ചരിത്രനേട്ടത്തിൽ ബ്രൈറ്റണ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റണ് ആൻഡ് ഹോവ് ആൻബിയോണ് ചരിത്ര നേട്ടത്തിൽ. യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ പ്രവേശിച്ചാണ് ക്ലബ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ക്ലബ്ബിന്റെ 122 വർഷ ചരിത്രത്തിനിടെ ആദ്യമായാണ് ഒരു യൂറോപ്പ് പോരാട്ടത്തിൽ എത്തുന്നതും പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നതും. യൂറോപ്പ ലീഗ് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയെ 1-0നു കീഴടക്കിയാണ് ബ്രൈറ്റണ് പ്രീക്വാർട്ടർ ടിക്കറ്റെടുത്തത്. ജയത്തോടെ ആറ് മത്സരങ്ങളിൽ 13 പോയിന്റുമായി ഇംഗ്ലീഷ് ക്ലബ് ഗ്രൂപ്പ് ചാന്പ്യന്മാരായി. ഗ്രൂപ്പ് ചാന്പ്യന്മാരാണ് യൂറോപ്പ ലീഗിൽ നേരിട്ട് പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നത്.
ജയിച്ചാൽ മാത്രം പ്രീക്വാർട്ടർ എന്ന അവസ്ഥയിൽ ഹോംഗ്രൗണ്ട് പോരാട്ടത്തിനിറങ്ങിയ ബ്രൈറ്റണിനായി 88-ാം മിനിറ്റിൽ ബ്രസീൽ താരമായ ജോവോ പെഡ്രൊ ലക്ഷ്യം കണ്ടു. 11 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മാഴ്സെ പ്ലേ ഓഫ് യോഗ്യത നേടിയിട്ടുണ്ട്. അതേസമയം, ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ 1-2ന് ബെൽജിയത്തിൽനിന്നുള്ള യൂണിയൻ സെന്റ് ഗില്ലോയിസിനോട് പരാജയപ്പെട്ടു. ലിവർപൂൾ നേരത്തേ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു. വെസ്റ്റ് ഹാം, റെയ്ഞ്ചേഴ്സ്, അത്ലാന്ത, വിയ്യാറയൽ, സ്ലാവിയ പ്രാഗ്, ലെവർകൂസൻ എന്നിവരും ഗ്രൂപ്പ് ചാന്പ്യന്മാരായി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
Source link