്ങനെയുളള പതിവ് മസാലകള്‍ നൂതനമായ അനുഭവം പ്രദാനം ചെയ്യുന്ന തലത്തില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ആര്‍ഡിഎക്‌സ് തിയറ്ററുകളില്‍ ആഘോഷമായി.
തിയറ്ററുകളെ രോമാഞ്ചം കൊളളിച്ച്…
ഹൊറര്‍ കോമഡി ജോണറിലുളള സിനിമയെന്ന് ബാഹ്യമായി പറയാമെങ്കിലും ഓജോ ബോര്‍ഡ് അടക്കം മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ഒരു കഥാപരിസരത്തില്‍ നിന്നുകൊണ്ട് ആഖ്യാനം നിര്‍വഹിക്കപ്പെട്ട ചലച്ചിത്രമാണ് രോമാഞ്ചം. ഭാവുകത്വപരമായി വലിയ പരിണാമങ്ങള്‍ക്കിടയാക്കിയ ഈ സിനിമ ഉദ്ദേശിച്ച തലത്തില്‍ മനസ്സിലായില്ലെന്ന് പഴയ തലമുറയില്‍ പെട്ട പലരും പരിതപിക്കുമ്പോള്‍ പുതുതലമുറ ഏതാണ്ട് പൂര്‍ണമായിത്തന്നെ ഏറ്റെടുത്തു. 100 കോടി, 50 കോടി ക്ലബ്ബുകള്‍ സൂപ്പര്‍താര സിനിമകള്‍ക്ക് മാത്രം പ്രാപ്യമായ ഒരു കാലത്ത് ഈ കൊച്ചുചിത്രം മുന്‍ധാരണ മറികടന്ന് പുതുചരിത്രം നിര്‍മിച്ചു.

ചെറിയ സിനിമകളുടെ വലിയ വിജയം ചലച്ചിത്രവ്യവസായത്തെ സംബന്ധിച്ച് ഏറെ ആശാവഹമാണ്. കോടികള്‍ പ്രതിഫലം പറ്റുന്ന സൂപ്പര്‍ഹീറോ സിനിമകള്‍ തുടര്‍ച്ചയായി ബോക്‌സ്ഓഫീസില്‍ മൂക്കു കുത്തി വീഴുമ്പോള്‍ രോമാഞ്ചം പോലുളള സിനിമകള്‍ തിയറ്ററുകളില്‍ ജനസമുദ്രം സൃഷ്ടിച്ചു. ഇവിടെ താരങ്ങളോടുളള വിപ്രതിപത്തിയോ നവാഗതരോടുളള പ്രതിപത്തിയോ ഒന്നുമല്ല സംഭവിച്ചത്. സിനിമയുടെ ഉളളടക്കം തന്നെയാണ് പ്രധാനമെന്നും ഏതെങ്കിലും തരത്തില്‍ പുതുമയുള്ള ഒരു എലമെന്റ് തിരക്കഥയില്‍ ഉണ്ടാവണമെന്നും കാണികള്‍ ശഠിച്ചു തുടങ്ങി. കഥാതന്തു എത്ര പഴകിയതാണെങ്കിലും പുതിയ ആഖ്യാനരീതിയിലുടെ അതിന് പുതുമ നല്‍കാനും കഴിയേണ്ടതുണ്ട്.

ഒരേയാരു ലിജോ; ജോഷിയും
സിനിമ താരപ്പകിട്ടിനെ മറികടന്ന് സംവിധായകരിലേക്കും തിരക്കഥാകൃത്തുക്കളിലേക്കും വഴിമാറിത്തുടങ്ങിയിരിക്കുന്നു. എന്തു പറയുന്നു, എങ്ങനെ പറയുന്നു എന്നതിനാണ് വര്‍ത്തമാനകാല മലയാള സിനിമയില്‍ പ്രസക്തി. കാതല്‍ എന്ന സിനിമയില്‍ പോലും മമ്മൂട്ടി എന്ന താരമില്ല, നടന്‍ മാത്രം.

ഈ മാറ്റത്തെ മുന്നില്‍ നിന്ന് നയിച്ച ചലച്ചിത്രകാരന്‍മാരില്‍ പ്രഥമ ഗണനീയരാണ് ദിലീഷ് പോത്തനും ലിജോ ജോസ് പെല്ലിശ്ശേരിയും. ദിലീഷ് ഇക്കൊല്ലം നിശ്ശബ്ദനായപ്പോള്‍ ലിജോ നന്‍പകല്‍ നേരത്തു മയക്കവുമായി രംഗത്ത് സജീവമായി. ഇതിവൃത്തം, ആഖ്യാനം എന്നിങ്ങനെ രണ്ട് തലങ്ങളിലും ലിജോ ടച്ച് പ്രകടമാക്കിയ നന്‍പകല്‍ നേരത്തു മയക്കത്തിൽ‍, ചലനത്തിന്റെ എല്ലാ സാധ്യതകളും പരീക്ഷിക്കുന്ന ജിംബല്‍ കാലത്തും സ്റ്റാറ്റിക് ഫ്രെയിമുകളെ സൗന്ദര്യാത്മകമായി എങ്ങനെ വിന്ന്യസിക്കാമെന്ന് ലിജോ കാണിച്ചു തന്നു. മലയാള സിനിമയില്‍ കെ.ജി.ജോര്‍ജിന് ശേഷം ഇത്ര വലിയ ഒരു വിഗ്രഹഭഞ്ജകന്‍ ഉണ്ടായിട്ടില്ലെന്ന് ഓരോ സിനിമയിലൂടെയും ലിജോ സാക്ഷ്യപ്പെടുത്തുന്നു. 
സിനിമയുടെ പേസ്, റിഥം, കളര്‍ടോണ്‍, ഫോട്ടോഗ്രഫിക്ക് മൂഡ്, കളര്‍ടോണ്‍ എന്നിങ്ങനെ സാങ്കേതികസൂക്ഷ്മതകളെ മികച്ച സൗന്ദര്യാനുഭവം സൃഷ്ടിക്കാന്‍ എങ്ങനെ ഉപയോഗിക്കാമെന്നത് സംബന്ധിച്ച ധാരണകള്‍ അതിന്റെ പരമകാഷ്ഠയില്‍ ലിജോ പ്രയോജനപ്പെടുത്തിയ സിനിമകളിലൊന്നാണ് നന്‍പകല്‍ നേരത്ത് മയക്കം.
അട്ടിമറിയോളം പോന്ന ഭാവുകത്വപരിണതികള്‍ സിനിമയെ അടിമുടി ഉടച്ചു വാര്‍ക്കുന്ന സമകാലീന പരിതസ്ഥിതിയിലും തന്റേതായ സ്‌പേസില്‍ നിന്നുകൊണ്ട് അദ്ഭുതങ്ങള്‍ വിരചിക്കുകയാണ് മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷി. സിനിമയില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. കാലത്തെ അറിയാന്‍ കഴിയാത്തപക്ഷം ഏത് അതികായനും കടപുഴകും. ഒരു കാലത്ത് ലെജൻഡുകള്‍ എന്ന് നാം വിശേഷിപ്പിച്ച ചലച്ചിത്രകാരന്‍മാരുടെ വംശം കൂട്ടത്തോടെ അന്യം നിന്നു പോകുന്ന ദയനീയമായ കാഴ്ചയ്ക്കിടയിലും ഒറ്റയാന്റെ കരുത്തും സൗന്ദര്യവുമായി നിലനില്‍ക്കുകയാണ് ജോഷി.

സംവിധായകന്‍ എന്ന നിലയില്‍ പതിറ്റാണ്ടുകളായി നമ്മെ നിരന്തരം വിസ്മയിപ്പിച്ചുകൊണ്ടിരുന്ന ജോഷി സമകാലികരായ സംവിധായകരില്‍ നിന്ന് വിഭിന്നമായി നിരന്തരം സ്വയം നവീകരിച്ചുകൊണ്ടും കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചും പുതുതലമുറയോട് കിടപിടിക്കുന്ന പരിചരണരീതികളും സാങ്കേതികസൂക്ഷ്മതയും മികവും നിലനിര്‍ത്തുന്നു.
പ്രമേയപരമായി ഏറെ ദൂരം മുന്നോട്ട് സഞ്ചരിക്കാന്‍ ഒരു കാലത്തും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. സംഘര്‍ഷാത്മകത തന്നെയാണ് എക്കാലവും ജോഷി ചിത്രങ്ങളുടെ അടിസ്ഥാനപ്രമേയം. ത്രില്ലിങ് എക്‌സ്പീരിയന്‍സ് സമ്മാനിക്കുക എന്ന കേവലധര്‍മമാണ് അദ്ദേഹത്തെ നയിക്കുന്നത്. 

പോസ്റ്റർ

എന്നാല്‍ മേക്കിങ് സ്‌റ്റൈലില്‍ ജോഷി കൊണ്ടുവരുന്ന നൂതനസമീപനം അന്യാദൃശമാണ്. സംവിധായകന്‍ എന്ന നിലയിലെ വൈവിധ്യം കൊണ്ടും ഉള്‍ക്കനം കൊണ്ടും ജോഷിയേക്കാള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന സംവിധായകര്‍ കരിയറിന്റെ അവസാനകാലത്ത് പഴക്കം ചെന്ന പരിചരണരീതി കൊണ്ട് വ്യാപകവിമര്‍ശനം ഏറ്റുവാങ്ങിയപ്പോള്‍ പാപ്പനിലും പൊറിഞ്ചു മറിയം ജോസിലും പ്രകടമായ ഫയര്‍ ഏറ്റവും പുതിയ ചിത്രമായ ആന്റണിയിലും നിലനിര്‍ത്തിയിരിക്കുന്നു ജോഷി. അതേസമയം ഇതിവൃത്തപരമായ പരാധീനത അദ്ദേഹത്തെ വിടാതെ പിന്‍തുടരുകയും ചെയ്യുന്നു. സാങ്കേതിക വൈദഗ്ധ്യത്തിലും സുശിക്ഷിതമായ ക്രാഫ്റ്റിലും അദ്ദേഹം പുലര്‍ത്തുന്ന അവധാനത ഏത് പഴയ വീഞ്ഞിനെയും പുതിയ കുപ്പിയില്‍ കൂടുതല്‍ വീര്യമുളളതാക്കുന്നു.
തിരക്കഥകളുടെ ബലഹീനതയെ സംവിധായകന്‍ അതിജീവിക്കുന്നു എന്ന മാജിക്കും ജോഷിയുടെ കാര്യത്തില്‍ മാത്രം സംഭവിക്കുന്ന അദ്ഭുതമാണ്. ഇതിവൃത്തസ്വീകരണത്തിലെ വിപ്ലവാത്മക സമീപനങ്ങളോടുളള വിമുഖതയാണ് ജോഷിയുടെ ഏറ്റവും വലിയ പരിമിതി. ആന്റണി എന്ന ഏറ്റവും പുതിയ സിനിമയും അതിന് ഉദാഹരണമാണ്.

ഹിറ്റുകള്‍ കൈവിരലിലെണ്ണാന്‍ മാത്രം
ഈ വര്‍ഷം റിലീസായ 220 ചിത്രങ്ങളില്‍ ആകെ 4 സിനിമകള്‍ മാത്രമാണ് മെഗാഹിറ്റായത് എന്ന യാഥാർഥ്യം ചലച്ചിത്രവ്യവസായത്തിന്റെ വളര്‍ച്ചയെ കാണിക്കുന്ന ഒന്നല്ല. എന്തു കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിന്റെ ഉത്തരം വളരെ ലളിതമാണ്. പ്രേക്ഷകന്റെ മാറിയ അഭിരുചികളെ തൃപ്തിപ്പെടുത്താന്‍ മഹാഭൂരിപക്ഷം സിനിമകള്‍ക്കും കഴിയുന്നില്ല. ഏത് തരം ഫോര്‍മുലയാണ് ഓരോ കാലത്തും കാഴ്ചക്കാരന് ഇഷ്ടപ്പെടുക എന്ന് നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന സത്യം അവശേഷിക്കുമ്പോഴും രസം ജനറേറ്റ് ചെയ്യുന്ന സിനിമകള്‍ എക്കാലവും ശരാശരി വിജയമെങ്കിലും സ്വന്തമാക്കിയിട്ടുണ്ട്.
ഫാലിമി, ഗരുഡന്‍, പൂക്കാലം, പാച്ചുവും അദ്ഭുതവിളക്കും, നെയ്മര്‍, അനുരാഗം, മധുരമനോഹരമോഹം, തീപ്പൊരി ബെന്നി  പോലുളള കൊച്ചുസിനിമകള്‍ തെറ്റില്ലാത്ത വിപണിവിജയം സ്വന്തമാക്കിയപ്പോള്‍ വലിയ മുതൽമുടക്കിലെത്തിയ ചില സിനിമകളെ ജനം നിരാകരിച്ചു. മാറിയ കാലത്തെ പരിഗണിക്കാത്ത തിരക്കഥ തന്നെയായിരുന്നു ഈ സിനിമകളിലും വില്ലന്‍. അതേസമയം തിരക്കഥ എന്ന അടിസ്ഥാനഘടകത്തെ അവധാനതാപൂര്‍വം പരിഗണിച്ച രണ്ട് മമ്മൂട്ടി ചിത്രങ്ങള്‍ കലാപരമായും വാണിജ്യപരമായും വിജയം കൈവരിക്കുകയും ചെയ്തു– നന്‍പകല്‍ നേരത്തു മയക്കവും കാതലും.
മോഹന്‍ലാലിന്റെ കരിയറില്‍ സമീപവര്‍ഷങ്ങളില്‍ വലിയ വിജയങ്ങൾ കടന്നുപോയിട്ടില്ല. ഒരു കാലഘട്ടത്തിനും തളര്‍ത്താന്‍ കഴിയാത്ത നടനും താരവുമാണ് മോഹന്‍ലാല്‍ എന്നത് അവിതര്‍ക്കിതമാണ്. ഈ കുറവുകളെല്ലാം പരിഹരിച്ചുകൊണ്ട് 2023 ല്‍ മോഹന്‍ലാല്‍ വീണ്ടും സജീവമായി. ജീത്തു ജോസഫ് തിരക്കഥ മര്‍മ പ്രധാനമായ ഘടകമാണ് എന്ന ഉറച്ചധാരണ ഉളളില്‍ സൂക്ഷിക്കുന്ന ചലച്ചിത്രകാരനാണ്. ജീത്തുവിന്റെ പുതിയ ചിത്രമായ നേര് അടുക്കും ചിട്ടയും വെടിപ്പുമുളള സിനിമ എന്ന നിലയില്‍ ഖ്യാതി നിലനിര്‍ത്തി. മോഹന്‍ലാലിന്റെ കരിയറില്‍ സംഭവിച്ച ആശ്വാസചിത്രം കൂടിയായി ഇക്കൊല്ലം ഒടുവില്‍ റിലീസ് ചെയ്ത നേര്.
സിനിമകളുടെ വിപണനവിജയത്തിലോ ഇനീഷ്യന്‍ കലക്‌ഷനിലോ നായികമാര്‍ ഒരു കാലത്തും പ്രസക്ത ഘടകമായിരുന്നില്ല. ഇതിന് കാരണം മറ്റൊന്നുമല്ല. പ്രേക്ഷകന്‍ എക്കാലവും നായകനടനെ മാത്രം നോക്കിയാണ് സിനിമയ്ക്ക് കയറിയിരുന്നത്. നയന്‍താരയും മറ്റും ഇതരഭാഷകളില്‍ ക്രൗഡ്പുളളറായി വിലസുമ്പോഴും മലയാളത്തില്‍ അവരുടെ സിനിമകള്‍ക്കും ഒരു നായകന്റെ പിന്‍ബലം അനിവാര്യമായിരുന്നു.

ഗരുഡൻ

ഈ ദുസ്ഥിതിക്ക് കുറച്ചെങ്കിലും മാറ്റമുണ്ടായത് മഞ്ജു വാര്യരുടെ രണ്ടാം വരവോടെയാണ്. സ്ത്രീപ്രേക്ഷകര്‍ മഞ്ജുവിന്റെ സിനിമകള്‍ക്കായി തിയറ്ററുകളില്‍ ക്യൂ നിന്നപ്പോള്‍ ഉദാഹരണം സുജാത പോലെ അവരെ കേന്ദ്രീകരിച്ചുളള സിനിമകള്‍ വിജയം കണ്ടു. എന്നാല്‍ ഈ ഘടകങ്ങളൊന്നും 2023ല്‍ തുണയായില്ല. 
മികച്ച സിനിമയായിട്ടും തിയറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാതിരുന്ന ശേഷം മൈക്കിൽ ഫാത്തിമ ഒടിടിയില്‍ വലിയ തോതില്‍ ചര്‍ച്ചയായി. കല്യാണി പ്രിയദര്‍ശന്റെ ടൈറ്റില്‍ റോളും മികച്ച പ്രകടനവും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. തമാശനിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ക്കപ്പുറം അഭിനയസാധ്യതയുളള ഗൗരവമേറിയ വേഷങ്ങളും ചെയ്ത് ഫലിപ്പിക്കാന്‍ തനിക്കാവുമെന്ന് ബേസില്‍ ജോസഫ് തെളിയിച്ച സിനിമയാണ് ഫാലിമി. സോമന്റെ കൃതാവ് എന്ന വളരെ ചെറിയ സിനിമയും ഭേദപ്പെട്ട അഭിപ്രായം നിലനിര്‍ത്തി. ശീര്‍ഷക കഥാപാത്രം അവതരിപ്പിച്ച വിനയ് ഫോര്‍ട്ടിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.
2018 ലൂടെ മികച്ച തിരിച്ചുവരവ് നടത്തിയ സുധീഷും ഫാലിമി, നേര് സിനിമകളിലൂടെ ജഗദീഷും താരപദവിക്കപ്പുറം തന്നിലെ നടനെ തിരയുന്ന ടൊവിനോയും കൂടുതല്‍ ശ്രദ്ധ നേടിയ വര്‍ഷം കൂടിയായിരുന്നു 2023. എന്നാല്‍ ടൊവിനോയെ കേന്ദ്രകഥാപാത്രമാക്കി ഡോ.ബിജു ഒരുക്കിയ അദൃശ്യജാലകങ്ങള്‍ ഗൗരവമേറിയ സിനിമയായിരുന്നിട്ടും പ്രേക്ഷകര്‍ക്കിടയില്‍ കാര്യമായ ചലനമുണ്ടാക്കാതെ പോയി.
മാറിയ പ്രേക്ഷകനും മാറാത്ത ചലച്ചിത്രകാരനും

കോവിഡ് കാലത്ത് നേരമ്പോക്കിന് ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ചിരുന്ന പ്രേക്ഷകസമൂഹം ലോകത്തിലെ വിവിധ ഭാഷകളില്‍ സംഭവിച്ച കുതിച്ചുചാട്ടങ്ങള്‍ക്ക് സാക്ഷിയായി. പ്രമേയപരമായും ആഖ്യാനത്തികവിലും സാങ്കേതിക മേന്മയിലും പുതിയ പരിണാമങ്ങള്‍ സൃഷ്ടിച്ച സിനിമകളുമായുളള നിരന്തര പരിചയത്തിലൂടെ പുതിയ ചലച്ചിത്രസംസ്‌കാരം ലഭ്യമായ ഒരു ജനതയ്ക്ക് മുന്നിലാണ് നുറ്റാണ്ടുകളായി ആവര്‍ത്തിക്കപ്പെടുന്ന സമീപനങ്ങളുമായി ചിലര്‍ പ്രത്യക്ഷപ്പെട്ടത്. സ്വാഭാവികമായും ഇത്തരം സിനിമകള്‍ നിരാകരിക്കപ്പെട്ടു.
ആര് അഭിനയിക്കുന്നു എന്നതോ ആര് അഭിനയിക്കാതിരിക്കുന്നു എന്നതോ ആര് സംവിധാനം ചെയ്തു എന്നതോ പുതിയ പ്രേക്ഷകന് ഒരു വിഷയമല്ല. അപ്രശസ്തരായ അഭിനേതാക്കളെ അണിനിരത്തി നവാഗത സംവിധായകര്‍ ഒരുക്കുന്ന സിനിമകളെ പോലും നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കാന്‍ അവര്‍ ഒരുക്കമാണ്.
സിനിമ എത്ര കണ്ട് എന്‍ഗേജിങ് ആണെന്നതും ഇതുവരെ കാണാത്ത ഏതെങ്കിലും ഒരു എലമെന്റ് സിനിമയിലുണ്ടോ എന്നതും അതിലുപരി കെട്ടുറപ്പുളള തിരക്കഥയുടെ കരുത്തുമാണ് ഇന്ന് പ്രേക്ഷകനെ തീയറ്ററുകളിലേക്ക് അടുപ്പിക്കുന്നത്. ടിക്കറ്റ് ചാര്‍ജ് ഗണ്യമായി വർധിക്കുകയും സിനിമ കാണുക എന്നത് ചെലവേറിയതായി മാറുകയും ചെയ്ത കാലത്ത് സിനിമ എന്ന പേരില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചാപിളളകള്‍ക്ക് മുന്നില്‍ ഇരുന്നുകൊടുക്കാന്‍ ഇന്നത്തെ കാണികള്‍ തയാറല്ല. 
ചലച്ചിത്രപ്രവര്‍ത്തകരേക്കാള്‍ ചലച്ചിത്ര സാക്ഷരത നേടിയവരാണ് ഇന്നത്തെ പ്രേക്ഷകര്‍ എന്ന് സിനിമയുടെ ഗതിവിഗതികളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന നടന്‍ മമ്മൂട്ടി വിലയിരുത്തുന്നു. അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുകയാണ് സിനിമ നിര്‍മിക്കുന്നവര്‍ പ്രാഥമികമായി അനുവര്‍ത്തിക്കേണ്ട ദൗത്യമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.
ഒടിടി പ്ലാറ്റ്‌ഫോമുകളും ടെലിവിഷന്‍ ചാനലുകളും മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി തിയറ്റിലെ പ്രകടനം വിലയിരുത്തിയ ശേഷം മാത്രമാണ് സിനിമകള്‍ വാങ്ങുന്നതും അവയ്ക്ക് മൂല്യനിർണയം ചെയ്യുന്നതും.
ആത്യന്തികമായി ഇത് മികച്ച സിനിമകളുടെ കടന്നു വരവിന് കളമൊരുക്കുന്നു എന്ന് വേണം പറയാന്‍. കലാമൂല്യമോ ആസ്വാദനക്ഷമതയോ ഒന്നുമില്ലാത്ത നപുംസകങ്ങള്‍ സിനിമ എന്ന പേരില്‍ കെട്ടിയെഴുന്നളളിച്ച് സോഷ്യല്‍ മീഡിയ തളളുകളിലുടെ പ്രേക്ഷകനെ കബളിപ്പിച്ച് തിയറ്റര്‍ നിറയ്ക്കുകയും ഒ.ടി.ടിയില്‍ വിറ്റ് കാശാക്കുകയും ചെയ്തിരുന്ന കാലം കഴിഞ്ഞുപോയി.
രോമാഞ്ചവും കാതലും ആര്‍ഡിഎക്‌സും മാത്രമല്ല താരതമ്യേന ബിഗ്ബജറ്റ് ചിത്രമായ 2018 പോലും മൗത്ത് പബ്ലിസിറ്റിയുടെ പിന്‍ബലത്തിലാണ് തിയറ്ററുകളെ ഉത്സവസമാനമാക്കിയത്. ഗിമ്മിക്കുകളും വിപണന തന്ത്രങ്ങളും കൊണ്ട് സിനിമയ്ക്ക് ഭാവിയില്ല എന്നതിന്റെ ഏറ്റവും വലിയ സമീപകാല ഉദാഹരണമാണ് കിങ് ഓഫ് കൊത്ത. ദുൽഖര്‍ എന്ന പാന്‍ ഇന്ത്യന്‍ താരത്തിന്റെ മികച്ച പ്രകടനവും ഇനീഷ്യന്‍ കലക്‌ഷനും കൂട്ടിനുണ്ടായിട്ടും ദുര്‍ബലമായ തിരക്കഥ മൂലം വിജയം നേടാനായില്ല.

ജോജു ജോര്‍ജ് നിര്‍മിച്ച് ഇരട്ടവേഷത്തില്‍ വന്ന ‘ഇരട്ട’ എന്ന ചിത്രം തിരക്കഥയിലും സംവിധാന മികവിലും നായകന്റെ ഉജ്ജ്വല പ്രകടനത്തിലും മുന്നിട്ടു നിന്നെങ്കിലും തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. എന്നാല്‍ ഒടിടി റിലീസില്‍  വിവിധ രാജ്യങ്ങളിലും ഭാഷകളിലുമുള്ള പ്രേക്ഷകര്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്. അപ്പോള്‍ സിനിമ നല്ലതെങ്കില്‍ ഏതെങ്കിലും തരത്തില്‍ അത് സ്വീകരിക്കപ്പെടും എന്നതിന് ഉത്തമനിദര്‍ശനമാകുന്നു ഇരട്ട. 
തിയറ്ററുകളില്‍ വിജയിച്ചാലും ഇല്ലെങ്കിലും നല്ല സിനിമകള്‍ക്ക് കാലം നിശ്ചയിക്കുന്ന ഒരു കാവ്യനീതിയുണ്ട്. റിലീസ് കാലത്ത് വന്‍പരാജയമായിരുന്ന സന്ദേശം മൂന്നര പതിറ്റാണ്ടിനു ശേഷവും ഇന്റര്‍നെറ്റില്‍ പുതുതലമുറ പോലും ആഘോഷിക്കുന്ന നിത്യവിസ്മയമായി. റിലീസ് ടൈമില്‍ വന്‍ദുരന്തമായി മാറിയ തൂവാനത്തുമ്പികള്‍ സിനിമാ വിദ്യാര്‍ഥികളും നവ ചലച്ചിത്രകാരന്‍മാരും എക്കാലത്തെയും പാഠപുസ്തകങ്ങളിലൊന്നായി കൊണ്ടാടുന്നു. പത്മരാജന്റെ കാലത്ത് ജനിച്ചിട്ട് പോലുമില്ലാത്ത തലമുറ ആവര്‍ത്തിച്ച് കാണുന്നു. ചര്‍ച്ച ചെയ്യുന്നു. ഓരോ കാഴ്ചയിലും പുതിയ അനുഭവം സമ്മാനിക്കുന്ന തൂവാനത്തുമ്പികള്‍ ഒരുപക്ഷേ കാലം തെറ്റി പിറന്ന സിനിമയാവാം.

തിയറ്ററില്‍ പച്ചതൊടാതെ പോയ കെ.ജി.ജോര്‍ജ് സിനിമയായ ഈ കണ്ണികൂടിയും കുറ്റാന്വേഷണ സിനിമകളുടെ എക്കാലത്തെയും വലിയ മാതൃകയായി ആഘോഷിക്കപ്പെടുന്നു. ഇന്റര്‍നെറ്റ് സിനിമയ്ക്ക് നല്‍കിയ സംഭാവന കൂടിയാണ് ദശകങ്ങളായി തുടരുന്ന ഈ സ്വീകാര്യത. സിനിമയെ സംബന്ധിച്ച്  കാലാതീതമായ നിലനില്‍പ്പിന് ആധാരം അതിന്റെ ഗുണപരത മാത്രമാണ്.
ഒരേ സമയം രണ്ടു തലത്തിലും തിളങ്ങിയ സിനിമകളുമുണ്ട്. തിയറ്ററുകള്‍ നിറച്ച മണിച്ചിത്രത്താഴും യവനികയും വൈശാലിയും വടക്കന്‍ വീരഗാഥയും കലാമൂല്യമുളള സിനിമകള്‍ കൂടിയായിരുന്നു. അവ ഇന്നും ആഘോഷിക്കപ്പെടുന്നു. ആദരിക്കപ്പെടുന്നു.
സിനിമ നല്ലതെങ്കില്‍ അത് എത്ര വൈകിയാലും സ്വീകാര്യതയുടെ പുതിയ തീരങ്ങളില്‍ എത്തിപ്പെടും. അംഗീകരിക്കപ്പെടും. മോശമെങ്കില്‍ അത് ചരിത്രത്തിന്റെ പിന്നാമ്പുറത്ത് വിസ്മൃതിയിലേക്ക് മറയും. വാണിജ്യവിജയം താത്കാലികതയുടെ ആഘോഷമാണ്. അത് ചലച്ചിത്രവ്യവസായത്തെ സംബന്ധിച്ച് ഒരു അനിവാര്യതയാണെങ്കില്‍ കൂടിയും..
2023ല്‍ നന്‍പകല്‍ മയക്കവും 2018 ഉം ഒഴിച്ചാല്‍ കതിര്‍ക്കനമുളള അധികം സിനിമകള്‍ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. 2023നേക്കാള്‍ മികച്ച സിനിമകളുമായി 2024 കാത്തിരിക്കുന്നു എന്നതാണ് ചലച്ചിത്ര പ്രേമികളെ ആവേശഭരിതരാക്കുന്നത്.


Source link

Related Articles

Back to top button