വനിതാ ബാസ്കറ്റ് ടീമിന് ദുരിതയാത്ര
കാസർഗോഡ്: പഞ്ചാബിലെ ലുധിയാനയിൽ നടന്ന 73-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ റണ്ണർഅപ്പായ കേരളത്തിന്റെ വനിതാ ടീമംഗങ്ങൾക്ക് അധികൃതർ ഒരുക്കിയത് നരകതുല്യമായ ട്രെയിൻ യാത്ര. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് ലുധിയാനയിൽനിന്ന് 12 അംഗ ടീം ട്രെയിൻ കയറിയത്. സ്ലീപ്പർ ക്ലാസ് ടിക്കറ്റാണ് ബാസ്കറ്റ്ബോൾ അസോസിയേഷൻ ബുക്ക് ചെയ്തത്. ഉത്തരേന്ത്യയിൽ ജനറൽ ടിക്കറ്റുകാരും ടിക്കറ്റ് ഇല്ലാത്തവർ പോലും സ്ലീപ്പർ കന്പാർട്ട്മെന്റിലേക്ക് ഇരച്ചുകയറുന്നത് നിത്യസംഭവമാണ്. ഇവിടെയും അതു സംഭവിച്ചു. സീറ്റിനായി മറ്റുള്ളവരോട് തർക്കിക്കുകയും കേഴുകയും ചെയ്യേണ്ട അവസ്ഥയായി കേരള താരങ്ങൾക്ക്. ടോയ്ലറ്റിൽ പോലും പോകാൻ പറ്റാത്ത അവസ്ഥ. ടീമിനായി ബാസ്കറ്റ്ബോൾ അസോസിയേഷൻ സ്ഥിരമായി സ്ലീപ്പർ ടിക്കറ്റുകളാണ് ബുക്ക് ചെയ്യാറുള്ളത്. ഇതിന്റെ യാത്രാദുരിതം നന്നായിട്ടറിയാവുന്ന വനിതാ താരങ്ങൾ സ്വന്തം കൈയിൽനിന്നും പണം മുടക്കി തേർഡ് എസി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
എന്നാൽ അസോസിയേഷൻ ഭാരവാഹികൾ അത് സമ്മതിക്കാത്തതിനാൽ ടിക്കറ്റ് കാൻസൽ ചെയ്ത് സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യാൻ നിർബന്ധിതരാവുകയായിരുന്നു. ബാസ്കറ്റ്ബോൾ അസോസിയേഷൻ 2019 മുതൽ നൽകിയിട്ടുള്ള 23 ലക്ഷത്തോളം രൂപയുടെ ബിൽ സർക്കാർ ഇതുവരെ പാസാക്കിയിട്ടില്ല. ഒക്ടോബറിൽ നടന്ന ദേശീയ ഗെയിംസിൽ സ്വർണ മെഡൽ ജേതാക്കളായ കേരളത്തിന് രണ്ടു ലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതുവരെയും അതു കൊടുത്തിട്ടില്ല. അതേസമയം, വെള്ളി മെഡൽ ജേതാക്കളായ കർണാടക ടീമിന് അവിടത്തെ സർക്കാർ പ്രഖ്യാപിച്ച മൂന്നു ലക്ഷം അവർ കൊടുത്തുകഴിഞ്ഞു. സ്വർണമെഡലിന് അഞ്ചു ലക്ഷമാണ് കർണാടക പ്രഖ്യാപിച്ചിരുന്നത്.
Source link