യുദ്ധം അവസാനിപ്പിക്കണം, ബന്ദികളെ മോചിപ്പിക്കണം; ക്രിമസ് സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. ഉടനടി സഹായവസ്തുക്കൾ എത്തിച്ച് ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കണമെന്നും ക്രിസ്മസ് ദിനത്തിലെ ഊർബി എത്ത് ഓർബി (നഗരത്തിനും ലോകത്തിനുമുള്ള) അനുഗ്രഹ സന്ദേശത്തിൽ മാർപാപ്പ ആവശ്യപ്പെട്ടു. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിനു വിശ്വാസികളെ അഭിസംബോധന ചെയ്ത മാർപാപ്പ, ഇസ്രയേലിനെയും പലസ്തീനെയും ഓർത്തു വിലപിച്ചു. “ഒക്ടോബർ ഏഴിന് ഭീകരാക്രമണം നേരിട്ടവരുടെ വേദന എന്റെ ഹൃദയത്തെയും ദുഃഖത്തിലാഴ്ത്തുന്നു. ബന്ദികളാക്കി വച്ചിരിക്കുന്നവരെ ഉടൻ മോചിപ്പിക്കണമെന്ന അഭ്യർഥന ആവർത്തിക്കുന്നു. നിരപരാധികളായ ജനങ്ങൾക്കു ഹാനികരമായ സൈനികനീക്കം അവസാനിപ്പിക്കണം. ഉടനടി സഹായവസ്തുക്കൾ എത്തിച്ച് ജനങ്ങൾ നേരിടുന്ന ദുരിതം അവസാനിപ്പിക്കണം”- മാർപാപ്പ ആവശ്യപ്പെട്ടു.
രണ്ടു വർഷമായി റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നിൽ സമാധാനം പുലരാനായി മാർപാപ്പ പ്രാർഥിച്ചു. “വർഷങ്ങളായി യുദ്ധവും അസ്ഥിരതയും നേരിടുന്ന സിറിയ, ലബനൻ, യെമൻ രാജ്യങ്ങളിൽ രാഷ്ട്രീയ പരിഹാരം ഉണ്ടാകണം. അർമേനിയയും അസർബൈജാനും തമ്മിലും ഉത്തര-ദക്ഷിണ കൊറിയകൾ തമ്മിലും സമാധാനമുണ്ടാകണം”-മാർപാപ്പ പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിൽ അഭയാർഥികളായി മാറിയ ദശലക്ഷങ്ങളെ മാർപാപ്പ അനുസ്മരിച്ചു.
Source link