CINEMA

30 സെക്കൻഡ് റീൽസിന് 2 ലക്ഷം, എന്റെ തല കറങ്ങി: അമല ഷാജിക്കെതിരെ നടൻ പിരിയൻ


ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധേയയായ അമല ഷാജിക്കെതിരെ തമിഴ് യുവതാരം പിരിയൻ. 30 സെക്കൻഡുള്ള സിനിമയുടെ പ്രമോഷനു വേണ്ടി അമല രണ്ട് ലക്ഷം രൂപ ചോദിച്ചുവെന്നും അവരുടെ ആവശ്യം കേട്ടപ്പോൾ തന്റെ തല കറങ്ങിയെന്നും പിരിയന്‍ പറയുന്നു. പിരിയൻ നായകനായി എത്തി സംവിധാനം ചെയ്യുന്ന ‘അരണം’ എന്ന സിനിമയുടെ പത്രസമ്മേളനത്തിൽ വച്ചായിരുന്നു ഈ വെളിപ്പെടുത്തൽ.
‘‘ഒരു സിനിമ സംവിധാനം ചെയ്ത് അത് പുറത്തുകൊണ്ടുവരാനുള്ള കഷ്ടപ്പാടിനെക്കുറിച്ച് ആരും പറയാറില്ല. എവിടെ തൊട്ടാലും പൈസയാണ്. ഇൻസ്റ്റഗ്രാമിൽ രണ്ട് നിമിഷം നൃത്തമാടുന്ന പെൺകുട്ടി ചോദിക്കുന്നത് അൻപതിനായിരം രൂപയാണ്. നായികയ്ക്കു പോലും ഇവിടെ ശമ്പളം കൊടുക്കാനില്ല, അപ്പോഴാണ് വെണ്ടും രണ്ട് സെക്കൻഡിന് അൻപതിനായിരം ചോദിക്കുന്നത്.

കേരളത്തിൽ ഉളള പെൺകുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. എന്തിനാണ് ഇത്രയും പൈസയെന്ന് ഞാൻ ചോദിച്ചു. 30 സെക്കൻഡ് റീല്‍സ് സർ എന്ന് പറഞ്ഞു. 30 സെക്കൻഡ് നൃത്തമാടുന്നതിന് രണ്ട് ലക്ഷം രൂപയോ എന്ന് തിരിച്ചു ചോദിച്ചു. ആ പൈസ വേറെ എന്തെങ്കിലും നല്ലകാര്യങ്ങൾക്ക് ഉപകരിക്കുമെന്ന് ഞാൻ പറഞ്ഞു. വിമാനടിക്കറ്റുവരെ ചോദിക്കുകയുണ്ടായി. അത് കേട്ട് എന്റെ തലകറങ്ങിപ്പോയി. ഞാൻ പോലും ഫ്ലൈറ്റിൽപോകാറില്ല, എന്തിനാണ് നിങ്ങളെ ഫ്ലൈറ്റിൽ കൊണ്ടുവരുന്നതെന്നും ചോദിച്ചിരുന്നു.

ഇവരൊക്കെ എന്താണ് ധരിച്ചുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം അല്ല ലോകം. എത്രയോ നല്ല സിനിമാ മാസികകളിൽ എന്റെ അഭിമുഖം വന്നിട്ടുണ്ട്. അവരൊക്കെ എത്ര നല്ല രീതിയിലാണ് അത് എഴുതിയിരുന്നത്. അങ്ങനെയുള്ള ആളുകൾ ജീവിച്ചിരുന്ന കാലത്താണ് എവിടെയോ ഇരുന്ന് പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെ പറയുന്നത്. ഒരു കല പ്രേക്ഷകരിലേക്കെത്തിക്കാൻ എന്തുമാത്രം പോരാടണമെന്ന് ഇപ്പോൾ മനസ്സിലായി.

അമല ഷാജി

ഒരു നല്ല സിനിമ സംവിധാനം ചെയ്യാനായി എന്ന വിശ്വാസം എനിക്കുണ്ട്. ഇതൊരു നല്ല എഴുത്തുകാരന്റെ കഥയാണ്. നല്ല കഥയാണ് ഈ സിനിമയുടേത്. ഈ സിനിമയുടെ ആദ്യ പകുതി കണ്ട ശേഷം രണ്ടാം പകുതി ഇങ്ങനെയായിരിക്കും എന്ന് കൃത്യമായി പറഞ്ഞാൽ ഒരു ലക്ഷം രൂപ നൽകാം. അതിന്റെ തിരക്കഥ അത്രയ്ക്കു ശക്തമാണ്.

അമല ഷാജി

പുതിയ ആളുകളും സിനിമകളും വരണം. അല്ലാതെ ടിവിയിലും നെറ്റിലും നൂറും അഞ്ഞൂറും തവണ കണ്ട മുത്തുവും ആളവന്താനുമൊക്കെ വീണ്ടും തിയറ്ററുകളിലെത്തിയിട്ട് എന്തുകാര്യം. ആർക്കാണ് ഇതുകൊണ്ട് നേട്ടം. മുത്തുവൊക്കെ പത്തു ഭാഷകളിലും ഇന്റർനെറ്റിൽ ലഭ്യമാണ്. അതൊക്കെ വീണ്ടും തിയറ്ററുകളിൽ വന്നിരുന്ന് കാണേണ്ട ആവശ്യമുണ്ടോ. അക്വമാൻ എന്നൊരു ഹോളിവുഡ് പടം വരുന്നു. അതുമായി നമുക്കെന്ത് ബന്ധം. ഡങ്കി, അക്വാമാൻ തുടങ്ങിയ അനാവശ്യ ചിത്രങ്ങൾ ഇവിടെ റിലീസ് ചെയ്യാതെ നല്ല കഥകളെ തമിഴ് ആരാധകർ പിന്തുണയ്ക്കണം. ഒരുകാലത്ത് സ്രഷ്ടാക്കളുടെ കൈകളിലായിരുന്ന സിനിമ ഇന്ന് കോർപ്പറേറ്റുകളുടെ കൈകളിലാണ്. സിനിമ സ്രഷ്‌ടാക്കളുടെ കൈകളിലേക്ക് തിരിച്ചുവരണമെന്നാണ് എന്റെ ആഗ്രഹം. മലയാള സിനിമ കാണുകയും അഭിനന്ദിക്കുകയും ചെയ്യുന്ന നമ്മൾ ഇവിടെയുള്ള ആയിരക്കണക്കിന് കഥകൾ കാണുന്നില്ല.’’–പിരിയൻ പറഞ്ഞു.

Amala Shaji has worked hard to get her millions of followers . You go to her because you need publicity . If you are ok with the numbers , you get the deal done , if not – just walk away . What is the need to mention it here ? pic.twitter.com/PJYrFFtQsV— Prashanth Rangaswamy (@itisprashanth) December 20, 2023

തമിഴ് ഗാനരചയിതാവായ ലിറിസിസ്റ്റ് പിരിയന്റെ ആദ്യ സംവിധാന സംരംഭമാണ് അരണം. പിരിയൻ, ലഗുബറൻ, വർഷ, കീർത്തന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാജൻ മാധവാണ് ഈ ഹൊറർ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. 
വിജയ് ആന്റണി ഈണം പകർന്ന ഉസുമലരസെ, മസ്‌കാര പോട്ട്, വേല വേല വേലായുധം തുടങ്ങി നിരവധി പ്രശസ്ത ഗാനങ്ങൾ പിരിയൻ എഴുതിയിട്ടുണ്ട്. പ്രിയൻ എന്നാണ് യഥാർഥ പേരെങ്കിലും സിനിമയ്ക്കു വേണ്ടി ഈയിടെ തന്റെ പേര് പിരിയൻ എന്നു മാറ്റുകയായിരുന്നു.

പിരിയന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തിൽ അമല ഷാജിയെ പിന്തുണച്ചും ആളുകൾ എത്തി. അമലയുടെ പബ്ലിസിറ്റി ആവശ്യമുള്ളതുകൊണ്ടാണ് പിരിയൻ അവരെ സമീപിച്ചതെന്നും പൈസ നൽകാൻ കഴിയില്ലെങ്കിൽ അതിന് ഇങ്ങനെയാണോ മറുപടി പറയേണ്ടതെന്നും ആളുകൾ ചോദിക്കുന്നു.



Source link

Related Articles

Back to top button