INDIALATEST NEWS

രാമക്ഷേത്ര പ്രതിഷ്ഠ: മലക്കം മറിഞ്ഞ് വിഎച്ച്പി; അഡ്വാനിക്കും ജോഷിക്കും ക്ഷണം

ന്യൂഡൽഹി ∙ രാമക്ഷേത്ര നിർമാണ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നീ ബിജെപി നേതാക്കളോട് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനു വരേണ്ടെന്നു പറഞ്ഞ വിശ്വഹിന്ദു പരിഷത്ത് പിന്നീടു മലക്കം മറിഞ്ഞു. 
അഡ്വാനിയോടും ജോഷിയോടും അവരുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജനുവരി 22ന്റെ പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലേക്കു വരേണ്ടെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്ന് ക്ഷേത്രനിർമാണ ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചംപട് റായ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നു. തുടർന്ന് ഇന്നലെ വിഎച്ച്പി രാജ്യാന്തര പ്രസിഡന്റ് ആലോക് കുമാർ ഇരു നേതാക്കളുടെയും വസതിയിലെത്തി ക്ഷണക്കത്ത് കൈമാറി.

ഇരു നേതാക്കളും വരാൻ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പു നൽകിയതായി ആലോക് കുമാർ പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിനുള്ള പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ മുതിർന്ന നേതാക്കളെ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ഷോ’ആക്കിമാറ്റുകയാണെന്ന തരത്തിൽ വരെ അഭിപ്രായമുയർന്നിരുന്നു.

രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ഗതിമാറ്റത്തിന് ഇടയാക്കിയ രാമജന്മഭൂമി പ്രക്ഷോഭം നയിച്ചവരാണ് അഡ്വാനിയും (96) ജോഷിയും (90). ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ നിന്ന് 1990 ൽ അഡ്വാനിയാണു രഥയാത്ര തുടങ്ങിയത്. 1992ൽ ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് ഇരുവരും അയോധ്യയിലുണ്ടായിരുന്നു. ക്ഷേത്രത്തിലെ ഒരുക്കങ്ങൾ അടുത്ത മാസം 15ന് പൂർത്തിയാകുമെന്നും ചംപട് റായ് പറഞ്ഞു.

പ്രതിഷ്ഠാ ചടങ്ങ് 16നു തുടങ്ങി 22ന് അവസാനിക്കും. മണ്ഡൽ പൂജ 24 മുതൽ 28വരെ നടക്കും. 23 മുതൽ ഭക്തർക്കു പ്രവേശനം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി 22ന് മുഖ്യചടങ്ങിൽ പങ്കെടുക്കും. മുൻ പ്രധാനമന്ത്രി ദേവെഗൗഡയെ (90) ചടങ്ങിനു ക്ഷണിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായും റായ് വ്യക്തമാക്കി. 6 ശങ്കരാചാര്യർമാരും 150 സന്യാസിമാരും പ്രതിഷ്ഠയ്ക്കു നേതൃത്വം നൽകും. 4000 സന്യാസിമാരും 2200 വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
ആത്മീയ നേതാക്കളായ ദലൈലാമ, മാതാ അമൃതാനന്ദമയി, ബാബ രാംദേവ്, ചലച്ചിത്ര താരങ്ങളായ രജനീകാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ, വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി തുടങ്ങിയവരെ ക്ഷണിച്ചതായി റായ് പറഞ്ഞു. 

English Summary:
VHP invites LK Advani and Murali Manohar Joshi for consecration ceremony of Ram Temple


Source link

Related Articles

Back to top button