ആക്രമണം സിക്ക് ഭീകരൻ പന്നുവിന്റെ ഭീഷണിക്കിടെ
ന്യൂയോർക്ക്: ഇന്നലെ പാർലമെന്റ് മന്ദിരത്തിലുണ്ടായ കനത്ത സുരക്ഷാവീഴ്ച ഖലിസ്ഥാൻ ഭീകരനും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സിക്ക്സ് ഫോർ ജസ്റ്റീസ് സംഘടനയുടെ നേതാവുമായ ഗുർപാത്സിംഗ് പന്നുവിന്റെ ഭീഷണി നിലനിൽക്കുന്പോഴാണ്. ഇന്ത്യൻ ഏജൻസികൾ യുഎസിൽവച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ഇതിനു പ്രതികാരമായി ഈമാസം 13നുമുന്പ് ഇന്ത്യൻ പാർലമെന്റ് മന്ദിരം ആക്രമിക്കുമെന്നും പന്നു വീഡിയോയിലൂടെ ഭീഷണി മുഴക്കിയിരുന്നു. ഖലിസ്ഥാന്റെ പേരിൽ ഹിതപരിശോധന നടത്തിയതിന് മോദി സർക്കാർ തന്നെ കൊലപ്പെടുത്താൻ ആളെ ഏർപ്പാട് ചെയ്തതായും പന്നു ആരോപിച്ചിരുന്നു. എന്നാൽ, ഇത്തരം വിധ്വംസക പ്രവർത്തകരുടെ ഭീഷണികൾക്ക് അമിത പ്രാധാന്യം നൽകി അവർക്കു വലിയ വിശ്വാസ്യത നൽകാൻ താത്പര്യമില്ലെന്നും എന്നാൽ ഭീഷണിയെ നിസാരമായി കാണുന്നില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദാം ബാഗ്ചി പ്രതികരിക്കുകയും ചെയ്തിരുന്നു.
2020ലാണ് പന്നുവിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ളയാണു ഇയാൾ. എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർ അപകടത്തിലാണെന്നു പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ഭീഷണിയുടെ പേരിൽ കഴിഞ്ഞ മാസം 20ന് എൻഐഎ ഇയാൾക്കെതിരേ കേസെടുത്തിരുന്നു. ഇന്ത്യക്കെതിരായ വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ പന്നുവിനെ വിട്ടുതരാൻ ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾ നടത്തിയ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെ വിവരങ്ങളും രേഖകളും കൈമാറുകയും ചെയ്തു. പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചന അമേരിക്ക പരാജയപ്പെടുത്തിയതായും സംഭവത്തിൽ ഇന്ത്യക്ക് അമേരിക്ക മുന്നറിയിപ്പു നൽകിയതായും അമേരിക്കൻ മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
Source link