ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം വൈകുന്നേരം 4.30ന്
ഖ്വെബേഹ: ട്വന്റി-20 ക്രിക്കറ്റ് പരന്പര സമനിലയിൽ എത്തിച്ചതിനു പിന്നാലെ ഏകദിന പരന്പര സ്വന്തമാക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ന് കളത്തിൽ. ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിന പോരാട്ടം ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 4.30ന് ഖ്വെബേഹയിൽ നടക്കും. പഴയ പോർട്ട് എലിസബത്താണ് ഇപ്പോൾ ഖ്വെബേഹ എന്നറിയപ്പെടുന്നത്. ജോഹന്നാസ്ബർഗിലെ ആദ്യ ഏകദിനത്തിൽ എട്ട് വിക്കറ്റിന്റെ വണ്ടർ ജയം ഇന്ത്യൻ യുവ സംഘം സ്വന്തമാക്കിയിരുന്നു. കൂറ്റൻ സ്കോർ പ്രതീക്ഷിച്ച് ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാരായ അർഷദീപ് സിംഗും ആവേശ് ഖാനും ചേർന്ന് 116 റണ്സിന് എറിഞ്ഞിട്ടു. അരങ്ങേറ്റക്കാരൻ സായ് സുദർശന്റെയും (55*) ശ്രേയസ് അയ്യറിന്റെയും (52) അർധസെഞ്ചുറി മികവിൽ ഇന്ത്യ ലക്ഷ്യം നേടുകയും ചെയ്തു.
ശ്രേയസ് ഇല്ല രണ്ട്, മൂന്ന് ഏകദിനങ്ങളിൽ ഇന്ത്യൻ ടീമിനൊപ്പം ശ്രേയസ് അയ്യർ ഇല്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരന്പരയ്ക്കു തയാറെടുക്കുന്നതിനുവേണ്ടിയാണ് ശ്രേയസ് അയ്യറിനെ ഒഴിവാക്കിയത്. ശ്രേയസ് അയ്യറിന്റെ അഭാവത്തിൽ വെടിക്കെട്ട് ബാറ്ററായ റിങ്കു സിംഗ് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇന്ന് ജയിച്ച് പരന്പര സജീവമായി നിലനിർത്തുക എന്ന ലക്ഷ്യമാണ് എയ്ഡൻ മാർക്രത്തിന്റെ ക്യാപ്റ്റൻസിയിലിറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.
Source link