സാധാരണക്കാർക്ക് സഭാ ഗാലറിയിലെത്താൻ എംപിയുടെ അപേക്ഷ, പൊലീസ് ക്ലിയറൻസ്; തുടരെ ദേഹപരിശോധന
ന്യൂഡൽഹി ∙ ഏതു സമയത്തും പാർലമെന്റ് വളപ്പിലും മന്ദിരത്തിലും ഇരുസഭകളുടെയും സന്ദർശക ഗാലറിയിലും സാധാരണക്കാർക്കു പ്രവേശിക്കാൻ സുരക്ഷാവ്യവസ്ഥകളുണ്ട്. സമ്മേളനങ്ങൾ നടക്കുമ്പോൾ പാസിനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കും.
സന്ദർശക ഗാലറിയിൽ പ്രവേശനം അനുവദിക്കുന്നത് ഇങ്ങനെ:
∙ എംപി മുഖേനയാണ് പാസ് ലഭിക്കുക. വ്യക്തിയെ നേരിട്ടു പരിചയമുണ്ടെന്നും അയാളുടെ ഉത്തരവാദിത്തം തനിക്കുണ്ടെന്നും സാക്ഷ്യപ്പെടുത്തിയാണ് എംപി ശുപാർശ ചെയ്യുക.
∙ 2 തരത്തിലുള്ള പാസ്: 24 മണിക്കൂർ മുൻപു നൽകുന്ന അപേക്ഷയനുസരിച്ചു നൽകുന്നത്, 2 മണിക്കൂർ കൊണ്ട് അനുവദിക്കുന്ന അടിയന്തര പാസ്.
∙ ഓരോ എംപിക്കും അതതു ദിവസത്തേക്ക് ഒരാൾക്കും തലേന്ന് നൽകിയാൽ 2 പേർക്കും പാസ് അനുവദിക്കും. (സ്പീക്കറുടെ ഓഫിസിൽ നിന്നോ മന്ത്രിമാരുടെ ഓഫിസിൽ നിന്നോ പ്രത്യേകാനുമതി വാങ്ങി സംഘമായി എത്തുന്നവരുമുണ്ട്).
∙ പാസ് അനുവദിക്കുംമുൻപ് അപേക്ഷകരെ സംബന്ധിച്ച് ലോക്കൽ പൊലീസ് ദ്രുതപരിശോധന നടത്തും. അപേക്ഷകരുടെ പശ്ചാത്തലം ഇലക്ട്രോണിക് സംവിധാനത്തിലൂടെ പരിശോധിക്കുകയാണ് പൊലീസ് ചെയ്യുക.
∙ അപേക്ഷ ലോക്സഭാംഗം വഴിയെങ്കിൽ അവിടേക്കും (പച്ച നിറത്തിലുള്ളത്) രാജ്യസഭാംഗം വഴി രാജ്യസഭയിലേക്കുമാണ് (ചുവന്ന പാസ്) പ്രവേശനം അനുവദിക്കുക.
∙ ലഭിച്ച പാസും അംഗീകൃത തിരിച്ചറിയൽ രേഖയുമായി 2 മണിക്കൂർ മുൻപെങ്കിലും പാർലമെന്റിൽ എത്തണം. മൊബൈൽ ഫോൺ, ബാഗ്, പഴ്സ് എന്നിവ പാടില്ല.
∙ പ്രധാന റിസപ്ഷൻ ഗേറ്റ് വഴിയാണു സന്ദർശകരുടെ പ്രവേശനം. ആദ്യ സുരക്ഷാപരിശോധന ഇവിടെ നടക്കും. സുരക്ഷാ ഉദ്യോഗസ്ഥൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുൾപ്പെടെ ദേഹപരിശോധന നടത്തും. തുടർന്നാണ് പാർലമെന്റ് വളപ്പിലേക്ക് പ്രവേശനം.
∙ 2 വാതിലുകളിലൂടെയാണു സന്ദർശകരുടെ പ്രവേശനം. രാജ്യസഭയിലേക്കെങ്കിൽ ശാർദുൽ ദ്വാർ, ലോക്സഭയിലേക്കെങ്കിൽ ഗരുഡ് ദ്വാർ.
∙ പ്രധാന മന്ദിരത്തിന്റെ വാതിൽക്കൽ വീണ്ടും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുൾപ്പെടെ ദേഹപരിശോധനയും പാസ് പരിശോധനയുമുണ്ട്.
∙ ഗാലറിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാവും. അവരുടെ നിർദേശാനുസരണം, ഇരുന്നാണു സന്ദർശകർ സഭാ നടപടികൾ കാണേണ്ടത്.
∙ പാസ് പ്രകാരം പരമാവധി 45 മിനിറ്റ് ഗാലറിയിൽ ഇരിക്കാം. സഭ പിരിയുകയോ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയോ ചെയ്താൽ മടങ്ങണം.
Source link