ഒരു സംഭവം വരുന്നുണ്ട്, അതാണ് എൽസിയുവിന്റെ തുടക്കം: വമ്പൻ വെളിപ്പെടുത്തലുമായി നരേൻ
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സുമായി ബന്ധപ്പെടുത്താൻ കഴിയുന്ന ഒരു ഹ്രസ്വ ചിത്രം ലോകേഷ് കനകരാജിനൊപ്പം പൂർത്തിയാക്കിയതായി അറിയിച്ച് നടൻ നരേൻ. കൈതി രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ഉറപ്പായും കൈതിയുടെ രണ്ടാംഭാഗം ഉണ്ടാകും അതാണ് എൽസിയുവിൽ അടുത്തതായി വരുന്നത് എന്ന് നരേൻ പറഞ്ഞു.
‘‘ഉറപ്പായിട്ടും കൈതിയുടെ രണ്ടാം ഭാഗം ഉണ്ടാകും. എൽസിയുവിൽ അടുത്തതായി അതാണ് വരുന്നത്. അതിനിടയിൽ ഒരു സംഭവം ഉണ്ട്, അത് പുറത്തു പറഞ്ഞിട്ടില്ല. ഞാൻ ഒരു ഷോർട് ഫിലിം ചെയ്തു. ലോകേഷും ഞാനും കൂടി ചേർന്ന് ചെയ്തിരിക്കുന്നത്. ഒരു 10 മിനിറ്റ് ഷോർട്ട് ഫിലിം ആണ്. അതിന് എൽസിയുവുമായി ബന്ധമുണ്ട്. അതാണ് എൽസിയുവിന്റെ തുടക്കം. അതിപ്പോൾ അധികം താമസിയാതെ വരും.’’ നരേൻ പറഞ്ഞു.
നരേനും മീര ജാസ്മിനും ഒന്നിക്കുന്ന ‘ക്വീൻ എലിസബത്ത്’ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി കോതമംഗലം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിൽ എത്തിയതായിരുന്നു താരം. 15 വർഷങ്ങൾക്കു ശേഷം നടൻ നരേനും മീര ജാസ്മിനും വീണ്ടും ഒന്നിക്കുന്ന ക്വീൻ എലിസബത്ത് സംവിധാനം ചെയ്യുന്നത് എം. പത്മകുമാർ ആണ്. വെള്ളം, അപ്പൻ, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ഹിറ്റുകൾ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
English Summary:
Narain Lokesh Kanagaraj done a short film together (10 mins duration) – based on LCU begining
Source link