സിനിമ ഒരു മാജിക് റെസിപ്പി; എന്നെപ്പറ്റി മോശം പറഞ്ഞാലും പരാതിയില്ല: മോഹൻലാൽ
ജീത്തു ജോസഫിന്റെ സിനിമയെന്നു കരുതി ‘നേരി’നെ ‘ദൃശ്യ’വുമായി താരതമ്യം ചെയ്യരുതെന്ന് മോഹൻലാൽ. നേര് ഒരു കോർട്ട് റൂം ഡ്രാമയാണ്. ദൃശ്യം അല്ല നേര്. കോടതിമുറിയിലെ വാദപ്രതിവാദങ്ങളാണ് സിനിമയിലെ വിഷയം. തന്റെ സിനിമകൾ വിജയിക്കുന്നതിനു പിന്നിൽ താൻ മാത്രമല്ലെന്നും പല ഘടകങ്ങൾ ഒരുപോലെ പ്രവർത്തിക്കുമ്പോഴാണ് നല്ല സിനിമകളുണ്ടാകുന്നതെന്നും മോഹൻലാൽ പറയുന്നു. തന്നെ ചീത്ത പറയുന്നവരോട് പരിഭവമില്ല എന്നു പറയുന്ന മോഹൻലാൽ, ആരെങ്കിലും ചീത്ത പറഞ്ഞാൽ തീരുന്നതല്ല 46 വർഷമായി മോഹൻലാൽ എന്ന നടൻ ഉണ്ടാക്കിയ സിനിമാ ചരിത്രമെന്നും പറയുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
കോടതിമുറിയിൽ വാദം ഇതാദ്യം
സിനിമയുടെ പേര് തന്നെ നേര്, സീക്കിങ് ജസ്റ്റിസ് എന്നാണ്, ഒരു ഇമോഷനൽ കോർട്ട് റൂം ഡ്രാമ ആണ്. ഒരു നടൻ എന്ന നിലയിൽ വക്കീൽ വേഷം അധികം ചെയ്തിട്ടില്ല, ഹരികൃഷ്ണൻസ്, അധിപൻ, ജനകൻ അങ്ങനെ സിനിമകളേ ഉള്ളൂ. അതിലൊന്നും കോടതി മുറിയിൽ പോയി വാദിക്കുന്നത് അധികമില്ല. ഈ സിനിമയിൽ നായകൻ വക്കീലാണ്. കോടതിയിൽ പോയി ഒരുപാട് കാര്യങ്ങൾ ചെയ്യണം. സാധാരണ ഒരു സിനിമ ചെയ്യുന്നതുപോലെയല്ല. കാരണം കോടതിക്ക് ഒരു അച്ചടക്കമുണ്ട്. അതൊക്കെ കറക്ടായി ചെയ്യണം. ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് അതൊക്കെ പുതിയ അനുഭവമാണ്. ഒരുപക്ഷേ കാണുന്ന ആൾക്കാർക്കും അങ്ങനെ ആയിരിക്കും. വലിയ അവകാശവാദമൊന്നുമില്ലാത്ത സാധാരണ ആളാണ് നായകൻ. ആത്മവിശ്വാസമില്ല എന്നുപറഞ്ഞാണ് സിനിമ തുടങ്ങുന്നത് തന്നെ. പക്ഷേ അതിൽനിന്ന് അയാൾ എങ്ങനെയാണ് ഒരു സത്യം കണ്ടെത്തുക എന്നതാണ് പറയുന്നത്.
നേരും ദൃശ്യവും വ്യത്യസ്തമായ സിനിമകൾ
ജീത്തുവിന്റെ സിനിമകളൊക്കെ ഡയറക്ടർ ബ്രില്ല്യൻസ് ആണ്. ഒരു അഭിനേതാവ് എന്ന നിലയിൽ അതിന്റെ കൂടെ നിന്നു കൊടുക്കുക എന്നുള്ളതാണ് ഞാൻ ചെയ്യുന്നത്. ദൃശ്യം എന്ന സിനിമയിൽനിന്നു പൂർണമായും വ്യത്യസ്തമാണ് നേര്. ദൃശ്യം ഒരു ഗ്രാമത്തിൽ കുടുംബമായി ജീവിക്കുന്ന ഒരു സാധാരണ കുടുംബനാഥന്റെ കഥയാണ്. ഇത് നേരെ തിരിച്ചാണ്. നായകൻ ഒരു വക്കീൽ ആണ്. അയാൾക്ക് വലിയ അത്യാഗ്രഹങ്ങളൊന്നുമില്ല, ഇത് നഗരത്തിൽ നടക്കുന്ന ഒരു കഥയാണ്. ദൃശ്യത്തിൽ ജോർജുകുട്ടിയിൽ ഒരു ക്രിമിനൽ ഉണ്ട്. ഇവിടെ വക്കീലിന്റെ കക്ഷിയെ രക്ഷിക്കാനുള്ള ക്രിമിനൽ ബുദ്ധിയാണ്. രണ്ടുപേരും രണ്ടു രീതിയിൽ ആണ് ചിന്തിക്കുന്നത്. നേരിലെ വിജയമോഹനും ദൃശ്യത്തിലെ ജോർജുകുട്ടിയും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. അതുകൊണ്ടാണ് നേരിൽ നമുക്ക് താൽപര്യം ഉണ്ടാകുന്നത്.
നേര് ഒരു ഇമോഷനൽ ഡ്രാമ
വിജയിക്കുന്ന ഏതൊരു സിനിമയുടെ പിന്നിലും ഇമോഷൻ എന്നത് വലിയൊരു ഘടകമാണ്. ചുമ്മാതെ ഒരു സിനിമ വിജയിക്കില്ലല്ലോ. ഏത് വലിയ മാസ് സിനിമ എന്ന് പറഞ്ഞാലും അതിൽ ഒരു ഇമോഷൻ ഉണ്ട്. ഇത് “ഒരു ഇമോഷനൽ ഡ്രാമ ” എന്നാണ് നമ്മൾ പേര് തന്നെ കൊടുത്തിരിക്കുന്നത്. ആൾക്കാർക്ക് തീർച്ചയായും ഇമോഷൻ എന്നത് വർക്ഔട് ആകും. ഒരു സോഷ്യൽ കമ്മിറ്റ്മെന്റ് ഉള്ള സിനിമ കൂടിയാണിത്. എന്തിനു വേണ്ടിയാണ് ഈ സിനിമ എന്നത് വലിയൊരു ഘടകമാണ്. വളരെ സാധാരണക്കാരനായ ഒരാളുടെ ജീവിതത്തിൽ നടന്ന ഒരു കഥയാണ്. അത് അങ്ങനെ തേഞ്ഞുമാഞ്ഞു വേണമെങ്കിൽ പോകാം. പക്ഷേ വളരെ സാധാരണക്കാരനായ മറ്റൊരാൾ അതിൽ ഒരു സത്യമുണ്ടെന്നു മനസ്സിലാക്കി അതു തെളിയിക്കാൻ ശ്രമിക്കുന്നു. ആളുകൾക്ക് ഉറപ്പായും ഇത് റിലേറ്റ് ചെയ്യാൻ പറ്റും. ഇത് തെളിയിക്കുന്നതെങ്ങനെ എന്നത് വലിയൊരു ചാലഞ്ച് ആണ്. ഒരു കുറ്റം കണ്ടുപിടിക്കാൻ എന്തെങ്കിലും തെളിവ് അവർ അവശേഷിപ്പിക്കും എന്നാണ് പറയുന്നത്. പക്ഷേ ഇവിടെ ഒന്നുമില്ലാത്തയിടത്തുനിന്ന് ഒരു കാര്യം കണ്ടുപിടിക്കുക എന്നതിന് ഒരു ബ്രില്യൻസ് ഉണ്ട്. അത് തിരക്കഥയുടെ ബ്രില്യൻസ് തന്നെയാണ്.
അവകാശവാദങ്ങളില്ലാത്ത നായകൻ
നേരിലെ നായകൻ ആദ്യമേ പറയുന്നുണ്ട്, ‘എനിക്ക് അവകാശവാദങ്ങളൊന്നുമില്ല. ഞാൻ ഒരു കേസ് ഏറ്റെടുത്തിട്ട് ഒരുപാടു നാളായി’. അദ്ദേഹം നിസ്സഹായനായ ഒരാളാണ്. പക്ഷേ അദ്ദേഹം എന്തുകൊണ്ട് ഈ കേസ് എടുക്കുന്നു എന്നത് നല്ലൊരു സിനിമയിലേക്കുള്ള പോക്കാണ്. കഥ ഇനി പറഞ്ഞാൽ സിനിമയുടെ രസം പോകും.
സിനിമകളുടെ വിജയപരാജയങ്ങൾ പ്രവചിക്കാൻ പറ്റില്ല
ദൃശ്യം 2 എന്നത് ഒടിടിയിലേക്ക് എടുത്ത സിനിമയാണ്. അന്ന് വേറെ നിവൃത്തിയില്ല. ആ സമയത്ത് നമ്മൾ വേറെ സിനിമകളും എടുത്തിരുന്നു. മരക്കാർ പോലും ഒടിടിയിൽ കൊടുക്കാൻ പോയതാണ്. നമുക്ക് വേണമെങ്കിൽ സിനിമ ചെയ്യാതിരിക്കാം. പക്ഷേ നമ്മുടെ കൂടെ ഒരു പത്തുമുന്നൂറ് ആൾക്കാർ ജോലി ചെയ്യുന്നുണ്ട്. അവർക്ക് വേണ്ടി ഞങ്ങൾ രണ്ടുമൂന്ന് സിനിമകൾ എടുത്തു, അതെല്ലാം ഒടിടിക്കു വേണ്ടി എടുത്തതാണ്. പിന്നെ അതൊക്കെ തിയറ്ററിലേക്കും വന്നു. ഒരുപാടുപേരെ സഹായിക്കാനാണ് അന്ന് സിനിമകൾ ചെയ്തത്. സിനിമകളുടെ വിജയപരാജയങ്ങൾ ഒന്നും പ്രവചിക്കാൻ പറ്റില്ല. എത്രയോ വലിയ സംവിധായകരുടെയും നടന്മാരുടേയും സിനിമകൾ പരാജയപ്പെട്ടിട്ടുണ്ട്. സിനിമ എന്നത് ഒരു മാജിക് റെസിപ്പി ആണ്. ഏറ്റവും നല്ല സിനിമ ആകണേ എന്ന് ആഗ്രഹിച്ചാണ് നമ്മൾ സിനിമ ചെയ്യുന്നത്.
ഈ നേര് പോലും നാളെ റിലീസ് ആകുമ്പോൾ, നിങ്ങൾ പറഞ്ഞതൊന്നും ഇല്ലല്ലോ എന്ന് ചോദിച്ചാൽ എനിക്കതിന് മറുപടി ഇല്ല. നമ്മുടെ കാഴ്ചപ്പാടാണ് കാണിക്കുന്നത്. ഒരു സിനിമ എടുത്തിട്ട് അത് നൂറു ദിവസം ഓടും എന്നൊന്നും പറയാൻ പറ്റില്ല. വളരെ മോശം സിനിമ കണ്ടിട്ട്, ഇതെങ്ങനെ ഓടുന്നു എന്ന് ചോദിക്കുന്ന സിനിമകൾ ഉണ്ട്. പക്ഷേ ആ സിനിമയ്ക്കകത്തും എന്തെങ്കിലും കാണും. ഞാൻ ചെയ്തത് ശരിയാകും എന്നൊന്നും ഞാൻ പറയുന്നില്ല എത്രയോ സിനിമകൾ മോശം ആയിട്ടുണ്ട്. കഥ കേൾക്കുമ്പോൾ നന്നായി വരും എന്ന് തോന്നും,. ഓരോ സിനിമയ്ക്കും ഒരു ഭാഗ്യമുണ്ട്, ഒരു ജാതകമുണ്ട് എന്നൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിന് എന്തോ ഒരു മാജിക് റെസിപ്പി ഉണ്ട്, അത്തരം സിനിമകൾ ആണ് വിജയിക്കുന്നത്. ഒരു നടൻ എന്ന നിലയിൽ എന്റെ ജോലി എന്നത് എനിക്ക് വരുന്ന സിനിമകൾ മാക്സിമം ചെയ്യാൻ നോക്കുകയാണ്. അല്ലെങ്കിൽ ചെയ്യാതിരിക്കും. വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്യുക എന്ന് കരുതണം. അങ്ങനെ കരുതാൻ പറ്റില്ലല്ലോ.
ചീത്ത പറഞ്ഞാൽ തീരുന്നതല്ല മോഹൻലാലിന്റെ 46 വർഷത്തെ സിനിമാ ചരിത്രം
എന്നെ ഒരാൾ മോശം പറയുന്നതിൽ എനിക്കൊരു പരാതിയും ഇല്ല. കഴിഞ്ഞ 46 വർഷമായി ഞാൻ മലയാള സിനിമയിൽ എന്തൊക്കെ ചെയ്തു എന്നതും അതിന്റെ പുറകിൽ ഉണ്ടല്ലോ. ഒരു സിനിമ കൊണ്ടല്ലല്ലോ ഒരാളെ അളക്കേണ്ടത്. അടുത്ത രണ്ടുമൂന്നു സിനിമ വളരെ വിജയകരമായാൽ ഈ പറഞ്ഞതെല്ലാം മാറുമോ. അങ്ങനെ ഒരു സിനിമയിൽ മോശമായിപ്പോയി എന്ന് കരുതി ഒരാളെ മോശം പറയാൻ പാടില്ല. സിനിമ പരാജയപ്പെടാൻ കാരണം ഞാൻ മാത്രം അല്ലല്ലോ. ചിലപ്പോ അതിന്റെ കഥ ആയിരിക്കും അത് ചെയ്ത രീതി ആയിരിക്കും. പഴി പറഞ്ഞു എന്നു കരുതി കരയാനും സിനിമ ചെയ്യാതിരിക്കാനും ഒന്നും പറ്റില്ലല്ലോ. അതിന്റെ സമയമൊക്കെ കഴിഞ്ഞു. എന്നെ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി അതിനെപ്പറ്റി വിഷമിക്കാൻ സമയമെനിക്കില്ല. അതിനേക്കാൾ കൂടുതൽ എന്തെല്ലാം കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്.
സന്തോഷമായിരിക്കുക. അല്ലാതെ മറ്റുള്ളവരെപ്പറ്റി ഓർത്തിരിക്കുന്നത് എന്തിനാണ്. ഭയങ്കര പ്ലാൻഡ് ആയിട്ട് ജീവിക്കുന്ന ആളൊന്നുമല്ല ഞാൻ. ഇത്രയും വർഷം സിനിമ ചെയ്തിട്ട് ഇത് മോഹൻലാൽ ആണെന്ന് തെളിയിക്കേണ്ട കാര്യമൊന്നും എനിക്കില്ല. അഹങ്കാരത്തോടെ പറയുകയല്ല, സത്യസന്ധമായി പറയുകയാണ്. ഒന്നുകിൽ ആളുകൾ പറയുന്നത് കേട്ട് സിനിമ ചെയ്തുകൊണ്ടിരിക്കാം. അല്ലെങ്കിൽ ചെയ്യാതിരിക്കാം. ഈ രണ്ടു ചോയ്‌സ് മാത്രമേ ഉള്ളൂ. ലോകത്തുള്ള എല്ലാ നടന്റെയും ആശയക്കുഴപ്പമായിരിക്കും ഇത്. എന്തായാലും നേര് കണ്ടിട്ട് എന്തിനാണ് ഈ സിനിമയിൽ അഭിനയിച്ചത് എന്ന് ചോദിക്കേണ്ടി വരില്ല.
Source link