ഇസ്രേലി വ്യോമാക്രമണം: 110 പേർ മരിച്ചതായി ഹമാസ്
ടെൽ അവീവ്: വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാന്പിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 110 പേർ മരിച്ചതായി ഹമാസ് അറിയിച്ചു. ക്യാന്പിനുള്ളിലെ മൂന്നു കെട്ടിടങ്ങളിൽ നാല് റോക്കറ്റുകളാണു പതിച്ചതെന്നു ദൃക്സാക്ഷികളും പ്രാദേശിക മാധ്യമപ്രവർത്തകരും പറഞ്ഞു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ 20- 30 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഒക്ടോബർ ഏഴിനുശേഷം ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപതിനായിരത്തോട് അടുത്തു. ഇതിൽ എഴുപതു ശതമാനവും വനിതകളും കുട്ടികളുമാണ്. ജബലിയയിൽ എന്താണു സംഭവിച്ചതെന്ന് ഇസ്രേലി സേന വ്യക്തമാക്കിയിട്ടില്ല. പക്ഷേ, മേഖലയിൽ ഹമാസ് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതായി അറിയിച്ചിട്ടുണ്ട്. ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാന്പായ ജബലിയയിൽ യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രേലി സേന ആക്രമണം നടത്തുന്നുണ്ട്.
ഇതിനിടെ, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇന്നലെ ഇസ്രയേലിലെത്തി. ഗാസയിൽ വെടിനിർത്തലിന് അന്താരാഷ്ട്ര സമ്മർദം ശക്തമായിരിക്കേയാണു പെന്റഗൺ മേധാവിയുടെ സന്ദർശനം. പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു, പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് എന്നിവരുമായി ഓസ്റ്റിൻ ചർച്ച നടത്തി. വെടിനിർത്തലും ബന്ദികളുടെ മോചനവും സംബന്ധിച്ച് യുഎസ് ചാരസംഘടനയായ സിഐഎയുടെ മേധാവി വില്യം ബേൺസ് പോളിഷ് തലസ്ഥാനമായ വാർസോയിൽ ഇസ്രേലി, ഖത്തർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
Source link